Categories
Amma

അനന്തഭാവശാലിനി

അമ്മയുടെ 35-ാം ജന്മദിനത്തിന് രണ്ടുദിവസം മുൻപ് അമ്മയോടൊപ്പം കഴിയാൻ ഭാഗ്യം ലഭിച്ച ഏതാനും മണിക്കൂറുകളിലെ ആ ഭാവാതീതയുടെ വിവിധ ഭാവങ്ങൾ പകർത്താനുള്ള ശ്രമമാണിതിൽ.

(അമ്മയോടൊപ്പം കഴിയാൻ ഭാഗ്യം ലഭിച്ച ഏതാനും മണിക്കൂറുകളിലെ ആ ഭാവാതീതയുടെ വിവിധ ഭാവങ്ങൾ പകർത്താനുള്ള ശ്രമമാണിതിൽ. 1990 ഒക്ടോബർ മാതൃവാണിയിൽ പ്രസിദ്ധീകരിച്ചത്. read english translation from this link here )

അമ്മയുടെ 35-ാം ജന്മദിനത്തിന് രണ്ടുദിവസം കൂടിയുണ്ട്. സമയം കാലത്ത് 9.30. കുടിലിൽ കുട്ടികളുടെ ഭജന നടക്കുന്നു. ഇന്നലത്തെ ഭാവദർശനം കഴിഞ്ഞപ്പോൾ വളരെ വൈകിയിരുന്നു, എങ്കിലും പതിവിലും നേരത്തെ തന്നെ അമ്മ ദർശനത്തിനായി എത്തി. സാരി കഴുത്തിൽ ചുറ്റികെട്ടിയിരിക്കുന്നു. തലമുടി ഉച്ചിയിലും . ലളിതാംബികയായി, ശാന്ത സ്വരൂപിണിയായി ഇന്നലെ ഭാവദർശനത്തിന് കണ്ട അമ്മയല്ല. ഇപ്പോൾ, കൊച്ചുകുട്ടികളുടേതുപോലെ  പുഞ്ചിരിയും ചുറുചുറുക്കും. 

“കൊച്ചുമക്കളുടെ ഭജന കേട്ടിട്ട് നൃത്തം ചെയ്യാൻ തോന്നുന്നു. നല്ല ഏകാഗ്രതയോടെ പാടുന്നു. കേട്ടിട്ട്, അവിടെ ഇരിക്കാൻ സാധിച്ചില്ല. കുളിച്ചു കൂടിയില്ല. അമ്മ ഓടി പോന്നതാ”, അമ്മ മൊഴിഞ്ഞു.  ഓരോരുത്തരായി അമ്മയെ വന്നു നമസ്കരിച്ചു. വാത്സല്യത്താൽ അമ്മ അവരെ മാറോടണച്ചു തഴുകി . ഭക്തിയോടെയുള്ള കുഞ്ഞുങ്ങളുടെ ഭജന കേട്ട് ഏകദേശം രണ്ടു മിനിറ്റോളം അമ്മ ധ്യാനമഗ്നയായി. സൗന്ദര്യമിയന്ന ആ മുഖകമലത്തിലേക്ക് നോക്കി സർവ്വരും നിർന്നിമേഷരായിരുന്നു.  

ഒരു ഭക്ത, തന്റെ മകൾക്ക് വരനായി അമ്മയുടെ ഒരു വലിയ ഭക്തനെ വേണമെന്ന് പ്രാർത്ഥിക്കുന്നു. 

“വലിയ ഭക്തനെയോ ? ശിവ ! ശിവ ! അവർ എന്നോട് കെട്ടഴിക്കാൻ വന്നിട്ട് കെട്ടിച്ചു കൊടുക്കുകയാണോ എന്ന് ചോദിക്കും” 

അവരുടെ മകളാകട്ടെ കല്യാണമേ വേണ്ട എന്ന് പറഞ്ഞു കരയുന്നു . 

“പണ്ടുകാലത്ത് ഗൃഹസ്ഥാശ്രമം കഴിഞ്ഞിട്ടായിരുന്നു സന്യാസം. ഗൃഹസ്ഥാശ്രമത്തിൽ നിന്ന് ക്ഷമയും പക്വതയും വരുന്നു.  ഗൃഹ സ്ഥാശ്രമത്തിനുശേഷം സന്യാസം സ്വീകരിക്കുന്നു. ഗൃഹസ്ഥാശ്രമം നല്ലതാണ്. ഗൃഹസ്ഥനായാൽ പോരാ ഗൃഹസ്ഥാശ്രമിയായി  ജീവിക്കണം” 

മറ്റൊരു ഭക്ത തന്റെ മകനുമായി അമ്മയുടെ അരികത്തു വന്നു . “അമ്മേ ഇവന് നല്ല ബുദ്ധിയുണ്ട്. പക്ഷേ പഠിക്കില്ല. നാമം ചൊല്ലില്ല. ആരെയും അനുസരിക്കില്ല. അവന് നല്ല ബുദ്ധി കൊടുക്കണേ”. 

അമ്മ ആ കുട്ടിയെ അരികിൽ വിളിച്ച് വളരെ വാത്സല്യപൂർവ്വം, “പൊന്നു മോനെ നാമം ചൊല്ലിയില്ലെങ്കിലും വേണ്ട സ്നേഹത്തോടെയുള്ള ചിരി, നല്ല വാക്ക് ഇതൊക്കെയാണ് പ്രാർത്ഥന.  എല്ലാവരെയും സ്നേഹിക്കുക. ദേഷ്യം തോന്നിയാൽ പോയി മാപ്പ് ചോദിക്കുക. അതാണ് വേണ്ടത് മോനെ.”

 “ത്യാഗേനൈകേ അമൃതത്വ മാനശു : എന്നു ജപിച്ചിരുന്നാൽ ത്യാഗം വരില്ല . യഥാർത്ഥ ത്യാഗമുള്ളവർ മന്ത്രം ജപിച്ചില്ലെങ്കിലും അതിൽ ജീവിക്കുകയാണ്. അവർ ജപിക്കേണ്ട ആവശ്യമേയില്ല”.

ഒരു മധ്യവയസ്കൻ തന്റെ മകളുമായി വന്ന് അമ്മയെ നമസ്കരിച്ചു. ആദ്യമായിട്ടാണ് അദ്ദേഹം ആശ്രമത്തിൽ വരുന്നതും അമ്മയെ കാണുന്നതും. 

“മോൾക്ക് ഫിറ്റ്സിന്റെ അസുഖം ഉണ്ടോ?”, മുഖവുരയൊന്നും കൂടാതെ അമ്മ ചോദിച്ചു. 

അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പാൻ തുടങ്ങി. പെൺകുട്ടിയാകട്ടെ അമ്മയെ ഗാഢം പുണർന്ന് പൊട്ടിക്കരയുകയാണ്. “ മോള് വിഷമിക്കാതെ, എല്ലാം മാറും, കരയാതെ മുത്തേ. മോൾക്കമ്മയില്ലേ?” അമൃതമൊഴികളാൽ  അമ്മ ആശ്വാസമേകി. സ്വന്തം സാരിതുമ്പ് കൊണ്ട് അമ്മ അവരുടെ കണ്ണീരൊപ്പി. തുടർന്ന് വിഭൂതിയും, ചില നിർദ്ദേശങ്ങളും നൽകി. 

സർവ്വജ്ഞത്വം വിളിച്ചറിയിക്കുന്ന അമ്മയുടെ വാക്കുകൾ കേട്ടിട്ട് കുട്ടിയുടെ അച്ഛന്റെ മുഖത്ത് അത്ഭുതം. തനിക്ക് ഒരു അഭയകേന്ദ്രം കിട്ടിയതിന്റെ ആശ്വാസം. കണ്ണിൽ സന്തോഷത്തിന്റെ നീർത്തുള്ളികൾ. ഈ പ്രേമം മൂർത്തിയോടെന്തു പറയണം എന്നറിയാതെ അദ്ദേഹം നിൽക്കുന്നു.

 “എനിക്ക് അച്ഛനെ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ എനിക്ക് എന്റെ അമ്മയെയും കിട്ടി. ഇനി എനിക്ക് എല്ലാം എന്റെ അമ്മയാണ്. അമ്മ എന്നെ കൈവിടരുതേ”, പെൺകുട്ടി പ്രാർത്ഥിച്ചു. 

“നമശിവായ”, എന്ന് പറഞ്ഞ് അമ്മ പുഞ്ചിരിച്ചു. അവർ ഇരുവരും ആ പുഞ്ചിരിയിൽ അലിഞ്ഞുചേർന്നു.

 ചെറുപ്പത്തിലെ മാതാവ് നഷ്ടമായ മാനസികാഘാതം മൂലം പെൺകുട്ടിക്ക് ഫിറ്റ്സിന്റെ അസുഖം വന്നു. പിന്നെ വിദ്യാഭ്യാസം ഒന്നും നടന്നില്ല. പല ചികിത്സകളും ചെയ്തു നോക്കി. ഒന്നും ഫലിച്ചില്ല. അവരുടെ ഒരു സുഹൃത്ത് പറഞ്ഞു വന്നതാണ്, ഈ ജഗജ്ജനനിയുടെ സവിധത്തിൽ.

മറ്റുള്ള ഭക്തർക്ക് അമ്മ ദർശനം നൽകി. ദുഃഖത്തിന്റെ കണ്ണുനീരൊപ്പി അവരെ ആനന്ദത്തേനൂട്ടി. 

11:30 ഓടെ അമ്മ കുടിലിന് പുറത്തുവന്നു. 

അമ്മയുടെ ജന്മദിനാഘോഷങ്ങളിൽ ഭാഗഭാക്കാകുവാനും   അമ്മയ്ക്ക് സേവനങ്ങൾ അർപ്പിക്കുവാനും ആയി ഭക്തജനങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിക്കൊണ്ടിരുന്നു. അവരുടെ സുഖസൗകര്യങ്ങൾക്കായുള്ള ഏർപ്പാടുകൾ ചെയ്യുന്ന തിരക്കിലാണ് അമ്മ. ഭക്തന്റെ ദാസൻ ആണല്ലോ ഭഗവാൻ. 

അമ്മ വടക്കുഭാഗത്തേക്ക് നടന്നു. അമ്മയുടെ പുറകെ ഭക്തജനങ്ങൾ എല്ലാവരും ഉണ്ട്; റാണിയുടെ പുറകെ മറ്റു ഈച്ചകൾ എന്നപോലെ. 

അമ്മ അടുക്കള ഭാഗത്തേക്ക് വന്ന് സിമൻറ് കട്ടകൾ മാറ്റുവാൻ തുടങ്ങി. ഭക്തരെല്ലാം നിരന്ന്  നിന്ന്  കട്ടകൾ കൈമാറുന്നു. അമ്മ തന്നെയാണ് കട്ട എടുത്തു കൊടുക്കുന്നത്. അമ്മയുടെ നിർദ്ദേശപ്രകാരം എല്ലാവരും നാമം ചൊല്ലാൻ ആരംഭിച്ചു. “മക്കളെ, ഈശ്വരനിൽ നിന്നും വാങ്ങി, ഈശ്വരന് കൊടുക്കുന്നു എന്ന സങ്കൽപ്പിച്ചു വേണം കർമ്മം ചെയ്യാൻ.” കർമ്മത്തിന്റെ മർമ്മം അമ്മ ഉപദേശിച്ചു. 

സപ്രമഞ്ചത്തിലിരുന്നു ഉപദേശങ്ങൾ അരുളുന്ന ഒരു ഗുരുവല്ല ഇവിടെ, മറിച്ച് തന്റെ മക്കൾ മാത്രം ജോലി ചെയ്യുന്നത് സഹിക്കാൻ കഴിയാതെ, അവരോടൊപ്പം അതേ ജോലി ചെയ്യുന്ന വാത്സല്യനിധിയായ അമ്മ. ഉപദേശങ്ങളിലൂടെയും ആചരണത്തിലൂടെയും ഈശ്വരാർപ്പണമായി കർമ്മം ചെയ്യാൻ നിഷ്കർഷിക്കുന്ന സദ്ഗുരു. ഓരോരുത്തരുടെയും മനസ്സിനെ പരമാത്മ പദത്തിൽ എത്തിക്കാൻ ശ്രമിക്കുന്ന കാരുണ്യവാരിധി!. 

എല്ലാവരും ആനന്ദത്തോടെ അമ്മയുടെ സാന്നിധ്യത്തിൽ കർമ്മം ചെയ്യുന്നു. പെട്ടെന്ന് അമ്മ “മാക്രി മാക്രി”, എന്ന് പറഞ്ഞ് തുള്ളിച്ചാടാൻ തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ അമ്മയിലേക്കായി. മക്കളുടെ മനസ്സ് അമ്മയിൽ നിന്ന് വിട്ടാൽ തന്നിലേക്ക് ആകർഷിക്കാൻ അമ്മ ഇങ്ങനെ സൂത്രമെല്ലാം പ്രയോഗിക്കും. 

ഒരു ചെറിയ തവള തന്റെ വാസസ്ഥലം നഷ്ടപ്പെട്ടതിൽ ദുഃഖിച്ചിരിക്കുന്നു. തവളയെ നോക്കിക്കൊണ്ട് അമ്മ ചോദിച്ചു, “ഇവർക്ക് ആരാ മോനെ ഭക്ഷണം കൊടുക്കുന്നത്?”. 

“ഒരു കഥയുണ്ട്”, അമ്മ പറയാന്‍ ആരംഭിച്ചു. 

“ഒരു ദിവസം ശിവൻ കൈലാസത്തിൽ തിരിച്ചു വന്നപ്പോൾ വളരെ വൈകിയിരുന്നു. കിതക്കുന്നുണ്ടായിരുന്നു. പാർവതി വളരെ ആകാംക്ഷയോടെ ചോദിച്ചു, “അവിടുന്ന് എവിടെ പോയതാണ്? എന്തേ ഇത്ര വൈകിയത്? ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ?”. 

“ജീവികൾക്കെല്ലാം ഭക്ഷണം കൊടുക്കാൻ പോയതാണ്, അവർക്കു മുഴുവൻ കൊടുക്കാതെ ഞാൻ എങ്ങിനെ ഭക്ഷിക്കാനാണ്?!”, ശിവൻ മറുപടി പറഞ്ഞു. 

പെട്ടെന്ന് എങ്ങനെയോ ഒരു കട്ട അമ്മയുടെ കാലിൽ വീണു. ‘അമ്മേ’, എന്ന് വിളിച്ച് അമ്മ നിലത്തിരുന്നു. അപ്പോഴേക്കും അമ്മയുടെ പാദത്തിൽ നീര്  വന്ന് വീർത്തു. ഒരു ബ്രഹ്മചാരിണി ഓടിപ്പോയി ടർപ്പൻ  എടുത്തു കൊണ്ടുവന്ന് കാലിൽ തടവി. “എല്ലാം ഈശ്വരേച്ഛ. മക്കളെ ശ്രദ്ധിക്കണേ.” 

ഒരു നിമിഷനേരത്തെക്ക് എല്ലാം നിശബ്ദം!.  

അമ്മയുടെ മുഖത്തു കൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് കണങ്ങൾ. അവ മുത്തുമണികൾ പോലെ ശോഭിക്കുന്നു. തിളങ്ങുന്ന മൂക്കുത്തി. പ്രശാന്തമായ മുഖകമലം. മുകളിൽ കത്തിജ്വലിക്കുന്ന സൂര്യൻ. താഴെ അമ്മയാകുന്ന ജ്ഞാനസൂര്യൻ. ഇവിടെ ആബാലവൃദ്ധം ജനങ്ങളുടെയും വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളുമാകുന്ന നിഴലുകൾ അകലുന്നു. നിഴലുകൾ ഇല്ലാതാകുന്ന മദ്ധ്യാഹ്ന സൂര്യൻ ഇതുകണ്ട് നാണിച്ച് മേഘപാളികൾക്കുള്ളിൽ മുഖം മറച്ചു. 

ഒന്നും സംഭവിക്കാത്ത മട്ടിൽ അമ്മ കഥ തുടർന്നു.

“പിറ്റേദിവസം ശിവൻ ഭക്ഷണം കൊടുക്കാനായി പുറത്തുപോയി. അപ്പോൾ പാർവതി ഒരു ഉറുമ്പിനെ എടുത്ത് പാത്രത്തിൽ അടച്ചുവെച്ചു.  

അന്ന് ശിവൻ തിരിച്ചു വന്നപ്പോൾ വലിയ ഗമയോടെ പാർവതി ചോദിച്ചു, “എല്ലാ ജീവികൾക്കും ഭക്ഷണം കൊടുത്തോ?”. 

“ഉവ്വ കൊടുത്തു”.

 “ഇല്ല ഇന്ന് അങ്ങ് കൊടുത്തിട്ടില്ല”.

 “അല്ല, കൊടുത്തൂ  ദേവി”.

 “ഇല്ല കൊടുത്തിട്ടില്ല”. 

അവസാനം തർക്കം മൂത്തു.  പാർവതി പാത്രത്തിൽ അടച്ചുവെച്ചിരുന്ന ഉറുമ്പിനെ കാണിച്ചു കൊടുത്തു കൊണ്ട് ചോദിച്ചു, “ ഈ ഉറുമ്പിന് കൊടുത്തുവോ?”. 

“ഉവ്വ്”. 

പാർവതിക്ക് അത്ഭുതമായി.  ശിവൻ ചിരിച്ചുകൊണ്ട്  അതിന്റെ അടപ്പു മലർത്തി തുറന്നു.  അതിൽ ഒരു മണി അരി ഇരിക്കുന്നത് കാണിച്ചുകൊടുത്തു.  പാർവതി നാണിച്ചു പോയി. 

അമ്മ  കഥ പറഞ്ഞു നിറുത്തി.

അമ്മയുടെ സാന്നിധ്യത്തിൽ സിമൻറ് കട്ടകൾ യഥാർത്ഥത്തിൽ പറക്കുകയായിരുന്നു. സാധാരണ ചെയ്യുന്നതിന്റെ നാലിരട്ടിയോളം വേഗതയിലാണ് ഭക്തർ ജോലി ചെയ്തിരുന്നത്.  

ജന്മദിനത്തിനായി ആളുകൾ  വന്നുകൊണ്ടിരുന്നു. അമ്മയെ അപ്രതീക്ഷിതമായി മുന്നിൽ കണ്ടതോടെ  ഭക്തർ എല്ലാം മറന്ന് അമ്മയുടെ അരികിലണഞ്ഞ് അമ്മയെ ആവേശപൂർവം നമസ്കരിച്ച് ഭക്തി  പ്രകടനങ്ങൾ നടത്തിക്കൊണ്ടിരുന്നു. 

ഒരു മണിയോടെ കട്ടകൾ എല്ലാം പെറുക്കി കഴിഞ്ഞു.  മക്കൾക്കെല്ലാം ഓരോ ഗ്ലാസ് നാരങ്ങാ വെള്ളം കൊടുത്തു. അല്പം അമ്മയും കഴിച്ചു – അതായിരുന്നു അമ്മയുടെ പ്രഭാത ഭക്ഷണം. 

മക്കളെ എല്ലാം ഉച്ചഭക്ഷണം  കഴിച്ചു വരുവാൻ പറഞ്ഞയച്ചിട്ട് അമ്മ തന്നെ ഗസ്റ്റ് ഹൗസിന്റെ കുളിമുറിയുടെ അഴുക്ക് നിറഞ്ഞ ഓട വൃത്തിയാക്കാൻ തുടങ്ങി. അത് കണ്ട ഒരു ബ്രഹ്മചാരി അടുത്തേക്ക് ചെന്നു. “ശ്രദ്ധയില്ലാത്ത നിന്നെയൊന്നും എന്റെ മുമ്പിൽ കണ്ടു പോകരുത്”. എന്ന് അമ്മ ഗൗരവത്തിൽ പറഞ്ഞു. എങ്കിലും പുഞ്ചിരിയോടെ അമ്മയുടെ കയ്യിൽ നിന്നും മൺവെട്ടി വാങ്ങി ആ ബ്രഹ്മചാരി ഓട വൃത്തിയാക്കാൻ തുടങ്ങി. 

തൊട്ടടുത്തുള്ള പശുവിന്റെ കാര്യങ്ങളും ശ്രദ്ധിച്ച് അമ്മ തിരിച്ചു വന്നപ്പോഴേക്കും ഭക്ഷണം കഴിച്ച് ഭക്തരും എത്തിയിരുന്നു. പലപ്രാവശ്യം നിർബന്ധിച്ചിട്ടും അമ്മ അല്പം പോലും ഭക്ഷണമോ വെള്ളമോ കഴിച്ചില്ല. 

എല്ലാവരും കൂടി ആശ്രമത്തിൽ കൂടി കിടന്നിരുന്ന മണ്ണ് കോരി കായൽ നികത്തുവാൻ തുടങ്ങി. “മക്കളെ കർമ്മയോഗം അത്യാവശ്യമാണ്. 24 മണിക്കൂറും ആർക്കും ധ്യാനിക്കാൻ സാധിക്കില്ല. മന്ത്രജപത്തോടെ കർമ്മം ചെയ്യുമ്പോൾ അത് കർമ്മയോഗവും ലോകസേവനവും ആയിത്തീരുന്നു.”, അമ്മ ഓർമ്മപ്പെടുത്തി.

 ഒരു ഭക്തന് സംശയം, അമ്മേ ഇത്രയും നാൾ ലോക സേവനം ചെയ്തിട്ടും, ലോകം നന്നായില്ലല്ലോ, അതെന്താണ്?. 

അമ്മ: “പട്ടിയുടെ വാൽ എത്ര കാലം  കുഴലിൽ ഇട്ടാലും  വളഞ്ഞിരിക്കും. പക്ഷേ അതിനു ശ്രമിച്ചു ശ്രമിച്ച നമ്മുടെ കയ്യിൽ മസിൽ വരും. ലോക സേവനത്തിന്റെ പേരിൽ നമ്മൾ നന്നാവും. നമുക്ക് ഹൃദയ വിശാലത വരും. നമ്മളിൽനിന്ന് ഒരു ദ്രോഹവും ലോകത്തിന് ഉണ്ടാവുകയില്ല. അതാണ് യഥാർത്ഥ സേവനം.” 

സമയം സന്ധ്യയാകുന്നു.  അമ്മ ഭജന പാടി. എട്ടുമണി വരെ ജോലി തുടർന്നു. എല്ലാവരെയും ഭക്ഷണം കഴിക്കാൻ അമ്മ പറഞ്ഞയച്ചു. 

കുറെ സമയം അമ്മ ഏകാന്തമായിരുന്നു. 

തെങ്ങിൻതോപ്പിലെ പച്ച മണ്ണിൽ കിടക്കുകയാണമ്മ. അമ്മ ഭജന ഗാനങ്ങൾ പാടുന്നത് ദൂരെ നിന്നാൽ കേൾക്കാം. ഇടയ്ക്ക് മുദ്രയും പിടിക്കുന്നുണ്ട്. 

ജന്മദിനത്തിനുള്ള പച്ചക്കറി വാങ്ങി വന്നിട്ടുണ്ട്. അത് വെക്കുവാൻ സ്ഥലമില്ല. ആരോ അമ്മയോട് പരാതി പറഞ്ഞു. അമ്മ നേരെ ബ്രഹ്മചാരിണികളുടെ മുറിയിലേക്ക് നടന്നു. മുറിയിൽ ആകെ ഒരു പരിശോധന നടത്തി.  അമ്മ അല്പം ഗൗരവത്തിലാണ്. “ആധ്യാത്മിക ജീവിക്ക് ഓരോ കാര്യത്തിലും ശ്രദ്ധ വേണം, വൃത്തിയാണ് ഭക്തി. വിവേകം ഇല്ലാത്തവരുടെ  മുറിയിൽ കയറുവാൻ പോലും തോന്നുന്നില്ല.” 

അമ്മ അവരുടെ പായും പുസ്തകങ്ങളും വസ്ത്രമെല്ലാം എടുപ്പിച്ച് മുറി ഒഴിവാക്കി. പച്ചക്കറികൾ ആ മുറിയിൽ കൊണ്ടു  വെക്കാൻ അമ്മ നിർദ്ദേശിച്ചു. നിമിഷങ്ങൾക്കകം ആ മുറി ചേനയും, കപ്പയും, മത്തനും, ഇളവനുമെല്ലാം കൊണ്ട് നിറഞ്ഞു. 

സദ്യക്ക് വേണ്ട പാത്രങ്ങൾ എടുക്കാൻ ഒരു ബ്രഹ്മചാരിയെ  അമ്മ ചുമതലപ്പെടുത്തി. മറ്റൊരു  ബ്രഹ്മചാരിയെ കത്തിക്കാനുള്ള വിറക് കീറാൻ ഏൽപ്പിച്ചിട്ടു തിരികെ മുറിയിലേക്ക് പോകുമ്പോൾ രാത്രി മണി പതിനൊന്നു കഴിഞ്ഞിരുന്നു. കടലിന്റെ ഓങ്കാരധ്വനി അമ്മയുടെ കാൽ ചിലമ്പൊലി പോലെ തോന്നി. തന്റെ നാഥയ്ക്ക് വഴി കാട്ടാൻ എന്നവണ്ണം ചന്ദ്രൻ പാലൊളി തൂകി പുഞ്ചിരിച്ചു നിന്നു.

-ധ്യാനാമൃത