അമൃതപുരിയിൽ, അമ്മയുടെ തിരുസന്നിധിയിൽ ഇരുന്നു
സ്വാമി ധ്യാനാമൃതാനന്ദ പുരി നൽകിയ പ്രഭാഷണം – 06 ആഗസ്ത് 2021.
यस्य स्मरण मात्रेण ज्ञानमुद्पद्यते स्वयं | स एव सर्व सम्पत्तिः तस्मै श्री गुरवे नमः ||
ॐ अमृतेश्वर्यै नमः
ജഗദ്ഗുരുവായ അമ്മയുടെ പവിത്ര പാദാരവിന്ദങ്ങളിൽ എന്റെ വിനീത നമസ്‌കാരം. അമ്മയുടെ കൂടെ ഇവിടെയുള്ളവർക്കും അമ്മയോടോപ്പം ഓൺലൈനിലുള്ളവരുമായ അമ്മയുടെ എല്ലാ പൊന്നോമന മക്കൾക്കും എന്റെ നമസ്കാരം.
ഇന്നിവിടെ ചിന്തിക്കാൻ ശ്രമിക്കുന്ന വിഷയം “കർമ്മത്തിന്റെ മർമ്മം” എന്ന അമൃതസൂത്രത്തെ കുറിച്ചാണ്. അതിനുമുന്പായി ഒന്ന് രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ.
ആദ്യമായി അമ്മയുടെ മുന്നിൽ
90കളുടെ തുടക്കത്തിൽ, ഇതേപോലെ ആദ്യമായി, അന്തേവാസികൾക്കായുള്ള സത്‌സംഗ പരിപാടിയിൽ സംസാരിച്ചത് ഞാൻ ഓർമ്മിക്കുന്നു. ആദ്യ ഊഴം എന്റേതായിരുന്നു. അന്ന് കളരിയുടെ മുന്നിൽ ഇരുന്നാണ് സംസാരിച്ചിരുന്നത്, വൈകുന്നേരത്തെ ഭജനക്കുശേഷം. തെക്കുഭാഗത്തുള്ള വാതിലിനടുത്ത് കസേരയിൽ അമ്മ ഇരിക്കുന്നുണ്ടായിരുന്നു.
ശ്രുതി സീമന്ത സിന്ദൂരി കൃതപാദാബ്ജ ധൂളികാ
പിന്നീട് അത് ഈ ഹാളിന്റെ മുൻപിലുള്ള, ആ കാണുന്ന കെട്ടിടം നിന്ന സ്ഥലത്തായി. ബ്രഹ്മചാരികളുടെ കുടിലിൻറെ പുറകുഭാഗമായിരുന്നു അത്. കുറച്ചു വെള്ളമണൽ നിറഞ്ഞ ഒരു സ്ഥലമുണ്ട്, ഒരു പത്ത് സെൻറ് ഭൂമി.
ഭജനക്കുശേഷം അവിടെയായിരുന്നു സത്സംഗങ്ങൾ നടന്നിരുന്നത്. അരണ്ട ബൾബിന്റെ വെളിച്ചം, തെങ്ങോലകൾ തഴുകിവരുന്ന കുളിർ തെന്നൽ, കടലിന്റെ ഓങ്കാര ധ്വനിക്കു ഒത്തുചേർന്ന് കൊതുകുകളുടെ മൂളലുകൾ ഇവ സത്‌സംഗങ്ങൾക്ക് പശ്ചാത്തലം ഒരുക്കും.
അത് കേട്ടുകൊണ്ട് അമ്മ ഞങ്ങളുടെ മദ്ധ്യത്തിൽ ഉണ്ടാകും.
സത്‌സംഗ പരന്പരയിൽ ഒരുദിവസം രണ്ടു പ്രഭാഷകരുണ്ടാകും. ഒരു പ്രഭാഷകൻ പറഞ്ഞത് ഖണ്ഡിച്ചു തൻറെ ഭാഗം സ്ഥാപിക്കാനുള്ള സ്വാതന്ത്ര്യവും അടുത്ത പ്രഭാഷകന് അന്നുണ്ടായിരുന്നു.
അന്നൊരിക്കൽ ഞാൻ സംസാരിച്ചത് ശ്രീ ലളിതാ സഹസ്രനാമത്തിലെ ‘ശ്രുതി സീമന്ത സിന്ദൂരി കൃത പാദാബ്ജ ധൂളികാ’ എന്ന മന്ത്രം വ്യാഖ്യാനിച്ചായിരുന്നു.
ദേവിയെ ശ്രുതിദേവതകൾ വന്ന് നമസ്കരിക്കുകയാണ്. ആ ശ്രുതിദേവതകളുടെ സീമന്തരേഖയിലെ സിന്ദൂരം അമ്മയുടെ കാലിൽ പുരണ്ട്, അമ്മയുടെ പാദധൂളികൾ രക്തവർണ്ണം ആയി മാറി എന്ന് ഞാൻ വ്യാഖ്യാനിച്ചു.
ദേവി, വേദങ്ങൾക്കും അപ്പുറമാണ് , ശാസ്ത്രത്തിനും അപ്പുറത്തുള്ള സത്യമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു എന്റേത്. പക്ഷേ, അതിനുശേഷം സംസാരിച്ച ഡോക്ടർ ലീല, – പിന്നീട് സ്വാമിനി ആത്മ പ്രാണ ആയി- അവരതിനെ ഖണ്ഡിച്ചു
അമ്മയുടെ പാദത്തിലെ ധൂളികൾ ആണ്, ശ്രുതി ദേവതകൾ സിന്ദൂരം ആയി അണിയുന്നത് എന്ന് അവർ വാദിച്ചു.
ഞാൻ എന്റെ വാദത്തിൽ ഉറച്ചു നിന്നു. അവരും വിട്ടില്ല.
ഞാൻ പറഞ്ഞു സംശയം തീർക്കാൻ നമുക്ക് ദേവിയോട് നേരിട്ട് ചോദിക്കാമല്ലോ? “അമ്മയുടെ അഭിപ്രായമെന്താണ്” എന്ന് ഞങ്ങൾ ചോദിച്ചു.
അമ്മ അനുകൂലിച്ചത് എന്നെ ആയിരുന്നു. ഞാൻ പറഞ്ഞത് ശരിവച്ചു.
അന്ന് അനുകൂലിച്ചത്തിനു കാരണം അമ്മ പറഞ്ഞത്, “അതിന് ഭാവം ഉണ്ട്” എന്നാണ്.
ഇന്നിതാ അമ്മയുടെ തൊട്ടടുത്തിരിക്കുന്നു. . . അമ്മതന്നെ ഇടക്ക് ചോദ്യശരങ്ങൾ തൊടുക്കുന്നു. നമ്മളെ കൂടുതൽ ചിന്തിപ്പിക്കുകയും കുഴക്കുകയു ചെയ്യുന്നു. പ്രോത്സാഹിപ്പിക്കുകയും തിരുത്തുകയും ചെയ്യുന്നു. ആ അനുഗ്രഹത്തിൻറെ സൗന്ദര്യം ഒന്ന് വേറെ തന്നെ.
ശ്രീ ലളിതാസഹസ്രനാമത്തിലെ ചോദ്യത്തിന് ഇങ്ങനെ ഉത്തരം തരാൻ അമ്മ ദേവിയാണോ എന്ന ചോദ്യത്തിന് എന്റെ ഒരു അനുഭവം പറയാം.
സിംഹാസനം പണിയണം
കൊടുങ്ങല്ലൂരിലെ ഒരു ഭക്തന്, അമ്മയ്ക് വേണ്ടി ഒരു കസേര പണിയണം. അതും ഒരു സിംഹാസനം. അദ്ദേഹത്തിന്റെ സങ്കല്പത്തിൽ അമ്മ ത്രിപുര സുന്ദരിയാണ്, ലളിതാ പരമേശ്വരി ആണ്, രാജരാജേശ്വരി ആണ്. അതുകൊണ്ട് സിംഹാസനത്തിൽ വേണം ഇരിക്കേണ്ടത് എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
അതും ഈട്ടി തടിയിൽ ഉണ്ടാക്കണം. തന്ത്ര ശാസ്ത്ര പരമായി കണക്ക് കൃത്യമായിരിക്കണം. ദേവിയുടെ പീഠമാണ്. അതിനായി എൻറെ അടുത്ത് വന്ന് അഭിപ്രായം ചോദിച്ചു.
ഞാൻ പറഞ്ഞു – “അമ്മ ഇങ്ങനെ സിംഹാസനത്തിൽ ഇരിക്കുമോ എന്നറിയില്ല. അമ്മയുടെ ശൈലി വച്ചിട്ട് അതിന് സാധ്യതയില്ല”
“നമ്മൾ പ്രാർത്ഥിച്ചാൽ അമ്മ കേൾക്കാതിരിക്കുമോ? “
“ഓക്കേ നിങ്ങളുടെ ഇഷ്ടം!’ ഞാൻ പറഞ്ഞു
മറ്റൊരുകാര്യം – “നമ്മൾ സിംഹാസനം ഉണ്ടാക്കുന്നത് അമ്മയുടെ സൗകര്യത്തിനനുസരിച്ച് വേണം. അതിനു ചില കാര്യങ്ങൾ അത്യാവശ്യമാണ്.
കസേരയുടെ ഉയരം, അമ്മയ്ക്ക് ഇരുന്ന് കാല് മടക്കി വെയ്ക്കാനുള്ള സ്ഥലം, ദർശനത്തിനുവരുന്ന ആളുകൾക്ക് കസേരയുടെ കൈപിടിച്ചു മുട്ടുകുത്തി ഇരിക്കാനും, എഴുന്നേൽക്കാനും ഉള്ള ഉറപ്പ് – എല്ലാം ആവശ്യമാണ്”. അയാൾ സമ്മതിച്ചു.
അകാലത്ത് അമ്മ ദർശനം കൊടുത്തു കൊണ്ടിരുന്ന കസേരയുടെ നീളവും വീതിയും ഉയരവും അളവ് എടുത്തു.
കാണിപ്പയ്യൂര് ആചാര്യൻറെ അടുത്തുപോയി ഇതെല്ലാം കൊടുത്തു. അളവ് നോക്കി അദ്ദേഹം പറഞ്ഞു “ഇത് കറക്റ്റ് ആണ്. ഇതാണ് ദേവിയുടെ പീഠത്തിന്റെ ഉയരം. ”
അമ്മ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കസേര, ദേവിയുടെ പീഠത്തിന്റെ അനുപാതത്തിൽ തന്നെയാണത്രെ!
ഈ സംഭവത്തിനു ഒരു പൂർവ്വഭാഗം ഉണ്ട്. ഈട്ടി കൊണ്ടുള്ള ഈ കസേര എറണാകുളത്തുള്ള ഒരു ഭക്തനാണ് അമ്മയ്ക് സമർപ്പിച്ചത്. അമ്മ ഒരുപാട് നേരം ഇരുന്നു ദർശനം കൊടുക്കുന്നതാണ്. അതുകൊണ്ട് ചൂട് ഉണ്ടാവരുത് എന്ന് പറഞ്ഞ് പ്രത്യേക കുഷ്യൻ തന്നെയായിരുന്നു ഉണ്ടാക്കിയിരുന്നത്.
ഇത് ഇവിടെ ആശ്രമത്തിൽ കൊണ്ട് വന്നിട്ട് ഏകദേശം ഒരു മൂന്നു നാല് മാസത്തോളം അവിടെ തന്നെ ഇരുന്നു. അമ്മ ഉപയോഗിച്ചില്ല. അവസാനം അദ്ദേഹം വന്ന് കരഞ്ഞുകരഞ്ഞ് പ്രാർത്ഥിച്ചപ്പോൾ ഇരിക്കാമെന്ന് സമ്മതിച്ചു. അവസാനം ഒരു ദിവസം അമ്മ അതിലിരുന്നു. ഇരുന്നപ്പോൾ അമ്മയുടെ കാല് നിലത്ത് എത്തുന്നില്ല. കസേരയുടെ ഉയരം കുറച്ചാൽ ഇരിക്കാമെന്നായി അമ്മ.
അമ്മ ഇരിക്കാനായി അയാൾ എന്തും ചെയ്യാൻ റെഡിയായിരുന്നു. അമ്മയുടെ സൗകര്യത്തിനനുസരിച്ച് കസേരയുടെ കാലു മുറിച്ചു. എകദേശം രണ്ടിഞ്ചോളം വരും മുറിച്ചുമാറ്റിയതു.
അതിനുശേഷം അമ്മ ഈ കസേരയിൽ ഇരുന്നു പതിവായി ദർശനം കൊടുത്തു തുടങ്ങി. ഈ കസേരയുടെ അളവാണ് കാണിപ്പയ്യൂർ പറഞ്ഞത് – ഇത് യഥാർത്ഥത്തിൽ ദേവിയുടെ പീഠത്തിന്റെ അളവാണ് എന്ന്.
അമ്മയുടെ ആവശ്യത്തിനനുസരിച്ച് ചെയ്യുന്ന വിഷയം, തച്ചു ശാസ്ത്രപ്രകാരം ദേവിയുടെ പീഠത്തിന് വേണ്ട അളവിനു തുല്യമാണ്. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട വിഷയം
ദേവിയുടെ പീഠത്തിൽ അമ്മ ഇരിക്കുകയല്ല; മറിച്ചു
അമ്മയുടെ സൗകര്യത്തിന് ഒരുക്കിയത്,
ദേവിയുടെ പീഠത്തിന്റെ അളവുതന്നെ ആവുകയാണ് ഉണ്ടായത്.
“ശാസ്ത്രീ കുർവന്തി ശാസ്ത്രാണി” ശാസ്ത്രവാക്കുകളെ സത്യമാക്കി തീർക്കുകയാണ് മഹാത്മാക്കൾ ചെയ്യുന്നത്. അവരുടെ വാക്കുകൾ ആണ് ശാസ്ത്രമായി മാറുന്നത്.
കർമത്തിന്റെ മർമം
അങ്ങിനെയുള്ള സദുഗുരുവായ, അവതാരസ്വരൂപിണിയായ പരാശക്തിയായ അമ്മ പറഞ്ഞ “കർമ്മത്തിന്റെ മർമ്മം മനസ്സിലാക്കി വേണം കർമ്മം ചെയ്യാൻ” എന്ന വാക്കുകളെപ്പറ്റിയാണ് ഇന്നിവിടെ ചിന്തിക്കാൻ ശ്രമിക്കുന്നത്. അത് എന്താണ് എന്ന് നോക്കാം.
പാശ്ചാത്യ ഭാഷകളിലേക്ക് വിവർത്തനം ചെയ്താൽ അതിൻറെ സൗന്ദര്യം അപ്പാടെ നഷ്ടപ്പെടുന്ന എന്ന ഒരു അമൃത സൂത്രം ആണിത്- “കർമ്മത്തിന്റെ മർമ്മം മനസ്സിലാക്കി വേണം കർമ്മം ചെയ്യാൻ” എന്നത്.
കർമ്മം, വികർമ്മം, അകർമ്മം
കർമ്മം എന്ന് പറഞ്ഞാൽ എന്താണ് ? കർമം എത്ര വിധം? എങ്ങിനെ എന്നെല്ലാം നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
മർമ്മം എന്താണ്? ശരീരത്തിൽ പലയിടത്തും മർമങ്ങൾ ഉണ്ട്. പക്ഷേ കർമ്മത്തിൽ എവിടെയാണ് മർമ്മം ?
നമ്മൾ ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും – മനസാ വാചാ കർമ്മണാ ചെയ്യുന്നവയെല്ലാം കർമ്മങ്ങൾ എന്ന് വിളിക്കാം. ഇത് രണ്ടുതരമാണ്. കർമ്മങ്ങളും വികർമ്മങ്ങളും.
കർമ്മങ്ങളിൽ നിത്യകർമ്മങ്ങൾ ഉണ്ട്. നൈമിത്തിക കർമ്മങ്ങൾ ഉണ്ട്. പ്രായശ്ചിത്ത കർമ്മങ്ങൾ ഉണ്ട്. സ്വധർമ്മാനുഷ്ഠാനവും ഉണ്ട്. ഗുരുവോ ശാസ്ത്രമോ വിധിച്ച ഏതു കർമ്മവും ഇതിൽ പെടും.
വികർമ്മം – അതെന്താണ്? വിപരീത കർമ്മങ്ങൾ, നിഷിദ്ധ കർമ്മങ്ങൾ. ഏതൊക്കെയാണവ? മറ്റുള്ളവർക്ക് വേദനയും വിഷമവും ഉണ്ടാക്കുന്ന എന്തും. . ശാസ്ത്രവും ഗുരുക്കന്മാരും ചെയ്യരുത് എന്ന് ഉപദേശിച്ച ഏതും.
ഇത് രണ്ടും പോരാ – അകർമ്മം കൂടി തിരിച്ചറിയണം. അതെന്താണ് ? കർമ്മം ചെയ്യുമ്പോഴും മനസ്സുകൊണ്ട് കർമ്മത്തിൽ ഏർപ്പെടാതെ, കർമ്മത്തിന് സാക്ഷിയായി നിൽക്കുന്നത് അകർമ്മം . അതും നമ്മൾ തിരിച്ചറിയണം.
ഈ മൂന്നു കാര്യങ്ങൾ – കർമം, വികർമം, അകർമം – ഇവ നമ്മൾ അറിയണം. കാരണം കർമ്മത്തിന്റെ സ്വഭാവം നിഗൂഢമാണ് എന്നാണു ഭഗവാൻ ഗീതയിൽ പറയുന്നത്.
കർമണോ ഹ്യപി ബോദ്ധവ്യം
ബോദ്ധവ്യം ച വികർമണഃ
അകർമണശ്ച ബോദ്ധവ്യം
ഗഹനാ കർമണോ ഗതിഃ. 4 – 17
ദുഃഖനിവൃത്തി & സുഖ പ്രാപ്തി
എല്ലാവരും കർമ്മം അനുഷ്ഠിക്കുന്നത് – പ്രസിഡന്റ് മുതൽ പാവപ്പെട്ടവൻ വരെയുള്ള ആളുകളെല്ലാം കർമം ചെയ്യുന്നതിൻറെ പുറകിൽ കേവലം രണ്ടേ രണ്ടു കാര്യങ്ങളേ ഉള്ളൂ. അതെന്താണ് ? ദുഃഖനിവൃത്തിയും & സുഖ പ്രാപ്തിയും.
ഏതൊരു കർമ്മം ചെയ്യുമ്പോഴും തനിക്ക് വന്നുചേർന്ന ദുഃഖം ഒഴിവാക്കാൻ ആയിട്ടാണ് നാം ശ്രമിക്കുന്നത്. അതാണ് ദുഃഖനിവൃത്തി.
ചമ്രം പടിഞ്ഞു കുറെ നേരമായി ഇരിക്കുന്നു. കാലിന് വേദന വരുന്നു. ആ വേദന ഒഴിവാക്കാനാണ് നാം കാലുനീട്ടി വയ്ക്കുന്നത് – ദുഃഖനിവൃത്തിയാണത്. അപ്പോഴാണ് അടുത്തുള്ള ഒരു കസേര കാലിയായി ഇരിക്കുന്നു. അതിലേക്ക് മാറിയിരുന്നു. കസേരയിൽ ഇരുന്നാൽ കുറച്ചുകൂടി സുഖമാണ്. അത് സുഖ പ്രാപ്തി.
തനിക്ക് സുഖം കിട്ടുമെന്ന് വിചാരിച്ചിട്ടാണ് എല്ലാവരും കല്യാണം കഴിക്കുന്നത്. ചിലർ, കുറച്ചു കഴിയുമ്പോൾ താൻ തിരഞ്ഞെടുത്ത പങ്കാളിയുമായുള്ള ജീവിതം അബദ്ധമായി പോയി, ഈ ദുരിതത്തിൽ നിന്ന് കരകയറണം എന്ന് വിചാരിച്ചിട്ട് വിവാഹമോചനം നടത്തുന്നു. അവിടെയും ദുഃഖനിവൃത്തിയും സുഖപ്രാപ്തിയുമാണ്.
സകല സൗകര്യങ്ങളും സ്വത്തും സമ്പാദിച്ചു കൂട്ടുന്നത് സുഖ പ്രാപ്രാപ്തിക്കു വേണ്ടിയിട്ടാണ്. സുഖം ആയിരിക്കാം എന്ന് വിചാരിച്ചു അന്യായമായി സന്പാദിച്ചു കൂട്ടിയ പണം, ഇൻകംടാക്സ് ഡിപ്പാർട്ട്മെൻറ് അന്വേഷിക്കാൻ വരുന്നു എന്ന് അറിയുമ്പോൾ എങ്ങനെയെങ്കിലും ഒഴിവാക്കുന്നു. എന്തിനാണ് ? പേരുദോഷം കേൾക്കാതിരിക്കാനാണ്. അവരെ പിടിച്ച് ജയിലിലടക്കുന്ന ദുഃഖത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയിട്ടാണ്.സുഖ പ്രാപ്തിക്കു വേണ്ടിയിട്ടാണ്.
80-90 വർഷക്കാലം നാം ജീവിച്ചു. ജീവിതത്തിൽ ദുഃഖം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇതിൽ നിന്ന് ഒരു മോചനം വേണം. എന്തുചെയ്യും? സ്വർഗത്തിൽ പോയാൽ സുഖം കിട്ടും എന്ന് കേട്ടു. അതുകൊണ്ട് ഭാഗവതം വായിക്കുകയും നാമം ജപിക്കുകയും ചെയ്തു മരിക്കാൻ തയ്യാറെടുക്കുന്നു. അവിടെയും ദുഃഖനിവൃത്തിയും സുഖപ്രാപ്തിയും തന്നെ ആണ് ലക്ഷ്യം. പക്ഷേ അവിടെ പോയാലും സുഖം കിട്ടില്ല എന്നാരും അറിയുന്നില്ല. താൻ അന്വേഷിക്കുന്ന ആത്യന്തികമായ സുഖം തന്നിലാണെന്നറിയുന്നില്ല ഇവർ ആരും തന്നെ.
നമ്മുടെ ജീവിതത്തിലെ എല്ലാ കർമ്മങ്ങളും പരിശോധിച്ചാൽ ഈ രണ്ടു ഘടകങ്ങൾ മാത്രമാണ് കർമ്മങ്ങളുടെ പുറകിലെ ചോദക ശക്തി എന്ന് കാണാം – ദുഃഖനിവൃത്തിയും സുഖ പ്രാപ്തിയും.
രാഗവും ദ്വേഷവും
നമ്മൾ കർമ്മം ചെയ്യുമ്പോഴുണ്ടാകുന്ന സുഖദുഃഖങ്ങൾ നമ്മുടെ മനസ്സിൽ രാഗങ്ങളെയും ദ്വേഷങ്ങളെയും സൃഷ്ടിക്കുന്നു. എന്തെങ്കിലും വസ്തുക്കളോട്, ആളുകളോട്, നമ്മൾ ചെയ്യുന്ന കർമത്തോട്, നമുക്ക് ഒരു പ്രത്യേക പ്രതിപത്തി ഉണ്ടാകുന്നുണ്ടോ? എങ്കിൽ, അത് ചെയ്യുമ്പോൾ അല്ലെങ്കിൽ അവയുടെ/അവരുടെ സാന്നിധ്യത്തിൽ നമുക്ക് ഒരു സുഖം അനുഭവപ്പെടുന്നതുകൊണ്ടാണ് . ആ സുഖം വീണ്ടും വീണ്ടും വീണ്ടും അനുഭവിക്കുവാൻ നാം ആഗ്രഹിക്കുന്നു. അത് നമ്മുടെ മനസ്സിൽ രാഗത്തെ ഉണ്ടാക്കുന്നു – അതാണ് മമത attachment.
ഏതെങ്കിലും വസ്തുക്കളോ, സാഹചര്യങ്ങളോ, വ്യക്തികളോ, കർമങ്ങളോ നമ്മുടെ മനസ്സിൽ ദുഃഖാനുഭവത്തെ ഉണ്ടാക്കുന്നു എങ്കിൽ, അവയെ തള്ളിക്കളയാൻ, നിരാകരിക്കാൻ നമ്മൾ വീണ്ടും വീണ്ടും വീണ്ടും ശ്രമിക്കുന്നു. അത് നമ്മുടെ മനസ്സിൽ ദ്വേഷത്തിന് കാരണമാകുന്നു. സുഖാനുശായീ രാഗ: ദുഖാനുശായീ ദ്വേഷ: എന്ന് പതഞ്ജലി യോഗസൂത്രം പറയുന്നു.
ഇതാണ് വാസന
സുഖത്തെ അന്വേഷിച്ചുള്ളപോക്ക്, ദുഃഖത്തെ ഒഴിവാക്കിയുള്ള പോക്ക് നമ്മുടെ മനസ്സിൽ അതിൻറെ കറകൾ ഉണ്ടാക്കുന്നു. ഈ കറകളുടെ കട്ടി കൂടുംതോറും മനസ്സിലൂടെ പ്രതിഫലിക്കുന്ന ആത്മ ചൈതന്യത്തിൻറെ അളവ് മങ്ങി വരുന്നു. ബോധം കുറയുന്നു. വിവേകം മങ്ങുന്നു. ബുദ്ധി ശൂന്യമാകുന്നു. ബോധമില്ലായ്മകൊണ്ടു ഏത് കർമ്മം ചെയ്യുമ്പോഴും മനസ്സിൽ അതിൻറെതായ കറകൾ സൃഷ്ടിക്കപ്പെടുന്നു. ഇതാണ് വാസന.
वस् – आच्छादने – വസ് ധാതുവിന് മറക്കുന്നതു എന്നർത്ഥം. वासयति कर्मणा योजयति जीव-मनांसि इति वासना – എന്ന് സംസ്കൃത നിരുക്തി. കർമ്മം കൊണ്ട് സ്വസ്വരൂപത്തെ മറയ്ക്കുകയും, ജീവനെയും മനസ്സിനെയും ബന്ധിപ്പിക്കുകയും ചെയ്യുന്നതാണ് വാസനാ.
ഇതാണ് സംസ്കാരം ഉണ്ടാക്കുന്നത്, പ്രാരാബ്ധം ഉണ്ടാക്കുന്നത്. ഇതാണ് ആഗ്രഹങ്ങൾ ആയി മനസ്സിൽ പൊന്തി വരുന്നത്. അവയും നമുക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. ഈ ആഗ്രഹങ്ങൾക്ക് അനുസരിച്ചാണ് നാം കർമ്മം ചെയ്യുന്നത്. അവ സത് കർമ്മങ്ങളോ ദുഷ്‌കർമങ്ങളോ ആകാം. അത് നമുക്ക് പുണ്യവും പാപവും ഉണ്ടാക്കുന്നു. ഈ പുണ്യ പാപങ്ങൾ സുഖവും ദുഃഖവും സൃഷ്ടിക്കുന്നു. ഈ കർമ്മഫലം അനുഭവിക്കാനാണ് , സുഖദുഃഖങ്ങളെ അനുഭവിക്കാനാണ് ജനന-മരണങ്ങൾ ഉണ്ടാകുന്നത്. ഇത് മനസ്സിലാക്കാതെ അങ്ങനെ നാം സംസാരചക്രത്തിൽ പെട്ടുപോകുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാൻ ആദ്യത്തെ പടി മനസ്സിൽ പുതിയ കറകളെ സൃഷ്ടിക്കാതിരിക്കുകയാണ്.
അത് എങ്ങനെയാണ് ചെയ്യുക?
കർമ്മം ചെയ്തിട്ടില്ലേ ഈ വാസന വന്നത്?
അതെ.
കർമ്മം ചെയ്യാതിരിക്കാൻ സാധിക്കുമോ?
ഇല്ല.
കർമ്മം ചെയ്‌താൽ പുതിയ വാസന വരില്ലേ?
വരും.
പക്ഷെ കർമ്മം ചെയ്തില്ലെങ്കിൽ ഇപ്പോൾ കൂടികിടക്കുന്ന വാസന കഴുകി കളയാനും പറ്റില്ല.
കർമ്മം ചെയ്യണം പക്ഷെ വാസന വരാനും പാടില്ല.
അതെങ്ങിനെ? എങ്ങനെ ഈ വിഷമവൃത്തത്തിൽ നിന്ന് പുറത്തുകടക്കും?
കർമ്മം ചെയ്യുന്ന സമയം ബോധത്തോടുകൂടി ചെയ്യാൻ ശ്രമിക്കുക. പുതിയ വാസനകൾ മനസ്സിൽ സൃഷ്ടിക്കാതിരിക്കാം. അങ്ങിനെ ഉള്ളിലുള്ളത് കഴുകി കളയാനും പറ്റും.
കുളിമുറി വെളുപ്പിക്കാൻ
ഒരു ദൃഷ്ടാന്തം പറയാം – ഒരു കുളിമുറി, കുറച്ചു നാളായി തുടർച്ചയായി പലരും ഉപയോഗിക്കുന്നു. അതിനാൽ അതിലെ വെളുത്ത ടൈൽസ് എല്ലാം മഞ്ഞ ആയിരിക്കുന്നു. എന്തുകൊണ്ടാണിത് ? വെള്ളം വീണിട്ട് അഴുക്കു പിടിച്ചതാണ്. വൃത്തി ആക്കണമെങ്കിൽ എന്താ ചെയ്യാ?
വീണ്ടും വെള്ളമൊഴിക്കണം.
വെള്ളം വീണിട്ടല്ലേ വൃത്തികേടായത് ?
അതെ. ഇപ്പോൾ വെള്ളമൊഴിച്ചാൽ മാത്രം പോരാ. വെള്ളത്തിൻറെ കൂടെ അല്പം സോപ്പ് പൗഡറും വേണം. എന്നിട്ട് ഒരു ബ്രഷ് വെച്ച് നന്നായി തേക്കുക. അഴുക്കു പോകും, വൃത്തിയാവും. അഴുക്കുപുരണ്ടത് വെള്ളം വീണിട്ടാണ്. വെള്ളമൊഴിച്ച് അല്പം സോപ്പും കൂടിയിട്ട് പരിശ്രമിച്ചാൽ ആ ടൈൽസിനെല്ലാം തിളക്കം വീണ്ടും കിട്ടുന്നു. ഇവിടെ സോപ്പ് ജ്ഞാനമാണ്, ബ്രഷ് ഉപയോഗിച്ചു കഴുകുന്നത് നിഷ്കാമ കർമ്മമാണ്.
കർമ്മയോഗം എന്നു പറയുന്നത്
അതുപോലെ കർമ്മം ചെയ്തിട്ടാണ് വാസന ഉണ്ടായത്. വീണ്ടും കർമ്മം ചെയ്യുന്പോൾ ഈശ്വര ബോധത്തോടുകൂടി കർമ്മം ചെയ്താൽ നമ്മിലെ തിളക്കം വീണ്ടെടുക്കാൻ സാധിക്കും ഇതിനെയാണ് കർമ്മയോഗം എന്നു പറയുന്നത്. ഇതാണ് കർമ്മത്തിന്റെ മർമ്മം.
“സു കൗശലം കർമ്മ യോഗ:” നല്ല വിവേക ബുദ്ധിയോടുകൂടി ചെയ്യുന്ന കർമ്മമാണ് യോഗം, എന്നാണ് ഗീതാകാരൻ പറയുന്നത്.
ബുദ്ധിയുക്തോ ജഹാതീഹ
ഉഭേ സുകൃതദുഷ്കൃതേ
തസ്മാദ്യോഗായ യുജ്യസ്വ
യോഗഃ കർമസു കൗശലം. 2.50
തൻറെ മനസ്സിൽ പുതിയതായ ഒരു വാസനയും സൃഷ്ടിക്കാതെ, ഉണ്ടായിരുന്ന വാസനകളെ കഴുകിക്കളഞ്ഞ്, തൻറെ കർമങ്ങൾക്ക് തിളക്കവും സൗന്ദര്യവും കൊണ്ടുവരുന്ന കർമ്മങ്ങളാണ് കൗശലം ആയ കർമ്മം. അതാണ് യോഗം. ഇതാണ് കർമ്മത്തിന്റെ മർമ്മം.
“കർമ്മത്തിന്റെ മർമ്മം മനസ്സിലാക്കി വേണം കർമ്മം ചെയ്യാൻ” എന്നമ്മ പറയുന്പോൾ ഇത്രയെങ്കിലുമൊക്കെ നാം മനസ്സിലാക്കിയിരിക്കണം.
ഗുരു പറയുന്നത് വിവേകപൂർവം അനുസരിക്കുക. മാനാപമാനങ്ങൾ നോക്കാതെ, സുഖദുഃഖങ്ങൾ നോക്കാതെ, ലാഭനഷ്ടങ്ങൾ നോക്കാതെ ഗുരുവാക്യം പാലിക്കാൻ ശ്രമിക്കുക. അത് സന്തോഷത്തോടെ ചെയ്യുക. പ്രേമത്തത്തോടെ ചെയ്യുക, വൈരാഗ്യത്തോടെ ചെയ്യുക. അതാണ് മർമ്മം.
പഞ്ചഗവ്യം -ബ്രഹ്മസ്ഥാനം പ്രതിഷ്ഠ
എന്റെ ഒരു അനുഭവം പറയാം. ചെന്നൈ ബ്രഹ്മസ്ഥാനം പ്രതിഷ്ഠാ സമയം. അമ്മ പ്രതിഷ്ഠക്കായി ശ്രീകോവിലിനത്ത് കയറി. പ്രതിഷ്ഠക്കുശേഷം ഉള്ള അഭിഷേകത്തിനായി പലതും ഉണ്ട്. പക്ഷെ പഞ്ചഗവ്യം തയ്യാറാക്കിയിട്ടില്ല. എങ്ങിനെയോ വിട്ടുപോയതാണ്. അമ്മ എന്നോട് പഞ്ചഗവ്യം തയ്യാറാക്കി കൊണ്ടു വരാൻ പറഞ്ഞു.
പാല്, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം ഈ അഞ്ചു കാര്യങ്ങളാണ് അതിനു വേണ്ടത്. പാലും തൈരും നെയ്യും ആശ്രമത്തിൽ ഉണ്ടായിരുന്നു.
ചാണകവും ഗോമൂത്രവും ഞാനെവിടുന്ന് സംഘടിപ്പിക്കും?
ഹോമകുണ്ഡത്തിന് മെഴുകാൻ കൊണ്ടുവന്നതിൽ നിന്ന് ചാണകം കിട്ടി. ഗോമൂത്രത്തിനു എന്താ ചെയ്യാ?
അമ്മ പ്രതിഷ്ഠാകർമം തുടങ്ങിക്കഴിഞ്ഞിരിന്നു. നമ്മുടെ ചെന്നൈ ആശ്രമത്തിലാണെങ്കിൽ പശുവൊന്നുമില്ലലോ. ഞാൻ ആശ്രമത്തിനു പുറത്തേക്കിറങ്ങി – ഒരു പശുവിനെ കാണാൻ. തമിഴ് നാട്ടിലെ റോഡിൽ ധാരാളം പശുക്കളെ കാണുമല്ലോ എന്നായിരുന്നു എൻറെ ചിന്ത.
മുൻവശത്തുള്ള മെയിൻ റോഡിലൂടെ കിഴക്കോട്ട് നടന്നു. വളരെ തിരക്കുപിടിച്ച റോഡ് , നിറച്ചു വാഹനങ്ങൾ. പശുവിനെ ഒന്നും കാണുന്നില്ല. കുറേ നടന്നു അവസാനം ഒരു പശു റോഡിന്റെ നടുവിലെ മീഡിയനിൽ ഇളം വെയിലും കൊണ്ട് അയവിറക്കി കിടക്കുന്നു.
ഇനി അത് മൂത്രമൊഴിക്കണ്ടേ? ചാണകം അതിനടുത്ത് കിടപ്പുണ്ട്. പക്ഷേ എനിക്ക് മൂത്രം കിട്ടണ്ടേ?
പശുവിനോട് പറഞ്ഞു – “ദേ അമ്മ അവിടെ പ്രതിഷ്ഠക്കുള്ള ഒരുക്കങ്ങൾ തുടങ്ങി അഭിഷേകത്തിനുള്ള പഞ്ചഗവ്യത്തിന് നിന്റെ മൂത്രം വേണം. അൽപ്പം താ. വേഗം വേണം. നിനക്ക് പുണ്യം കിട്ടും.”
ഞാൻ പറഞ്ഞത് മനസ്സിലാകാത്തത് കൊണ്ടാണോ, എന്റെ തമിഴ് തിരിയാത്തതുകൊണ്ടാണോ എന്തോ പശു അവിടെത്തന്നെ കിടന്നു. സമയം വൈകുന്നു. എന്താ ചെയ്യുക?
വേറെ പശുവിനെ അവിടെയൊന്നും കാണുന്നില്ല. കണ്ടാലും ഞാൻ അടുത്തുചെല്ലുന്പോൾ അത് മൂത്രം ഒഴിക്കണ്ടേ ? അതിനു എന്താ ഉറപ്പു?
ബൈക്കിലും ബസ്സിലും പോകുന്നവരെല്ലാം എന്നെ ഉറ്റുനോക്കുന്നു. പൊക്കമുള്ള ഒരു പയ്യൻ വെളുത്ത ഷാളും പുതച്ചു ഒരു കപ്പും കയ്യിൽ പിടിച്ചു റോഡിന്റെ നടുവിൽ പശുവിന്റെ അടുത്തു ഇരിക്കുന്നു. നാണവും, അക്ഷമയും, കുറച്ചിലും എല്ലാം എന്റെ മനസ്സിലൂടെ കടന്നുപോയി. പക്ഷെ ലക്‌ഷ്യം വിടാൻ ഞാൻ തയാറായില്ല.
പെട്ടന്ന് ഒരു ബുദ്ധി തോന്നി. അടുത്തുള്ള ചായ കടയിൽ നിന്ന് ഒരു പാത്രത്തിൽ കുറച്ചു വെള്ളം വാങ്ങി പശുവിൻറെ മേൽ ഒഴിച്ചു. പശു എഴുന്നേറ്റുനിന്നു. വളഞ്ഞു നിവർന്നു. വാൽ പൊക്കി.
ദാ വരുന്നു. ശ് ർർർർർർ. പശു മൂത്രമൊഴിക്കാൻ തുടങ്ങി. അത് കപ്പിൽ നിറച്ചു ഓടി ഞാൻ ആശ്രമത്തിലെത്തി. പഞ്ചഗവ്യം തയാറാക്കി ശ്രീകോവിലിനകത്തേക്കു കൊടുത്തു.
അമ്മ പറയുന്നത് ചെയ്തു തീർക്കണം. അമ്മയുടെ ഭാവം മാറുന്നതിനു മുന്പ് തന്നെ ചെയ്തു തീർക്കണം. ഗുരു പറഞ്ഞത് എങ്ങിനെയെങ്കിലും ചെയ്യണം. നമുക്ക് ശ്രദ്ധയുണ്ടെകിൽ ചെയ്തിരിക്കും. അതിനു പ്രകൃതി കനിഞ്ഞു വേണ്ടസഹായങ്ങൾ എത്തിച്ചിരിക്കും.
ഇടത്തോട്ട് തിരിച്ചാൽ തുറക്കാൻ സാധിക്കും
ഒരു താഴിന്റെ താക്കോൽ വലത്തോട്ട് തിരിച്ചാൽ എന്നാൽ പൂട്ടും എങ്കിൽ ഇടത്തോട്ട് തിരിച്ചാൽ തുറക്കാൻ സാധിക്കും എന്നമ്മ പറയുന്നതുപോലെ, താക്കോൽ ഒന്ന് തന്നെയാണ്. നമ്മളെ ബന്ധിച്ച കർമ്മം ബോധത്തോടെ ഉപയോഗിച്ചാൽ അത് മോക്ഷത്തിന് കാരണമായി തീരുന്നു. മോക്ഷത്തിന് കർമ്മം അല്ലാതെ മറ്റൊരു നമ്മുടെ ഉപാധിയും നമ്മുടെ കയ്യിൽ ഇല്ലതന്നെ.
കയറാണ് ഇവിടെ കർമ്മം
അമ്മയുടെ മറ്റൊരുദാഹരണം – കിണറ്റിലെ വെള്ളം കോരുമ്പോൾ കയർ കാലിൽ കുരുങ്ങി ഒരാൾ കിണറ്റിൽ വീണു പോയി. അദ്ദേഹത്തിനെ രക്ഷപ്പെടുത്താനായി വലിയൊരു കയർ താഴേക്കിട്ടു കൊടുത്തു, അത് അരയിൽ കെട്ടുവാൻ ആവശ്യപ്പെട്ടു. അത് വലിച്ചു അദ്ദേഹത്തിനെ കരയ്ക്ക് കയറ്റി. ഇവിടെ അയാൾ കിണറ്റിൽ വീണത് കയറുകൊണ്ടാണ്. രക്ഷപ്പെടുത്തിയതും കയർ കൊണ്ട് തന്നെയാണ്. ആ കയറാണ് ഇവിടെ കർമ്മം. അത് എങ്ങിനെ ഉപയോഗിക്കുന്നു എന്നതനുസരിച്ച് നമ്മുടെ ബന്ധനത്തിനും മോക്ഷത്തിനും കാരണമാകുന്നു.
സംസാരത്തിനു കാരണം കാമനകളാണ്
ജനനമരണത്തിന്, ഈ സംസാരത്തിനു കാരണം കാമനകളാണ്. അതിൽ നിന്നും മുക്തനായി തീരണം. അതിനു കാമത്തെയാണ് ആദ്യം മനസ്സിൽ നിന്ന് ത്യജിക്കേണ്ടത്. കാമം മനസ്സിൽ സൂക്ഷിച്ചു കൊണ്ട് കർമ്മയോഗം അതിന്റെ പൂർണ്ണതയിൽ ചെയ്യുവാൻ ആർക്കും സാദ്ധ്യമല്ല.
മനസ്സിൽ രൂഢമൂലമായിരിക്കുന്ന കാമത്തെ എങ്ങിനെയാണ് ത്യജിക്കുക?
കാമത്തെ വളർത്തുന്നത് കാമസങ്കല്പങ്ങളാണ്. ഉദാഹരണത്തിന് ഒരു മൊബൈൽ ഫോൺ വേണമെന്ന് ആഗ്രഹിക്കുന്നു. അത് ഒരു ആവശ്യമായിരിക്കാം. പക്ഷെ ഫോണിന്റെ മോഡലിനെ ക്കുറിച്ചും, അതിൻറെ ക്യാമറ, മെമ്മറി തുടങ്ങിയ ഫീച്ചറുകളെ കുറിച്ചും മറ്റും കൂട്ടുകാരിൽ നിന്നും, ഇന്റർനെറ്റിൽ നിന്നും, വായിച്ചു, പഠിച്ചു.
അതിനെ തുടർന്ന് വീണ്ടും മറ്റു സങ്കല്പങ്ങളെ അന്തഃകരണത്തിൽ നാം സൃഷ്ടിക്കുന്നു. ആ മൊബൈൽ ഫോൺ കൊണ്ടെടുക്കുന്ന ഫോട്ടോ, വിഡീയോ അത് സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്പോൾ കിട്ടുന്ന ലൈക്കുകൾ, കമന്റുകൾ, പ്രസിദ്ധികൾ … അങ്ങിനെ അതുകൊണ്ടുണ്ടാക്കാവുന്ന സുഖങ്ങളെ കുറിച്ചു ചിന്തിച്ചു സ്വപ്നലോകത്തിൽ ജീവിക്കുന്നു. ഇതാണ് കാമസങ്കല്പങ്ങൾ.
ആ കാമസങ്കല്പങ്ങൾ വളരുന്നതനുസരിച്ച് നാം കൂടുതൽ കൂടുതൽ പ്രവർത്തികളിൽ ഏർപ്പെടുന്നു. ഈ കാമസങ്കല്പങ്ങൾ സാഹചര്യങ്ങൾകൊണ്ടും പൂർവ്വ സംസ്കാരം കൊണ്ടുമാണ് മനസ്സിൽ സൃഷ്ടിക്കപ്പെടുന്നത്.
വിവേകം കൊണ്ട് കാമത്തെ ജയിക്കണം
ഒരു ജീവൻ എന്ത് ചെയ്യുന്നതും സുഖ പ്രാപ്തിക്കു വേണ്ടിയാണ് എന്ന് നാം കണ്ടുവല്ലോ – കാമനകൾ വർദ്ധിപ്പിക്കുന്നതും അത് പ്രാവർത്തികമാക്കുവാൻ ശ്രമിക്കുന്നതും. അതിനുവേണ്ടിത്തന്നെ. ഇത് അനുസ്യൂതം തൂടർന്നു കൊണ്ടേ ഇരിക്കുന്നു.
സാഹചര്യങ്ങൾകൊണ്ടും പൂർവ്വ സംസാരം കൊണ്ടും കാമനകൾ മനസ്സിൽ ഉണർന്നു വരും. ആദ്യ ചിന്ത നമ്മുടെ കയ്യിലല്ലലോ. പക്ഷെ , അതെ തുടർന്നു വരുന്ന കാമസങ്കല്പങ്ങളെ ജയിക്കുകയാണ് വേണ്ടത്. ഇതിനു വിവേകമാണ് ആവശ്യം. വിവേകം കൊണ്ട് കാമത്തെ ജയിക്കുവാൻ സാധിക്കും.
അറിവിനെ നാം ആർജിക്കണം
ഇനി ഈ വിവേകം ഉണ്ടാകുന്നതെങ്ങനെയാണ്? ചില വിഷയങ്ങളിൽ, ലോകാനുഭവങ്ങളിൽ നിന്ന് ഉണ്ടാകാം.
ഉദാഹരണത്തിന്, കഷ്ടപ്പെട്ട് പണിയെടുത്തു മക്കളെ വളർത്തി പഠിപ്പിച്ചു അവരെ ഒരു വഴിയിലാക്കി. വലുതായപ്പോൾ അവർ മാതാപിതാക്കളെ പെരുവഴിയിലാക്കി. ആർക്കും ആരും കൂട്ടിനില്ല എന്നവർ മനസ്സിലാക്കാം. യഥാർത്ഥത്തിൽ ആരു മാത്രമേ കൂട്ടിനുള്ളൂ എന്ന വിവേകം ഗുരുക്കന്മാരിൽ നിന്നോ, ശാസ്ര്തങ്ങളിൽ കൂടിയോ, സത്‌സംഗത്തിൽ നിന്നോ മാത്രമേ ലഭിക്കുകയുള്ളു. വിവേകം എന്നു പറയുന്നത് ഈ അറിവാണ്. ഗുരൂപദേശത്തിലൂടെ ശാസ്ത്ര പഠനത്തിലൂടെ, സത്‌സംഗത്തിലൂടെ ഈ അറിവ് ദൃഢപെടുന്നു. ഈ അറിവിനെ നാം വേണ്ടവിധം ആർജിക്കണം.
വിവേക ബുദ്ധി ദൃഢപ്പെടണമെന്നില്ല
സത്‌സംഗങ്ങൾ ധാരാളമായി കേട്ടാലും, ശാസ്ത്രങ്ങൾ ഒരുപാട് പഠിച്ചാലും നമ്മുടെ വിവേക ബുദ്ധി ദൃഢപ്പെടണമെന്നില്ല. ശ്രദ്ധയോടെ, ആത്മാർത്ഥതയോടെ, അന്തർമുഖതയോടെ കേട്ടില്ലെങ്കിൽ, പഠിച്ചില്ലെങ്കിൽ വേണ്ടകാര്യം ഗ്രഹിക്കാനേ പറ്റില്ല . പഠിക്കാനുള്ള താല്പര്യവും കുറയും. ആചാര്യന്മാരെ താരതമ്യപ്പെടുത്താനും അവരിലെ തെറ്റുകുറ്റങ്ങൾ കണ്ടെത്താനാകും മാത്രമാകും നമ്മുടെ ശ്രമം മുഴുവൻ. നമ്മളിൽ കുറ്റവും കുറവും ഉണ്ടെന്നുള്ളതുപോലും തിരിച്ചറിയില്ല. അതിനാലാണ് വിവേകം നമുക്ക് ദൃഢപ്പെടാത്തത്.
ഏതു വിദ്യയായാലും അത് പഠിപ്പിക്കുന്ന ആചാര്യന്റെ കൃപയില്ലാതെ പഠിക്കുന്ന ശാസ്ത്രത്തിന്റെ താത്പര്യം ഒരിക്കലും ഒരു വിദ്യാർത്ഥിക്കും ഗ്രഹിക്കാനേ കഴിയില്ലെന്നത് അമ്മ തന്നെ പലതവണ നമ്മളെ നേരിട്ട് ഓർമ്മിപ്പിച്ചിട്ടുള്ളതാണല്ലോ.
വിവേകം ദൃഢപ്പെട്ടാലോ? കാമാദികൾക്ക് വിപരീതമായ ഭാവനകൾ മനസ്സിൽ വളരുകയായി. വിവേകത്തെ പരിശീലിക്കുന്നവനും, വിവേകം ദൃഢപ്പെട്ടവനും, പ്രാരാബ്ധം കൊണ്ട് അവന്റെ അന്തഃകരണത്തിൽ കാമാദികൾ ഉണ്ടാകാം. പക്ഷെ ആ സമയം അവനിലെ വിവേക സംസ്കാരം പ്രബലമായി വരുന്നു. ശ്രവണ മനനങ്ങൾ കൊണ്ട് ദൃഢമായ വിവേകം, കാമസങ്കല്പത്തെ ഒഴിവാക്കുന്നു, അല്ലെങ്കിൽ ഇല്ലാതാക്കുന്നു. ഒരാളുടെ മനസ്സിൽ ഇത്തരം വിവേക സംസ്കാരം ദൃഢപ്പെടുന്നതിന് അയാളുടെ മനസ്സ്, നിരന്തരം സത്‌സംഗത്തിൽ ഇരുന്നേ പറ്റൂ. ഇതാണ് വിവേകം നേടുന്നതിനുള്ള മുഖ്യ ഉപായം.
സാധരണ, ഒരു മനസ്സിൽ കാമ സങ്കല്പങ്ങൾ സാധിച്ചില്ലെങ്കിൽ, ആഗ്രഹങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ, അത് ഇഛാഭംഗത്തെയും അസ്വസ്ഥതയേയും ഉണ്ടാക്കുന്നു.
ചില സമയം മനസ്സ് കാമാദികൾക്ക് അടിപ്പെട്ടതിനു ശേഷം, ചിലപ്പോൾ ഒരുവന് വിവേകം വരൂന്നു. താൻ കാമ സങ്കല്പത്തിനു അധീനനായല്ലോ എന്ന് ചിന്തിച്ച് അസ്വസ്ഥനാകും. തന്റെ മനസ്സ് തെറ്റിലേയ്ക്ക് പോയല്ലോ എന്ന് വലുതായ പശ്ചാതാപം ഉണ്ടാകുന്നു.
ചിലർക്ക് പശ്ചാത്താപം ഉണ്ടാകുന്നില്ലെങ്കിലോ? അത് വിവേക ബുദ്ധിയുടെ കുറവുകൊണ്ടാണ്. ബാഹ്യമായി ഇരുകാലി ആണെങ്കിലും ആന്തരികമായി അവൻ നാല്കാലിയായ മറ്റോ ആയിരിക്കും. അവർ പരിണാമദശയിലാണ്. നമുക്ക് കാത്തിരിക്കാം.
വിവേകത്തിന്റെ ദൃഢതയില്ലായ്മ കൊണ്ട് കാമാദികൾ മനുഷ്യ മനസ്സിൽ പലവിധ അസ്വസ്ഥതകൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. വേണ്ടത്ര അഭ്യാസം അയാൾക്കുണ്ടായിട്ടില്ല. അതാണ് കാരണം.
അവർ ഈ സമയം മുറി അടച്ച് ധ്യാനിക്കാൻ ശ്രമിയ്ക്കുന്നു. ജപിക്കാൻ ശ്രമിക്കുന്നു. അല്ലെങ്കിൽ ഗുഹയിലോ വനത്തിലോ പോയി ഏകാന്തപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ വിവേകം ഉറയ്ക്കാത്തവർക്ക് ധ്യാനം സാധ്യമല്ല. ശാസ്ത്രപഠനവും ഗുരൂപദേശവും സത്‌സംഗങ്ങളും കൊണ്ട് വിവേകം ആർജിക്കാത്തിടത്തോളം ഇത് നിഷ്പ്രയോജനമാകും. അതിന്റെ പാർശ്വ ഫലങ്ങളായി ക്രോധവും ഉറക്കമില്ലായ്മയും ഡിപ്രഷനും ഒക്കെ ഉണ്ടാകാം.
മറ്റു ചിലർ, തന്റെ മനസ്സ് വീണ്ടും കൈവിട്ടു പോയല്ലോ, സത്യവും ധർമ്മവും പാലിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് കരയുന്നു. ഇത്തരത്തിലുള്ള കുറ്റബോധം അവരെ ചിലപ്പോൾ ആത്മഹത്യയിലേക്ക് വരെ എത്തിക്കാം.
ശരീരത്തെ മുഴുവനും എങ്ങിനെ ശിക്ഷിക്കാൻ പറ്റും
ഒരു വക്കീൽ കോടതിയിൽ വാദിക്കുകയായിരുന്നു. – “എന്റെ കക്ഷി കയ്യുമാത്രമേ സൂപ്പർ മാർക്കറ്റിന്റെ ജനാലയിലൂടെ അകത്തിട്ടുള്ളൂ. കൈ കുറച്ചു മൊബൈൽ ഫോൺ എടുത്തതിനു ആ ശരീരത്തെ മുഴുവനും എങ്ങിനെ ശിക്ഷിക്കാൻ പറ്റും?”
ജഡ്ജി പറഞ്ഞു “ശരി. നിങ്ങളുടെ യുക്തിപ്രകാരം തന്നെ പറയട്ടെ – മോഷണക്കുറ്റത്തിന് രണ്ടുവർഷം കയ്യ് ജയിലിൽ കിടക്കട്ടെ.” ജഡ്ജി വിധിപറഞ്ഞു.
വക്കീലും കക്ഷിയും പരസ്പരം നോക്കി ചിരിച്ചു.
വക്കീലിന്റെ സഹായത്തോടെ, കക്ഷി, കൃത്രിമ കൈ അഴിച്ചുമാറ്റി മേശപ്പുറത്തുവച്ചു നടന്നു നീങ്ങി. എല്ലാവരും വാ പൊളിച്ചു നോക്കി നിന്നു.
നിർഭാഗ്യവശാൽ നമ്മുടെ ശരീര മനോബുദ്ധികൾ ഇതുപോലെ അഴിച്ചുമാറ്റാൻ പറ്റുന്ന ഒന്നല്ല. പക്ഷെ ഇവയ്കു സാക്ഷിയായി നിന്ന് കൂടുതൽ വിവേകം ആർജ്ജിക്കുവാൻ നമുക്ക് സാധിക്കും.
സർക്കസിന്റെ ആവശ്യം ഇല്ല
കാമസങ്കല്പം ദുർബലമാണെങ്കിൽ ധ്യാനജപാദികൾക്ക് അയാളുടെ മനസ്സ് വഴങ്ങും. എന്നാലും മനസ്സിന് ഏകാഗ്രത കിട്ടുകയില്ല. മനസ്സ് കൈവിട്ട് മറ്റു പലവഴിക്കും പോകും.
അല്ലെങ്കിൽ, ഇത്തവണ ഇങ്ങനെ പോകട്ടേ, അടുത്ത പ്രാവശ്യം ഞാൻ ഇത്തരം അബദ്ധത്തിൽ ചെന്ന് ചാടുകയില്ലയെന്ന് പ്രതിജ്ഞയെടുക്കും. കാമാദി സങ്കല്പങ്ങൾ വളരെയധികം പ്രബലമാണെങ്കിൽ പെട്ടെന്നു തന്നെ ജപം അവസാനിപ്പിക്കും. മനസ് ഒരിക്കലും പിടിതരുകയില്ല. എന്നാൽ വിവേകം ഒരുവനിൽ ദൃഢപ്പെട്ടിട്ടുണ്ടെങ്കിൽ ഈ സർക്കസിന്റെ ആവശ്യം ഇല്ല.
കുളത്തിലെ പായൽ
മനസ്സിൽ നിന്ന് കാമാദികളെ ഓടിക്കണമെന്നുണ്ടെങ്കിൽ ജപധ്യാനാദികൾ കൊണ്ട് മാത്രമാവില്ല. അവ താത്കാലികമായി ഫലം കണ്ടേക്കാം. കുളത്തിലെ വെള്ളത്തിൽ കയ്യിട്ട് ആട്ടിയപ്പോൾ പായൽ മാറിപോകുന്നത് പോലെ. സെക്കന്റുകൾക്കകം വീണ്ടും പായൽ വന്നു നിറയും. എന്തു സാധനകൾ ചെയ്താലും വിവേകവും വൈരാഗ്യവും ഉണർത്തണം . അത് കൊണ്ട് വേണം കാമത്തിനെ നശിപ്പിക്കേണ്ടത്. ആ വിവേകമാണ് ഗുരുകൃപയ്ക് നമ്മളെ പാത്രമാക്കുന്നതു.
നമുക്ക് ഇത് ഇവിടെ കുറച്ചു എളുപ്പമുണ്ട് . എങ്ങനെയെന്നാൽ ..
കാമാരി പ്രിയയല്ലയോ ഭവതി എന്തീ
തുച്ഛ കാമത്തിലിട്ടാമം വച്ചു
വലച്ചിടുന്നു നരരെ, താരേശ ചൂഡപ്രിയേ.
ഭീമാഘങ്ങളെ നീക്കി നിൻ തിരുമിഴിപ്പാട്ടിൽ
പിടിച്ചിട്ടു കൈയ്യാമം വയ്ക്കുക
നാമമോതിയിവിടെ കൂടാം മരിക്കും വരെ.
[അമ്മേ അവിടുന്നു കാമദേവനെ നശിപ്പിച്ച ശിവന്റെ പ്രിയയല്ലേ? മനുഷ്യരെ എന്തിനാണീ തുച്ഛമായ കാമത്തിലിട്ടു കയ്യാമം വച്ച് വലക്കുന്നതു? അവരുടെ ഘോര പാപങ്ങെളെല്ലാം നീക്കി കരുണാ കടാക്ഷമാകുന്ന നിന്റെ പാട്ടിൽ പിടിച്ചിട്ടു കയ്യാമം വയ്ക്കു. മരിക്കും വരെ അവിടുത്തെ നാമം ചൊല്ലി ഇവിടെ കഴിയട്ടെ ഞങ്ങൾ. ]
ആ കടാക്ഷം ഒന്ന് വീണാൽ മതി.
വിവേകം സദാസമയം ഉണർന്നിരിക്കുകയില്ല
കാമാദി സങ്കല്പങ്ങളെ മനസ്സിൽ നിന്നും ത്യജിക്കണമെന്നുണ്ടെങ്കിൽ പ്രയത്‌നത്തിലൂടെ വിവേക വൈരാഗ്യ സംസ്കാരത്തെ ദൃഢപ്പെടുത്തിയേ മതിയാകൂ. കാരണം വിവേകം സദാസമയം ഉണർന്നിരിക്കുകയില്ല. എപ്പോഴാണോ കാമചിന്തകൾ ഉണ്ടാകുന്നത് ആ സമയം നമ്മളിലെ വിവേകം ശക്തമായി ഉണർന്ന് കാമാദി സങ്കല്പങ്ങളെ പ്രതിരോധിക്കണം. അത് ബോധപൂർവ്വം പരിശ്രമിക്കേണ്ട കാര്യമല്ല, തനിയേ ഉണർന്നു വരേണ്ടതാണ് – വിവേക സംസ്കാരം ദൃഢപ്പെട്ടിട്ടുണ്ടെങ്കിൽ. അല്ലെങ്കിൽ പരിശ്രമിച്ചു ആ സംസ്കാരം ഉണ്ടാക്കി എടുക്കണം.
വീണാൽ നീന്താൻ തുടങ്ങും
നീന്തലു പഠിച്ചവനെ, അറിയാതെ ആരെങ്കിലും വെള്ളത്തിൽ തള്ളിയിട്ടാലും, എത്ര ആഴമുള്ള കയത്തിലായാലും അവൻ മുങ്ങിച്ചാകുകയില്ല. വെള്ളത്തിൽ വീണസമയം തന്നെ അവൻ നീന്താൻ തുടങ്ങും. കാരണം അവൻ അത് അവിടെ നേരത്തെ തന്നെ അറിവിൻറെ രൂപത്തിൽ, സംസ്കാര രൂപത്തിൽ സഞ്ചയിച്ചു വെച്ചിട്ടൂണ്ട്.
സ്വിഗ്ഗിയിൽ നിന്നോ സൊമാറ്റോയിൽ നിന്നോ
സുഖം വർദ്ധിച്ചു വരുന്പോൾ മനസ്സിനതു ദുഃഖത്തെയുണ്ടാക്കും.
ദുഃഖമാണെങ്കിൽ അത് തുടർന്നും ദുഃഖത്തേ തന്നെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കും.
ഒരു ദൃഷ്ടാന്തം പറയാം.
വീട്ടിൽ മുന്ന്‌നേരം സുഖമായി വയറുനിറച്ചു കഴിക്കുന്നവന്, കിട്ടുന്ന ഭക്ഷണത്തിനു സ്വാദുപോരാ. അതുകൊണ്ടു സ്വിഗ്ഗിയിൽ നിന്നോ സൊമാറ്റോയിൽ നിന്നോ ഭക്ഷണം ഓർഡർ ചെയ്യുന്നു. അതിനു വേണ്ടി പണവും, നല്ലഭക്ഷണം കണ്ടെത്താൻ സമയവും കൂടുതൽ ചിലവാക്കേണ്ടി വരുന്നു. ചിലപ്പോൾ നമ്മുടെ ക്രെഡിറ് കാർഡ് വിവരങ്ങൾ ആരെങ്കിലും ചോർത്തി പൈസ അടിച്ചുമാറ്റി എന്ന് വരാം. ഓർഡർ ചെയ്തത് സമയത്തിനു കിട്ടിയില്ലെങ്കിൽ, ഓർഡർചെയ്ത സാധനം തന്നെ കിട്ടിയില്ലെങ്കിൽ, ദുഖവും ദേഷ്യവുമൊക്ക ഉണ്ടാവുന്നു. ഡെലിവറി ബോയിയെ തല്ലിയ സംഭവങ്ങൾ ധാരാളം നമ്മൾ കേട്ടിട്ടുണ്ടല്ലോ. കൂടുതൽ സുഖം എങ്ങിനെ ദുഖത്തിലേക്കു പോകുന്നു ഇത് വെളിവാക്കുന്നു.
അന്തഃകരണത്തിന് ദൃഢത
ഇനി ദുഖത്തിന്റെ കാര്യം നോക്കാം .
ദുഃഖം – അത് നേരീട്ട് തന്നെ അസ്വസ്ഥതയെ ഉണ്ടാക്കുന്നതാണ്. അതുകൊണ്ടു ദുഃഖത്തെ ഒഴിവാക്കാനാണ് നാം ആഗ്രഹിക്കുന്നത്. പക്ഷെ സുഖം നേരിട്ടല്ല ദുഃഖത്തെ സൃഷ്ടിക്കുന്നത്. അതിനാലാണ് നാം സുഖമാഗ്രഹിക്കുന്നതും, അത് സ്വസ്ഥത നൽകുന്നതാണെന്നു ചിന്തിക്കുന്നതും. ഈ രണ്ടു വൃത്തികളും നമ്മുടെ അന്തഃകരണത്തിലാണ് ഉണ്ടാകുന്നത്. ഈ രണ്ട് അനുഭവങ്ങളിലും ഇളകാതെയിരിക്കണം. അന്തഃകരണത്തിന് ദൃഢതയുണ്ടായിരിക്കണം എന്നർത്ഥം.
ഇത് മനസ്സിലാക്കുന്നതാണ് കർമ്മത്തിന്റെ മർമ്മം.
വേറെ കുറുക്കുവഴിയൊന്നുമില്ല
ഒരു സംഭവം ഞാൻ ഓർക്കുകയാണ്. അമൃതാഹോസ്പിറ്റലിൽ ജോലിചെയ്യുന്ന ഒരു ബ്രഹ്മചാരി. ഉത്തരവാദിത്വപ്പെട്ട സ്ഥാനമാണ് വഹിക്കുന്നത് അവിടെ. കാര്യമായി ശാസ്ത്ര പഠനവും സാധനയും ചെയ്യുന്ന ആൾ. ഒരു റൂം ദർശനത്തിൽ അമ്മയോട് മോക്ഷം വേണമെന്ന് പ്രാർത്ഥിച്ചു. “മോനെ എല്ലാ കർമ്മങ്ങളും പൂജയായി ചെയ്യണം, വേറെ കുറുക്കുവഴിയൊന്നുമില്ല. ” എന്നമ്മ വളരെ ലാഘവത്തോടെ പറഞ്ഞു.
“അമ്മ എന്നെക്കൊണ്ട് ഹോസ്പിറ്റലിൽ തന്നെ പണിയെടുപ്പിക്കാനാണ് ഇത് പറയുന്നത്” എന്ന് അദ്ദേഹം മനസ്സിൽകരുതി. കാരണം ശാങ്കരഭാഷ്യമെല്ലാം പഠിച്ചിട്ട് കർമ്മംകൊണ്ട് ജ്ഞാനം കിട്ടില്ല എന്ന് ഉറച്ചുപോയിരുന്നു.
വിഷമത്തോടെ മടങ്ങി പോയി. അക്കാലത്ത് എറണാകുളം ശിവക്ഷേത്രത്തിൽ നടക്കുന്ന പ്രഭാഷണങ്ങളിൽ ആ ബ്രഹ്മചാരി പങ്കെടുത്തു. ഉദ്ധവഗീതയായിരുന്നു വിഷയം. ഉദ്ധവർ ശ്രീകൃഷ്ണനോട് മോക്ഷത്തിന് എളുപ്പമായ ഉപായം എന്താണ് എന്ന് ചോദിക്കുന്നു. ‘എല്ലാകർമ്മങ്ങളും പൂജയാക്കി ചെയ്യണം, അതാണ് വഴി’ എന്നതായിരുന്നു ശ്രീകൃഷ്ണന്റെയും ഉത്തരം.
ബ്രഹ്മചാരിയുടെ തെറ്റിധാരണ മാറി. അമ്മയുടെ വാക് പാലിക്കാൻ തുടങ്ങി. അദ്ദേഹം തെന്നെയാണ് എന്നോട് ഇത് പറഞ്ഞത്.
മനുഷ്യരിൽവച്ചു ബുദ്ധിമാൻ
ശരീരത്തിനു കർമ്മം ചെയ്യാതിരിക്കാൻ സാധ്യമല്ല. ശരീരം കർമ്മം ചെയ്യുന്പോഴും അവന്റെ മനസ്സ് കർമ്മത്തിൽ ആയിരിക്കില്ല. അതിനു കാരകമായ ആത്‌മാവിൽ ആയിരിക്കും. ആത്‌മാവിന് കർമ്മം സാധ്യമല്ല. ആത്മാവിന്റെ സാന്നിധ്യത്തിൽ ശരീരം ആണ് കർമ്മം ചെയ്യുന്നത്. ഇത് മനസ്സിലാക്കുന്നവൻ, മനുഷ്യരിൽവച്ചു ബുദ്ധിമാൻ ആകുന്നു. സകലകർമ്മങ്ങളുടെയും ഫലത്തെ ഉൾക്കൊള്ളുന്ന മോക്ഷം, സ്വാതന്ത്ര്യം, ആനന്ദം ഇവ നേടിയവനാകുന്നു എന്ന് ഗീതാചാര്യൻ പറയുന്നു.
കർമണ്യകർമ യഃ പശ്യേ-
ദകർമണി ച കർമ യഃ
സ ബുദ്ധിമാൻ മനുഷ്യേഷു
സ യുക്തഃ കൃത്സ്നകർമകൃത്. 4 -18
സ്വാമി മോൻ ലോകത്തോട് പറഞ്ഞുകൊടുക്കണം
കാഞ്ചി ശങ്കരാചാര്യ ശ്രീ ജയേന്ദ്ര സരസ്വതി സ്വാമികൾ 2010 ജനുവരിയിൽ ഇവിടെ അമൃതപുരിയിൽ വന്നിരുന്നു. ഈ സ്റ്റേജിൽ വച്ച് അമ്മയുമായി അരമണിക്കൂറോളം സംസാരിച്ചു.
തദവസരത്തിൽ അമ്മ ചോദിച്ചു “ആളുകൾ അദ്വൈതം പഠിച്ചിട്ടു, കർമ്മം ചെയ്‌താൽ വാസന വരും എന്ന് പറഞ്ഞു നിഷ്ക്രിയരായി മാറുന്നത് എന്തുകൊണ്ടാണ്? ”
ശങ്കരാചാര്യർ പറഞ്ഞു – “അമ്മേ അത് പഠിപ്പിക്കുന്നതിന്റെ തെറ്റാണ്. അദ്വൈതം ശരിയായി പഠിച്ചാൽ അങ്ങിനെ വരില്ല അമ്മേ.”
“അങ്ങിനെയെങ്കിൽ സ്വാമി മോൻ ഇത് ലോകത്തോട് പറയണം.”
“ശരി” എന്ന് ശങ്കരാചാര്യ സ്വാമികൾ സമ്മതിച്ചു. “അമ്മ എന്നെ എപ്പോൾ എവിടെ വിളിച്ചാലും ഞാൻ വരും” എന്ന് കൈകൾ കൂപ്പി അദ്ദേഹം അമ്മയോട് പറഞ്ഞു.
{news}
ഈശ്വര ബോധവും ഈശ്വര വിശ്വാസവും
ഈശ്വര ബോധവും ഈശ്വര വിശ്വാസവും രണ്ടാണ്. ഈശ്വര ബോധമില്ലാതെ കർമ്മയോഗം സാധ്യമല്ല. ശാസ്ത്രപഠനം കൊണ്ട് ഈശ്വരബോധം വരുന്നു. നിഷ്കാമം ഈശ്വരബോധത്തോടുകൂടി ചേരുന്പോഴാണ് കർമ്മയോഗം ആകുന്നതു. കർമ്മം ഏതുമാകാം. മനോഭാവമാണ് പ്രധാനം. കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത്, ഊണും ഉറക്കവും വിട്ടു കർമ്മം ചെയ്യുന്നത്, കർമ്മയോഗമാകണമെന്നില്ല. കർമ്മത്തിൽ ഉദ്ദേശിച്ച ഫലം കിട്ടാത്തത് നമ്മുടെ ആസൂത്രണത്തിന്റെ കുറവാണോ, കാര്യക്ഷമതയോടെ കുറവാണോ, അഹങ്കാരം അടിയറവു വയ്ക്കാൻ തയ്യാറാകാത്തതാണോ എന്ന് സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. അല്ലാതെ ഈശ്വരകൃപയെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.
കർമ്മയോഗിയുടെ മനസ്സ് ഈശ്വരനിലാണ്.
അമ്മ പറയുന്നു – “കർമ്മയോഗിയുടെ മനസ്സ് കർമ്മത്തിലല്ല, ഈശ്വരനിലാണ്” എന്ന്. ശ്രദ്ധയില്ലാതെ കർമ്മം ചെയ്യുന്നു എന്നല്ല അർഥം. ഓരോ കർമ്മവും ശ്രദ്ധിച്ചാണ് ചെയ്യുന്നത് എന്നാണ്. ശ്രദ്ധ, കർമ്മത്തിൽ അകർമ്മമായ, അകർമ്മത്തിൽ കർമ്മമായ, ചൈതന്യമായ അമ്മയിൽ മാത്രമാണ്.
ഇതാണ് “കർമ്മത്തിന്റെ മർമ്മം അറിയണം” എന്ന് അമ്മ പറഞ്ഞ അമൃത സൂത്രത്തിന്റെ സാമാന്യമായ അർഥം.
ഈ മൂന്ന് നാല് വാക്കുകൾക്കു ഇത്രയും അർത്ഥമുണ്ടോ?
ഹാ…. ഇതൊന്നുമായിട്ടില്ല. ദിവസങ്ങളോളം വേണമെങ്കിൽ ഇത് വ്യാഖ്യാനിച്ച് പറയാം.
ചിലർ അമ്മ പറഞ്ഞത് ഇഷ്ടപ്പെടുന്നു. അവർ അമ്മയെ അറിയണമില്ല. അമ്മയെ ഇഷ്ടപ്പെടുന്നവർ അമ്മ പറയുന്നതു കേൾക്കുന്നില്ല; കേട്ടാലും വാക്കുകളുടെ താത്പര്യം അറിയണമെന്നില്ല. അമ്മയിലൂടെ, അമ്മയുടെ വാക്കുകളിലൂടെ അമ്മയെത്തന്നെയാണ് നാം അറിയേണ്ടത്. ഇത് അത്ര എളുപ്പമല്ല.
ഇത് വിശദമാക്കാനായി ചില അനുഭവങ്ങൾ പറയാം.
ഋഷികേശിൽ നിന്നും സന്യാസിമാർ
തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ ഒരുദിവസം ഋഷികേശിൽ നിന്നും പണ്ഡിതരായ കുറച്ചു സന്യാസിമാർ കേരളം സന്ദർശിക്കാൻ വന്ന സമയം. ഇവിടെ ഇങ്ങിനെ ഒരാശ്രമമുണ്ട് 300 ഓളം ബ്രഹ്മചാരികളും ബ്രഹ്മചാരിണികളുമുണ്ട് എന്നറിഞ്ഞു നമ്മുടെ ആശ്രമത്തിലും വന്നു. അവർ അമ്മയുമായി കുടിലിൽ വച്ച് സംസാരിച്ചു. അമ്മയോട് സംസ്‌കൃതം പഠിക്കണമെന്നും വേദം പഠിക്കണമെന്നും നിർദ്ദേശിച്ചു. “അമ്മയൊക്കൊന്നുമറിയില്ല, എന്റെ മക്കൾക്ക് ഇതെല്ലാം പറഞ്ഞു കൊടുക്കൂ” എന്നമ്മ അവരോട് പറഞ്ഞു.
അതിനുശേഷം ആ സന്യാസിമാർ ആശ്രമ അന്തേവാസികളെ എല്ലാം അഭിസംബോധന ചെയ്തു സംസാരിച്ചു. സംസ്കൃതത്തിലായിരുന്നു അത്. 40 മിനുട്ടോളം നീണ്ടുനിന്ന അതിന്റെ ചുരുക്കം ഇതായിരുന്നു. എന്തെല്ലാം സർക്കസ്സ് ചെയ്താലും വേദം പഠിക്കാതെ മുക്തികിട്ടില്ല. അതിനു സംസ്കൃത പഠനം അത്യാവശ്യമാണ്. ബ്രാഹ്മണനുമാത്രമേ പഠിപ്പിക്കാൻ യോഗ്യതയുള്ളൂ എന്നും അവർ ആവർത്തിച്ചു ആവർത്തിച്ചു പറഞ്ഞു.
ഇതിൽ നിന്നും അവർ പറയാതെ പറഞ്ഞത്, ഞങ്ങൾ കുറച്ചുപേരെങ്കിലും മനസ്സിലാക്കിതു ഇങ്ങിനെയാണ് – നിങ്ങൾ ഗുരു എന്ന് പറയുന്ന അമ്മയ്ക്ക് സംസ്കൃതം അറിയില്ല, വേദം പഠിച്ചില്ല, അതുകൊണ്ട് മുക്തിയില്ല. ബ്രാഹ്മണനല്ലാത്തതുകൊണ്ടു ഗുരുവാകാനും പറ്റില്ലാ എന്നതായിരുന്നു.
എങ്ങിനെ ഈ വാദത്തെ പ്രതിരോധിക്കും? എന്റെ മനസ്സ് പുകയുകയായിരുന്നു
പ്രഭാഷണത്തിന് ശേഷം ചോദ്യം ചോദിയ്ക്കാൻ സ്വാമി അവസരം തന്നു. ഞാൻ വേദം പഠിച്ചിട്ടില്ല. എന്ത് ചെയ്യും? എന്ത് ചോദിക്കും?
അൽപ സമയത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ ഒരു ചോദ്യം ചോദിച്ചു. വളരെ നിഷ്കളങ്കമായ ഒരു ചോദ്യം – “സ്വാമീ, ഭാരതത്തിനു പുറത്തു സാക്ഷാത്ക്കാരം നേടിയ മഹാത്മാക്കൾ ഉണ്ടായിട്ടുണ്ടോ? “
ആ സ്വാമി പറഞ്ഞു “ഉവ്വ്.”
ഞാൻ മനസ്സിൽ പറഞ്ഞു – കളി ഞാൻ ജയിച്ചു കഴിഞ്ഞു.
തുടർന്ന് രണ്ടാമത്തത്തെ ചോദ്യം.
“അവർ സംസ്കൃതമോ വേദമോ പഠിച്ചിട്ടുണ്ടോ?”
“ഇല്ല” എന്നു മറുപടിയും സ്വാമി പറഞ്ഞു.
ഞങ്ങൾക്കെല്ലാം വളരെ ആശ്വാസമായി. 40 മിനുട്ട് സംസാരിച്ചു അദ്ദേഹം ഞങ്ങളെ ഉദ്ബോധിപ്പിച്ചത്, ശരിയല്ല എന്ന് അദ്ദേഹത്തെ കൊണ്ട് തന്നെ പറയിച്ചു.
വലിയൊരു പ്രസ്ഥാനത്തിലെ വേദാന്ത ആചാര്യനും മഹാമണ്ഡലേശ്വരനുമായിരുന്നു അദ്ദേഹം.
ആചാര്യ പ്രദ്യുമ്ന
മറ്റൊരു ആചാര്യന്റെ അനുഭവം പറയാം.
2019 ൽ അമ്മ വിദേശയാത്രയിലായിരുന്ന സമയം ആചാര്യ പ്രദ്യുമ്ന ഇവിടെ സന്ദർശിച്ചിരുന്നു. ആരാണ് അദ്ദേഹം? പതഞ്ജലി യോഗപീഠത്തിലെ, ഖാൻപുർ ആർഷ ഗുരുകുലത്തിലെ വേദാന്ത ആചാര്യനാണ്. ബാബാ രാംദേവിന്റെ ഗുരുവുമാണ്.
30 മിനുട്ടുകളോളം അദ്ദേഹവുമായി അമ്മയെപ്പറ്റി ഞാൻ സംസാരിച്ചിരുന്നു. അമ്മയുടെ ഉപദേശങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ച മുഴുവനും. അദ്ദേഹം സദാ ഉരുവിട്ടുകൊണ്ടിരുന്നു ഒരു മന്ത്രമുണ്ടായിരുന്നു. – അത് അദ്ദേഹത്തിന് വല്ലാതെ പ്രചോദനം കൊടുത്തിരുന്നു എന്ന് തോന്നി.
ഇതിനു മാസങ്ങൾക്കു മുൻപ് ബാബ രാംദേവ് ഇവിടെ സന്ദർശിച്ചു അമ്മയെക്കണ്ടു കുറെ നേരം സംസാരിച്ചിരുന്നു. അതിൽ അമ്മ പറഞ്ഞ കാര്യം അദ്ദേഹം തന്റെ ഗുരുവായ ആചാര്യ പ്രദ്യുമ്നനോട് പറഞ്ഞിരുന്നു. അതു ഇതായിരുന്നു. “സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല ഒന്നാണ് ഇതാണ് സനാതന ധർമ്മത്തിന്റെ കാഴ്ചപ്പാട്” എന്നായിരുന്നു.
നമ്മൾ എന്നും ഇവ കേൾക്കുന്നതുകൊണ്ടും, ശാസ്ത്രാർത്ഥങ്ങൾ നാം വേണ്ടവണ്ണം ഗ്രഹിക്കാത്തതുകൊണ്ടും ആ സരളമായ വാക്കുകളുടെ അർത്ഥവും വ്യാപ്തിയും നമുക്ക് മനസ്സിലാവില്ല. പക്ഷെ അദ്ദേഹത്തിനു മനസ്സിലായി. ശാസ്ത്രങ്ങൾ ഒന്നും പഠിക്കാത്ത അമ്മ, ശാസ്ത്രസാരം അരച്ചുകലക്കി 4 വാക്കുകളിൽ ഒരുക്കിയിരിക്കുന്നു. ‘സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല ഒന്നാണ് ‘ എന്നായിരുന്നു അദ്ദേഹം മന്ത്രം പോലെ ജപിച്ചിരുന്നത്. വിവരമുള്ളവർക്കു മനസ്സിലാകുന്നുണ്ട് അതിന്റെ ആഴവും സൗന്ദര്യം.
{news}
മറ്റൊരു രസകരമായ അനുഭവം കൂടി പങ്കുവയ്ക്കട്ടെ –
വിദ്യാഭ്യാസം ഇല്ലെങ്കിൽ ഈശ്വരനെ തിരിച്ചറിയാൻ വളരെ എളുപ്പമാണ്
കേരള തമിഴ് നാട് അതിർത്തിയിലെ താലൂക്കാണ് അട്ടപ്പാടി. ആദിവാസികളാണ് ഈ വനമേഖലയിലെ ഭൂരിഭാഗം പേരും. അവിടെ ഗൃഹസന്പർക്ക പരിപാടിയുമായി നടക്കുന്ന കാലം.
ഓരോദിവസവും 3, 4 ഗ്രാമങ്ങൾ സന്ദർശിക്കും. മലയുടെ മുകളിലാണ് അവരുടെ താമസം. അവിടെനിന്നു കിലോമീറ്ററുകൾ നടന്നുവേണം അടുത്ത ഗ്രാമത്തത്തിൽ എത്താൻ. ഒരു മലയിറങ്ങി അടുത്ത മലകയറി ചെന്നാൽ അടുത്ത ഗ്രാമത്തിൽ എത്താം . നൂറിൽ താഴെ ആൾക്കാരെ ഓരോ ഗ്രാമത്തിലും ഉണ്ടാകൂ.
ആ ഉയരമുള്ള മലകളിലെ മരങ്ങൾ മുഴുവൻ വെട്ടിക്കളഞ്ഞതുകൊണ്ടു ഇപ്പോൾ മൊട്ടക്കുന്നായിരിക്കുന്നു. നടക്കുന്പോൾ മേഘപാളികൾ നമ്മളെ തൊട്ടുരുമ്മി പോകും. ചിലസമയത്ത് മഴപെയ്യുന്പോൾ മുട്ടിനുതാഴെ മാത്രമായിരിക്കും മഴ. കാരണം നമ്മൾ നില്കുന്നത് മേഘത്തിനു മുളകിലാണ്.
ഗ്രാമത്തിലെത്തി അവരോട് കുശലാന്വേഷണം നടത്തും, അമ്മയെക്കുറിച്ചു സംസാരിക്കും. അങ്ങിനെ ഒരു ദിവസം ഒരു ഗ്രാമത്തിലേക്ക് ചെന്നു. ആൾക്കാരെല്ലാം വിളിച്ചുകൂട്ടി ചെറിയൊരു പൂജ നടത്തി. അമ്മയെ കുറിച്ച് അവരോട് ഞാൻ സംസാരിക്കുകയാണ്. പക്ഷെ അപ്പോഴാണ് അറിഞ്ഞത് അവർക്ക് മലയാളം അറിയില്ല എന്ന്. തമിഴ് ആണ് കൂടുതലും. പിന്നെ ആദിവാസികളുടെ ഭാഷയും. കാട്ടിലല്ലേ താമസം. അതു അറിഞ്ഞപ്പോൾ വലിയ വിഷമം ആയി. അമ്മയെ കുറിച്ച് പറയാൻ വന്നിട്ട് എനിക്കൊന്നും പറയാൻ പറ്റാതിരിക്കുക. അവരുടെ ഭാഷയിൽ ഞാൻ സംസാരിക്കാൻ ശ്രമിച്ചു – എനിക്കറിയാവുന്ന തമിഴിൽ അമ്മയെ പരിചയപ്പെടുത്തി. – അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ പലരും കരയുന്നുണ്ടായിരുന്നു. അതോ എന്റെ തമിഴ് കേട്ടിട്ടാണോ ?
അല്ലേ അല്ല. കാരണം …ഒരമ്മ എൻറെ അടുത്ത് വന്നു എന്റെ കയ്യിലെ അമ്മയുടെ ദേവീഭാവത്തിന്റെ ചിത്രം ചൂണ്ടിക്കാട്ടി പറഞ്ഞു – “ഈ അമ്മയെ ഞാനിന്നലെ സ്വപ്നം കണ്ടു. ഇതേ സാരിയും കിരീടവും. അമ്മ സാക്ഷാൽ ദേവി ആണ് പരാശക്തി ആണ്” എന്ന്.
വിദ്യാഭ്യാസമില്ലാത്ത ആ അട്ടപ്പാടിയിലെ ആദിവാസിക്ക് എങ്ങിനെ അമ്മയെ മനസ്സിലായി? അമ്മയെ നേരിൽ കാണാതെ തന്നെ.
നേരിൽ കണ്ടിട്ട് പലർക്കും ഒന്നും മനസ്സിലാവുന്നില്ലാ. അപ്പോൾ വിദ്യാഭ്യാസം ഉള്ളതാണോ പ്രശ്നം? നിഷ്കളങ്കരാണെങ്കിൽ ഈശ്വരനെ തിരിച്ചറിയാൻ വളരെ എളുപ്പമാണ്. i was born intelligent, education spoiled me എന്ന് ടി ഷർട്ടിന്റെ മുകളിൽ വായിച്ചത് ഓർമ്മ വരുന്നു. ‘വിവേകബുദ്ധിയോടെയാണ് ഞാൻ ജനിച്ചത്, വിദ്യാഭ്യാസം എന്നെ വഷളാക്കി.’
സദ്ഗുരു സാന്നിദ്ധ്യം
ഭാഷയറിയാത്ത, വേണ്ടവിധം ശരിയായി അക്ഷരങ്ങൾ കൂട്ടി എഴുതാനോ വായിക്കാനോ അറിയാത്ത കൊച്ചുകുട്ടികൾ നമ്മുടെ അമ്മയുടെ മുന്നിൽ ഗഹനമായ വേദാന്ത തത്വങ്ങളെ വളരെ ലളിതമായി, സ്വജീവിതാനുസാരിയായി വ്യാഖ്യാനിക്കുന്നത് നമ്മൾ ദിവസവും കാണുന്നുണ്ടല്ലോ? അമ്മയുടെ ചോദ്യങ്ങൾക്കു ഉരുളയ്ക്ക് ഉപ്പേരിപോലെ അവർ കൊടുക്കുന്ന മറുപടിയും നമ്മൾ വേണ്ടുവോളം ആസ്വദിക്കാറുമുണ്ടല്ലോ.
4 വയസ്സുള്ള അരവിന്ദ് മായ എന്താണ് എന്നതിന് ഉത്തരം പറഞ്ഞത് ഓർമ്മയുണ്ടോ? “മാജിക്കാണ് മായ. മായ നമ്മളെ പിടിച്ചാൽ ദുഖമാണ്. നമ്മൾ മായയെ പിടിച്ചാൽ സുഖമായി കഴിയാം.” ആരാണ് അവനെ പഠിപ്പിച്ചത്? അച്ഛനും അമ്മയുമൊ? ഏയ്, അവർക്കൊന്നും അറിയില്ല. വെറും മൂന്നുവരികളിൽ അരവിന്ദ് വലിയൊരു തത്വശാസ്ത്രം വിവരിച്ചു.
ന്യൂയോർക്കിൽ നിന്നുള്ള 6 വയസ്സുള്ള ലളിത, നിമിത്തമാത്രം എന്ന ശ്ലോകം വ്യാഖ്യാനിച്ചത് എങ്ങിനെയെന്നറിയുമോ? ‘ശത്രുസൈന്യത്തെ മുഴുവൻ ഞാൻ നേരത്തോടെ വധിച്ചുകഴിഞ്ഞതാണ് നീ ഒരുനിമിത്തമായാൽ മതി’ എന്നതിന് അവളുടെ പല്ലുകൊഴിഞ്ഞുപോയ ഉദാഹരണമാണ് എടുത്തത് . അവളുടെ കയ്യാണ് ഉപകരണം. ആടുന്ന പല്ലുപറിക്കുവാൻ വിസമ്മതിക്കുന്ന കൈയ്യിനോട് പറയുകയാണ് ‘എന്തായാലും ഇവയെല്ലാം നാളെ കൊഴിഞ്ഞേ തീരൂ . നീ പറിച്ചില്ലെങ്കിലും അവകൊഴിയുകതന്നെ ചെയ്യും. അതുകൊണ്ട് കയ്യേ നീ ധർമ്മം അനുഷ്ഠിക്കൂ.” എന്ന്. അവളുടെ ജീവിതവുമായി ആയി ബന്ധപ്പെടുത്തി ആറുവയസ്സുകാരി ഗീതാ ശ്ലോകം വ്യാഖ്യാനിച്ചു.
മായയെ വിശദീകരിച്ച ഏഴുവയസുള്ള ശക്തിപ്രസാദ് എന്താണ് പറഞ്ഞത്? അമ്മ ബ്രഹ്മസ്വരൂപിണിയും മായാസ്വരൂപിണിയുമാണ് എന്നാണ്. എന്തുകൊണ്ട് എന്നമ്മയുടെ ചോദ്യത്തിന് അവൻ കൊടുത്ത മറുപടി – “ബ്രഹ്മത്തെ കാണാനോ തൊടാനോ പറ്റില്ല. ആ ബ്രഹ്മം മനുഷ്യ രൂപം ധരിച്ച് വന്നതാണ് അമ്മ. കാണാനും തൊടാനും പറ്റണമെങ്കിൽ മായ സ്വരൂപിണിയാവണം. പക്ഷെ ഇത് ഈ മായാസ്വരൂപം യാഥാർത്ഥ്യമല്ല.” ആരാണീ ബ്രഹ്മസ്വരൂപവും മായാ സ്വരൂപവും അവനെ പഠിപ്പിച്ചത്? ബ്രഹ്മസൂത്രം പഠിക്കുന്നവർക്കുപോലും ഇങ്ങിനെ ചിന്തിക്കാൻ സാധിക്കുന്നില്ല.
ജർമൻകാരിയായ നാലു വയസ്സുള്ള ഉള്ള ഭവ്യ ചോദിച്ചു – അമ്മ പറയുന്നു സൃഷ്ടിയും സൃഷ്ടികർത്താവും ഒന്നാണ് എന്ന്. “സ്രഷ്ടാവ് സത്യമാണെങ്കിൽ എങ്കിൽ, ആ സ്രഷ്ടാവിനെ നിന്നുണ്ടാകുന്ന സൃഷ്ടി എങ്ങനെ അസത്യം ആകും” എന്നതാണ് അവളുടെ ചോദ്യം. വെറും നാലുവയസ്സുകാരിക്ക് എങ്ങിനെ ഈ ചോദ്യം ചോദിയ്ക്കാൻ സാധിക്കുന്നു?
ഫ്രാൻസിൽനിന്നുള്ള അഞ്ചു വയസ്സുള്ള അമൃതവർഷിണി പറയുന്നു അവളുടെ “പെറ്റമ്മയോട് ഒരുപാട് മമതാ ബന്ധം ഉണ്ട്. പെറ്റമ്മ അമ്പോറ്റിയമ്മയുടെ ഉദ്യാനത്തിലെ മനോഹരമായ പുഷ്പങ്ങളിൽ ഒന്നാണ്. പക്ഷെ ജഗദംബയുമായി ആണ് എനിക്ക് കൂടുതൽ ബന്ധം വരേണ്ടത്. കാരണം ജഗദംബയ്ക്കു മാത്രമേ അമരത്വം താരാൻ കഴിവുള്ളൂ.” എന്ന് .
എന്റെ ചോദ്യം – എവിടെ നിന്ന് ഇവർക്ക് ഈ വൈരാഗ്യവും വീവേകവും ഉണ്ടാകുന്നു??
ആരുമൊന്നും പഠിപ്പിക്കാതെ ഇതെല്ലാം അമ്മയുടെ തിരു സാന്നിധ്യത്തിൽ അവരുടെ ഹൃദയത്തിൽ വിരിയുകയാണ്. തുറന്ന ഹൃദയത്തോടെ നമ്മൾ സദ്ഗുരുവിന്റെ മുന്പിൽ ഇരുന്നു കൊടുത്താൽ മതി; ശ്രദ്ധയോടെ നോക്കിയിരുന്നാൽ മതി, എല്ലാം ഉള്ളിൽ തെളിയും എന്നതിനു ഉദാഹരണമാണ് അമ്മയുടെ ഈ കൊച്ചു പൂന്പാറ്റകൾ.
ഹൃദയ നൈർമല്യം
വെറുംപുസ്തകജ്ഞാനം കൊണ്ട് ഗുരുകൃപ ഉണ്ടാകണമെന്നില്ല, ദേവി നേരിട്ട് വന്നാൽ തിരിച്ചറിയണമെന്നില്ല; തെറ്റിദ്ധരിക്കുകയും ആവാം. ശാസ്ത്രം പഠിച്ചു വന്നവനും പഠിക്കാതെ വന്നവനും അമ്മയെ മനസ്സിലായി എന്ന് വരില്ല എന്ന് മുകളിൽ വിവരിച്ച അനുഭവങ്ങളിലൂടെ മനസ്സിലായി കാണുമല്ലോ? വെറും നാലാം ക്ലാസ്സുകാരി എങ്ങിനെയാണ് ശാസ്ത്രം പറയുക? അതും സംസ്കൃതം ഒന്നും പഠിക്കാതെ ! സാധാരണ ആർക്കും വിശ്വസിക്കാൻ പറ്റുന്ന, അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. ഹൃദയ നൈർമല്യം അതിനാവശ്യമാണ്.
സനാതന ധർമ്മത്തിന്റെ വിളക്ക്
നമ്മുടെ ശാസ്ത്ര ആചാര്യനായ കൈവല്യാനന്ദ സ്വാമിജി, ഭഗവദ് ഗീതാ ക്ലാസ് തുടങ്ങിയ സമയം നമ്മളോട് പറഞ്ഞത് ഓർമ്മയുണ്ടോ “ഞാൻ എവിടെയെല്ലാം ഭഗവാൻ ശ്രീകൃഷ്‌ണൻ എന്നുപറയുന്നുണ്ടോ അവിടെയെല്ലാം നിങ്ങൾ അമ്മയെന്ന് കരുതി മനസ്സിലാക്കിക്കൊള്ളണം” എന്ന്.
കൈവല്യാനന്ദ സ്വാമിജി, ആദ്യമായി 20 വർഷങ്ങൾ മുൻപ്, അമ്മയെ മുറിയിൽ കണ്ട സമയം – ഏകദേശം 4. 30 മണിക്കൂർ നീണ്ടുനിന്നു ആ റൂം ദർശനം.
അമ്മ സ്വാമിയോട് ചോദിച്ചു. “ഇവിടുത്തെ ആശ്രമം കണ്ടിട്ട് സ്വാമിക്ക് എന്ത് തോന്നുന്നു? മക്കളെല്ലാം നന്നായി പഠിക്കുന്നുണ്ടോ?”
“അമ്മേ ഭാരതത്തിലെ ആശ്രമങ്ങളിലെല്ലാം നേരിട്ട് സഞ്ചരിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ഭരണ ഘടന പോലും ഞാൻ പരിശോധിച്ചിട്ടുണ്ട്. അമ്മ എന്ത് ചെയ്യുന്നുവോ അത് മാത്രമാണ് ആധ്യാത്മിക ജീവിതത്തിൽ പ്രായോഗികമായിട്ടുള്ളത്. അമ്മയാണ് സനാതന ധർമ്മത്തെ നയിക്കുന്നത്. ഭാവിയിലും അമ്മയായിരിക്കും സനാതന ധർമ്മത്തിന്റെ വിളക്ക്”എന്നായിരുന്നു സ്വാമിജിയുടെ ഉത്തരം.
അമ്മയെ മനസ്സിലാക്കാൻ, അമ്മ പറയുന്ന വാക്കുകളുടെ ആഴം അറിയാൻ ശാസ്ത്രബോധവും ഹൃദയനൈർമല്യവും ആവശ്യമാണ്. കർമ്മത്തിന്റെ മർമ്മം മനസ്സിലാക്കാനും അതനുസരിച്ചു ജീവിക്കാനും അമ്മ നമ്മളെ ഏവരെയും അനുഗ്രഹിക്കട്ടെ, ആ കൃപാ കടാക്ഷം എല്ലാവരിലും പതിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ ചിന്താമലരുകൾ അമ്മയുടെ പാദപത്മങ്ങളിൽ സമർപ്പിക്കുന്നു.
മക്കളെ നിങ്ങൾക്ക് വേണ്ടി അമ്മ എത്ര ജന്മത്തെയും പൂകാം
ഇന്നമ്മ നല്കുന്നതാഹരിച്ചീടുകിൽ തീരാ വ്യഥകളും തീരും. (അമൃതധാര)
അമൃതാർപ്പണമസ്തു.