Categories
bliss

മദാത്മാ സർവ ഭൂതാത്മാ

സാധാരണക്കാരനെ ഇടനിലക്കാരന്റെ ആരുടെയും സഹായമില്ലാതെ ഈശ്വരനുമായി നേരിട്ട് ബന്ധിപ്പിക്കുകയാണ് അമ്മ ചെയ്യുന്നത്. അമ്മ നടത്തുന്ന നിശ്ശബ്ദ വിപ്ലവമാണിത്.

മദാത്മാ സർവ ഭൂതാത്മാ

സ്വാമി ധ്യാനാമൃതാനന്ദ
അമ്മയുടെ തിരുസന്നിധാനത്തിൽ വച്ചു നടത്തിയ സത് സംഗം – 25 നവംബർ 2020, അമൃതപുരി

यस्य स्मरण मात्रेण ज्ञानमुद्पद्यते स्वयं
स एव सर्व सम्पत्तिः तस्मै श्री गुरवे नमः 

ജഗദ്ഗുരുവായ അമ്മയുടെ പവിത്ര പാദാരവിന്ദങ്ങളിൽ എന്റെ വിനീത നമസ്‌കാരം. ഇവിടെയുള്ള അമ്മയുടെ എല്ലാ പൊന്നോമന മക്കൾക്കും എന്റെ നമസ്കാരം.

വിരാട് രൂപ  ദർശനം
കഴിഞ്ഞ ദിവസങ്ങളിലെ പ്രഭാഷണങ്ങൾ  ഓരോന്ന് കേൾക്കുന്പോഴും അമ്മയുടെ വിരാട് രൂപത്തിൻറെ ദർശനമാണ് നമുക്ക് കിട്ടുന്നത്. നമ്മുടെ മുന്പിലിരിക്കുന്ന ഈ കാണുന്ന അഞ്ചടി രൂപം, വെളുത്ത സാരിയിൽ ചുറ്റിയ ഈ സുന്ദരരൂപം, ഇതല്ല, ഇതു മാത്രമല്ല, ഇതിന് അപ്പുറത്തുള്ള എന്തോ ഒന്നുകൂടി ആണ്, എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നു. 

പക്ഷെ എന്തുപറഞ്ഞിട്ടെന്താ? ഓർമ്മ വരുന്നത് ആർക്കും എന്നെ അറിയാൻ കഴിയില്ല എന്ന് ഭഗവാൻ പറഞ്ഞ ഒരു ഗീതാ  ശ്ലോകമാണ്  
न मे विदुः सुरगणाः प्रभवं न महर्षयः
अहमादिर्हि देवानां महर्षीणां च सर्वशः 10.2
    

എന്നോട് ആവശ്യപ്പെട്ടതുകൊണ്ട്  എന്റെകയ്യിൽ ഉള്ളത് ഞാനും ഇന്നിവിടെ ഈ പുണ്യദിനത്തിൽ പങ്കുവയ്ക്കാം. 

പിന്നെ  എന്റെ അമ്മ നാന്നായിട്ട്  ജോലിചെയ്യും. ഒരുപാട് സന്പത്തുണ്ട്, അറിവുണ്ട്. അമ്മയുടെ ക്രെഡിറ് കാർഡ് ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്. അത് ഉപയോഗിച്ച് വല്ലതും എടുത്ത് ഇവിടെ പങ്കിടാൻ പറ്റുമോ എന്ന് നോക്കാം. 

ഒരു കമ്പ്യൂട്ടർ എൻജിനീയർ കുറെ റോബോട്ടുകൾ ഉണ്ടാക്കി. ആകൃതിയിലും നിറത്തിലും കഴിവിലും വ്യത്യസ്തമായിരുന്നു അവയെല്ലാം. അവരെല്ലാം അവരുടെ വിധാതാവിനെ കുറിച്ച്  മത്സരിച്ചു സംസാരിച്ചു. “നിങ്ങൾക്കറിയുമോ എത്ര കേമനാണ് എന്റെ ഗുരുവെന്ന്?”  ആ എഞ്ചിനീയർ അത് കേട്ട് ചിരിച്ചു.  

നമ്മുടെ പ്രഭാഷണങ്ങൾ കേട്ടിരിക്കുന്ന അമ്മയുടെ പുഞ്ചിരി അതാണ് ഓർമിപ്പിക്കുന്നത്.

30+ സേവന മേഖലകൾ
തിരിഞ്ഞുനോക്കുന്പോൾ ഏകദേശം മുപ്പതിലധികം  ഡിപ്പാർട്ട്മെൻറ്കളിൽ ഉത്തരവാദിത്വപ്പെട്ട വിവിധ സേവനങ്ങൾ എളിയ രീതിയിൽ അനുഷ്ഠിച്ചിട്ടുണ്ട്. 

കുടീരം പദ്ധതി മുതൽ കന്പ്യൂട്ടർ വരെ, 

കക്കൂസ് ക്ളീനിങ് മുതൽ കൈമണി വരെ
ക്രൗഡ് കൺട്രോൾ മുതൽ കുട്ടികളുടെ ചോറൂണ് വരെ,
ജ്യൂസ്  സ്റ്റാൾ മുതൽ ക്യാമറ വരെ,
ഓർഫനേജ് മുതൽ ഇന്റർനാഷണൽ ഓഫീസ് വരെ,
പ്രിന്റിങ് പ്രസ്സ് മുതൽ വെബ് ഡവലപ്മെന്റ്  വരെ
ഗീതാ ക്ളാസുമുതൽ മൊബൈൽ ആപ്ലിക്കേഷൻവരെ 

വൈവിധ്യമാർന്ന 30 ലധികം സേവന മേഖലകളിലൂടെയാണ് അമ്മ എന്നെ വളർത്തി കൊണ്ടുവന്നത്.  

ഒരുപാട്  ഒരുപാട്  പാഠങ്ങളും അനുഭവങ്ങളും അറിവുകളും  ഒക്കെയുണ്ടതിൽ. 

അതിൽ ചില കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കാം.

പൗരോഹിത്യ മേധാവിത്വം, നിശ്ശബ്ദ വിപ്ലവം
എട്ടാംക്ലാസിൽ പഠിക്കുന്പോൾ ശ്രീ രുദ്രം കേൾക്കാൻ ഇടയായി. അത് പഠിക്കാൻ താല്പര്യം ജനിച്ചു. ചൊല്ലി കൊടുത്തിരുന്ന വാദ്ധ്യാരുടെ  അടുത്ത് ചെന്നപ്പോൾ എനിക്ക് പൂണൂൽ  ഇല്ലാത്തതുകൊണ്ട് എന്നെ പഠിപ്പിച്ചു തരാൻ പറ്റില്ല എന്നായി. 

എനിക്ക് വാശി മൂത്തു. അന്വേഷിച്ചു ബുക്ക് കണ്ടുപിടിച്ചു. ഒരു കാസറ്റ് സംഘടിപ്പിച്ചു. അതുകേട്ട് പഠിച്ചു. അങ്ങനെ രുദ്രവും ചമകവും പുരുഷ സൂക്തവും എല്ലാം പഠിച്ചു. 

അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പ്രദോഷ ദിവസം ഈ വാദ്ധ്യാരുടെ ശിഷ്യർ ദീപാരാധന സമയത്ത് മണ്ഡപത്തിൽ കയറി ഇരുന്നു രുദ്രം ചൊല്ലും . 

മണ്ഡപത്തിനു താഴെ നിന്നു, കണ്ണുകളടച്ച്  അവരുടെ കൂടെ  ഞാൻ ഉറക്കെ ചൊല്ലും . വാദ്ധ്യാർക്ക് എൻറെ വായ അടക്കാൻ പറ്റില്ലല്ലോ.  

തിരിഞ്ഞു നോക്കുന്പോൾ,  ഈ ദുഷിച്ച പൗരോഹിത്യ മേധാവിത്വമാണ് ഭാരതീയ സംസ്കൃതിയുടെ അപചയത്തിന് ഇടയാക്കിയത്.  അതിനെ മാറ്റിമറിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ്, നവോത്ഥാനമാണ് അമ്മ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാകും. ക്ഷേത്ര പ്രതിഷ്ഠകളിലൂടെ, സമൂഹ അർച്ചനകളിലൂടെ, ലളിതാ സഹസ്രനാമ  പ്രചാരത്തിലൂടെ,  സ്ത്രീകളെ പൂജാരിണിയാക്കുന്നതിലൂടെ,  മാനസ പൂജകളിലൂടെ എല്ലാം എല്ലാം. 

സാധാരണക്കാരനെ ഇടനിലക്കാരന്റെ ആരുടെയും സഹായമില്ലാതെ ഈശ്വരനുമായി നേരിട്ട് ബന്ധിപ്പിക്കുകയാണ്  അമ്മ ചെയ്യുന്നത്. അമ്മ നടത്തുന്ന നിശ്ശബ്ദ വിപ്ലവമാണിത്.

തോൽവിയുടെ പാഠം
എന്റെ കോളേജ് പഠന കാലം. ക്ലാസിൽ കയറാതെ ക്രിക്കറ്റ് കളിക്കും. ഉഴപ്പുകാരണം തോറ്റു .

 ക്ലാസ്സിൽ എന്നും  ഒന്നാമതായിരുന്നു ഞാൻ , ജീവിതത്തിൽ പരാജയം ഒന്നും നേരിടാത്ത ഞാൻ, ഇതാ ആദ്യമായി ഒരു പരാജയത്തിന്റെ കയ്പ് അനുഭവിക്കുകയാണ്. അതിന്റെ ഷോക്ക് താങ്ങാവുന്നത്തിനും അപ്പുറം ആയിരുന്നു.

ജീവിതത്തിൽ ഒരിക്കലെങ്കിലും തോറ്റിട്ടില്ലെങ്കിൽ തോൽവിയുടെ വലിയൊരു പാഠം നഷ്ടമാണ്.  നേരത്തെ തന്നെ തോറ്റു വളരണം. പ്രായംചെന്ന് തോൽവി സംഭവിച്ചാൽ ഒരുപക്ഷെ അത് താങ്ങാൻ പറ്റി എന്ന് വരില്ല എന്നാണ് എന്റെ അഭിപ്രായം.

വല്ലാതെ ഞാൻ വിഷമിച്ചിരുന്ന സമയത്ത് ഒരു അഭ്യുദയകാംക്ഷി എന്നോട് ഗീത വായിക്കണം, ദുഃഖം മാറാൻ വളരെ നല്ലതാണ് എന്ന് ഉപദേശിച്ചു.

വീട്ടിൽ വന്ന്  ഇരുന്ന ഇരിപ്പിൽ സാമാന്യ അർത്ഥത്തോടു കൂടിയ ഭഗവത്ഗീത മുഴുവനും വായിച്ചു തീർത്തു.

“നിമിത്ത മാത്രം ഭവ സവ്യസാചിൻ” ഇവരെയെല്ലാം ഞാൻ  പണ്ടേ വധിച്ചു കഴിഞ്ഞതാണ്. നീ ഒരുനിമിത്തം മാത്രമായാൽ മതി എന്ന ഭഗവാൻറെ ഉപദേശം കട്ടിലിൽ കിടന്ന് വായിച്ചുകൊണ്ടിരുന്ന എന്നെ ചാടി എഴുന്നേല്പിച്ചു. 

തുടർന്ന്  മൂന്നു മാസത്തിനുള്ളിൽ പരീക്ഷ എഴുതി പാസ്സായി.

വേദാന്തവും ജീവിതത്തിന്റെ പൂർണ്ണതയും
തൊട്ടടുത്ത ദിവസങ്ങളിൽ  വീടിനടുത്തുള്ള ഒരു മൈതാനത്ത്  ചിന്മയാനന്ദ സ്വാമിയുടെ ഗീതാജ്ഞാനയജ്ഞത്തിൽ പങ്കെടുത്തു.

ആദ്യമായിട്ടാണ് ഞാൻ ഒരു വേദാന്ത പ്രഭാഷണം കേൾക്കുന്നത്. 

അങ്ങിനെ ഭഗവത്ഗീത എട്ടാം അദ്ധ്യായവും മാണ്ഡുക്യോപനിഷത്തും
ചിന്മയാനന്ദ സ്വാമിയുടെ പാദത്തിലിരുന്നുലിരുന്ന്  ആദ്യമായി പഠിച്ചു. 

അന്ന്  സ്വാമിജി പറഞ്ഞു പഠിപ്പിച്ച മന്ത്രം ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു. 

 नान्तःप्रज्ञं न बहिष्प्रज्ञं नोभयतःप्रज्ञं न प्रज्ञानघनं न प्रज्ञं नाप्रज्ञम्। अदृष्ट-मव्यवहार्य-मग्राह्य-मलक्षण-
मचिन्त्य-मव्यपदेश्य-मेकात्मप्रत्ययसारं

 प्रपञ्चोपशमं शान्तं शिवमद्वैतं चतुर्थं मन्यन्ते
स आत्मा स विज्ञेयः ।। 1.1.7

ആ ആത്മതത്വമാണ് ഇതാ ഇവിടെ നമ്മുടെ മുന്നിലിരിക്കുന്നത്.

അങ്ങിനെ ആ  ഗീതാജ്ഞാന യജ്ഞം ജീവിതത്തിലെ  ഏറ്റവും വലിയൊരു വഴിത്തിരിവായിരുന്നു. ജീവിതത്തിൻറെ പരമമായ ലക്ഷ്യം എന്താണെന്ന് കണ്ടെത്താൻ ഗീത സഹായിച്ചു. 

 ജീവിതത്തിന്റെ പെർഫെക്ഷൻ എന്താണ് എന്ന് അന്വേഷിച്ചു നടന്ന എനിക്ക്  “ആ ബ്രഹ്മഭുവനാ ലോകാ:  പുനരാവർത്തിനോർജുനാ”  എന്ന ശ്ലോകം എൻറെ എല്ലാ സങ്കല്പങ്ങളെയും തകർത്തു. ബാഹ്യമായ ലോകത്ത് പൂർണ്ണത അന്വേഷിച്ചാൽ കിട്ടില്ല എന്നത് ഞാൻ തിരിച്ചറിഞ്ഞു. 

തുടർന്ന് ഈശ, കേന, കടം, പ്രശ്നം തുടങ്ങിയ ഉപനിഷത്തുക്കളും, മറ്റു പല അധ്യായങ്ങളും ചിന്മയാനന്ദ സ്വാമിയിൽ  നിന്നും നേരിട്ട് പഠിക്കാൻ സാധിച്ചു. 

മക്കൾ എവിടെയായിരുന്നാലും ആദ്ധ്യാത്മികമായി വളരണം
ചിന്മയാനന്ദ  സ്വാമിയുമായി വളരെ അടുത്തു. മൂന്നുപ്രാവശ്യം സ്വാമിജി വീട്ടിൽ വന്നിട്ടുണ്ട്. പല സംശയങ്ങൾക്കും സ്വാമിജി മറുപടി എഴുതി അയച്ചു തരാറുമുണ്ട്.  

ചില സന്ദർഭങ്ങളിൽ, പ്രഭാഷണത്തിൽ എന്നെ ഉദാഹരണമാക്കി കളിയാക്കി സംസാരിക്കുമായിരുന്നു. അത്രയും സ്വാതന്ത്ര്യം ചിന്മയാനന്ദ സ്വാമിക്ക് എന്നോട് ഉണ്ടായിരുന്നു.

പിന്നീട് ആശ്രമത്തിൽ ചേരാൻ തീരുമാനിച്ചപ്പോൾ ചിന്മയാനന്ദ സ്വാമിയെ കണ്ടു സ്വാമിജിയോട് പറഞ്ഞു “ഞാൻ അമ്മയുടെ ആശ്രമത്തിലെ ബ്രഹ്മചാരിയായി ചേരാൻ തീരുമാനിച്ചു സ്വാമിജിയുടെ അനുഗ്രഹം വേണം” 

“അതിനെന്താ എൻറെ മക്കൾ എവിടെയായിരുന്നാലും ആദ്ധ്യാത്മികമായി വളരണം” എന്നുപറഞ്ഞ് ആശീർവദിച്ചു.

അമ്മ തട്ടിപ്പാണ്
ചോറ്റാനിക്കര അന്പലത്തിൽ പോകാറുള്ള സമയം. ഒരു ദിവസം അവിടെ പരിചയമുള്ള ഒരു സംസ്കൃത അധ്യാപകൻ  എന്നോട് പറഞ്ഞു “ഇതാ ഇവിടെ ഒരു അമ്മ വന്നിട്ടുണ്ട്. വേണമെങ്കിൽ പോയി കണ്ടോളൂ. ഇരുണ്ടിട്ടാണ്. തട്ടിപ്പാണ് തോന്നുന്നത്. മയക്കുമരുന്ന്, കള്ളക്കടത്തും ഒക്കെ ഉണ്ടെന്നാണ്  കേൾക്കുന്നത്.”  

“എനിക്ക് തട്ടിപ്പുകാരെ ആരെയും കാണേണ്ട.”  എന്ന് പറഞ്ഞ് അമ്മയെ  കാണാൻ ഞാൻ പോയില്ല.

അത്  അമ്മയുടെ  1985 ലെ ആദ്യത്തെ  എറണാകുളം സന്ദർശനമായിരുന്നു.

അന്പലത്തിൽ  നിന്ന്  തിരിച്ച് ഞാൻ വീട്ടിൽ വന്നപ്പോൾ വീട്ടിൽ ഒരു പുസ്തകം കിടക്കുന്നു. അമ്മയുടെ  ജീവചരിത്രത്തോടെയുള്ള  ഉപദേശങ്ങൾ അടങ്ങിയ 8 പേജുള്ള ഒരു ചെറിയ പുസ്തകം – അമൃത സൂത്രം. ഞാൻ അതെടുത്ത് മറിച്ചുനോക്കി. 

ബ്രഹ്മത്തെ കുറിച്ചും, മായയെ കുറിച്ചും, എല്ലാം വളരെ ലളിതമായ ഭാഷയിൽ അനുപമമായ ഉദാഹരണങ്ങളിലൂടെ അമ്മ വിവരിക്കുന്നു. നാലാം ക്ലാസ്സേ പഠിച്ചിട്ടുള്ളൂ എന്ന് പറയുന്നു, ഗുരുവില്ല, ശാസ്ത്രങ്ങൾ പഠിച്ചിട്ടില്ലത്രേ!  ഇത് എങ്ങനെ ഇത്ര ലളിതമായി പറയാൻ സാധിക്കുന്നു?  

അതിലെ ഒരു ഉപദേശം ഇതായിരുന്നു –  “മക്കളെ നിങ്ങൾ തലക്കുമുകളിലുള്ള ഒരീശ്വരനെ വിശ്വസിക്കണമെന്നോ അമ്മയെ വിശ്വസിക്കണമെന്നോ പറയുന്നില്ല. നീ നിന്നെ വിശ്വസിച്ചാൽമതി. എല്ലാം നിന്നിലുണ്ട്.”  

ഇത് എന്നെ വളരെ  ആകർഷിച്ചു. ആകർഷിക്കാൻ കാരണം തന്റെ ഉൺമ അറിഞ്ഞവനുമാത്രമേ തന്നെ നിരാകരിക്കാനാവൂ.  ഇന്നലെ പറഞ്ഞു കേട്ടു അമ്മ  തട്ടിപ്പാണെന്ന്. അങ്ങനെയുള്ള ആൾക്ക് ഇത് പറയാൻ പറ്റില്ലല്ലോ. അതിനാൽ അമ്മയെ ഒന്ന് നേരിട്ട് കാണണം. പരിശോധിക്കണം.  ഞാൻ തീരുമാനിച്ചു. 

ശ്യാമ സുന്ദരിയുടെ പുഞ്ചിരി
പിറ്റേ ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് വീട്ടിൽ ഇരിക്കുന്പോൾ, എൻറെ കൂട്ടുകാരൻ വിളിക്കുന്നു. 

“എൻറെ വീട്ടിൽ അമ്മ വരുന്നുണ്ട് നീ വരുന്നോ?”

ഞാൻ അവിടെ എത്തി.  വൈകുന്നേരം നാല് ആയി കാണും. 

ഒരു ചെറിയൊരു മുറിയിലൊരു കട്ടിലിൽ ഇരുന്ന് അമ്മ ദർശനം കൊടുക്കുന്നു.  നാലഞ്ചുപേരുണ്ട് മുന്നിൽ. എന്താണെന്നറിയില്ല, എന്റെ ശരീരം മുഴുവനും വിറക്കാൻ തുടങ്ങി. 

മുട്ടു കൂട്ടിയിരിക്കുന്നു. 
എന്തു പരിപാടിയപ്പാ ഇത്? 
ഞാൻ ചുറ്റുമുള്ളവരെ നോക്കി. ആരും എന്നെ ശ്രദ്ധിക്കുന്നില്ല. 
എൻറെ ശരീരം വല്ലാതെ വിറയ്ക്കുന്നു 
മനസ്സ് ശാന്തമാണ്.  
പ്രണായാമം ചെയ്ത്  ശരീരം നിയന്ത്രിക്കാൻ നോക്കി. 
ശരീരം വിറക്കുന്നത്  നിൽക്കുന്നില്ല. 
മുട്ട് പട പട പട പട അടിക്കുന്നു. 
മുന്പിൽ നിൽക്കുന്നവർക്ക് ആർക്കും യാതൊരു പ്രശ്നവും ഞാൻ കാണുന്നില്ല.
 മുണ്ടുടുത്തിരിക്കുന്നതു കൊണ്ട് മുട്ട് കൂട്ടിയിടിക്കുന്നത് ആരും കാണില്ല. എനിക്ക് മാത്രമേ അറിയൂ. 

ദർശനം കൊടുത്തുകൊണ്ടിരിക്കുന്ന അമ്മയെ കണ്ടു. 
വെള്ള സാരിയിൽ പൊതിഞ്ഞ ഒരു ശ്യാമള രൂപം.
തല ഉയർത്തി എന്നെ നോക്കി പുഞ്ചിരിച്ചു. ഹൗ എന്തൊരു ചിരി. എൻറെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരു ചിരി കണ്ടിട്ടില്ല. Straight away I fell in love with her. 

ആശ്രമത്തിനും അമ്മയുടെ ശരീരത്തിനും ഒക്കെ മാറ്റങ്ങൾ ഒരുപാട് വന്നു – കുടിൽപോയി കെട്ടിടങ്ങൾവന്നു,  സുനാമി വന്നു, വെള്ളപ്പൊക്കം വന്നു, സമരം വന്നു, ചിലർ എതിരായി ബുക്ക് എഴുതി, അവാർഡുകൾ  വന്നു, അംഗീകാരങ്ങൾ വന്നു, ആയിരങ്ങൾ വന്നു ആയിരങ്ങൾ പോയി എങ്കിലും അന്നും ഇന്നും മാറ്റമില്ലാതെ ഇരിക്കുന്ന ഒന്നുണ്ട് – മങ്ങാതെ മായാതെ ഇരിക്കുന്ന ഒന്ന്. അത് അമ്മയുടെ മുഖത്തെ നിഷ്കളമായ ആ പാൽപുഞ്ചിരി ആണ്. 

ശ്യാമ സുന്ദരിയുടെ ആ പുഞ്ചിരി എൻറെ മനസ്സില് ഇന്നും  മായാതിരിക്കുന്നു. 

ആദ്യ ദർശനം
അമ്മയെ കണ്ടപ്പോൾ ആദ്യമായി എൻറെ മനസ്സിൽ വന്ന ചിന്ത “ഇത് ഈ കാണുന്ന ആളല്ല”  എന്നതായിരുന്നു. പക്ഷെ എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല.
ഒരു പക്ഷെ ഒരിക്കലും മനസ്സിലാവുകയില്ല എന്ന്  ഇപ്പോൾ അറിയാം.

 മനസ്സിനേക്കാൾ  ചെറുതല്ലേ  മനസ്സിൽ  ആക്കാൻ  പറ്റൂ!    

അമ്മ എന്നെ  കെട്ടിപ്പിടിച്ച് മുത്തം തന്നു. ചെവിയിൽ മന്ത്രിച്ചു. എനിക്ക് തോന്നി ഇത് എൻറെ അമ്മയാണ്.

ആദ്യമായി സ്നേഹത്തിന്  ഒരു കുളിർമ ഉണ്ടെന്നറിഞ്ഞു. ഹൃദയത്തിൽ നറുനിലാവ് പരത്തുന്ന ഒരു കുളിർമ്മ.  സ്നേഹത്തിന് ഒരു സുഗന്ധം ഉണ്ടെന്ന് അനുഭവിച്ചു.  ഈ സ്നേഹം എന്നെ സംരക്ഷിക്കുന്നു എന്ന് തിരിച്ചറിഞ്ഞു.  ഇതെന്നെ ആനന്ദമത്തനാക്കി.  ഒരു ദിവ്യമായ ഭാവം എൻറെ മനസ്സിൽ ഉണർത്താൻ ഈ സ്നേഹത്തിന് കഴിഞ്ഞു. ഈ അലൗകികമായ സ്നേഹം, അത് ഈശ്വരൻ ആണ് എന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. 

അമ്മ നോക്കിക്കോളാം” എന്ന ഗ്യാരണ്ടി കാർഡ്
ഒരിക്കൽ വീട്ടിലെ അംഗങ്ങളെല്ലാം എറണാകുളത്തുള്ള മറ്റു ആൾക്കാരോട്  കൂടി ചേർന്ന് വള്ളിക്കാവിലേക്ക് പോകുന്നു. എന്നെ വിളിച്ചു. 

“എന്താ അവിടെ?”

 “ഭജന ഉണ്ട്.”

“ഓ ഭജനക്ക് ഒന്നും  എനിക്ക് താല്പര്യമില്ല.  I have better things to do.”   ചിന്മയാമിഷൻ യുവ കേന്ദ്രയുടെ സെക്രട്ടറിയായിരുന്ന ഞാൻ എൻറെ പ്രവർത്തനവുമായി മുന്നോട്ടു പോയി. 

വീട്ടിലെ അമ്മ പറഞ്ഞ ഒരു കാര്യം,   പറ്റില്ല എന്ന് മുഖത്തുനോക്കി ഞാൻ പറയുന്നത് ജീവിതത്തിൽ ആദ്യമായാണ്.  അത് വീട്ടിലെ അമ്മയ്ക്ക് വലിയ വിഷമം ഉണ്ടാക്കി .

അവര് വള്ളിക്കാവിൽ പോയി അമ്മയെ കണ്ടു തിരിച്ചു വന്നു. എൻറെ സഹോദരി അമ്മയുടെ ഭജനയെ കുറിച്ച് വർണ്ണിക്കാൻ തുടങ്ങി. സ്വാമിജിയുടെ പാട്ടിനെക്കുറിച്ച് വിവരിച്ചു.
ഭജന പാടുന്പോൾ ദേവിയും കൃഷ്ണനും ഒക്കെ മുന്പിൽ വന്നു നിൽക്കുന്നു എന്ന് തോന്നും എന്നെല്ലാം എന്നോട് പറഞ്ഞു.
ഞാൻ വളരെ നിർവികാരനായി പറഞ്ഞു “ശരി”.
എൻറെ മനസ്സിൽ യാതൊരു ഭാവമാറ്റവും ഇല്ല എന്ന് കണ്ടു പെറ്റമ്മ പറഞ്ഞു “നിൻറെ കാര്യം ഞാൻ അമ്മയോട് പറഞ്ഞു.”
“ആഹാ എന്താ പറഞ്ഞത് ?”
“അമ്മേ എൻറെ മകനെ ഒന്ന് നേരെ ആക്കി തരണം എന്ന്.”
“എന്നിട്ട് അമ്മ എന്തു പറഞ്ഞു?”
“അമ്മ നോക്കിക്കോളാം” എന്ന് പറഞ്ഞു.
“ എന്നെ നേരെ ആക്കാൻ പറ്റിയ ഒരാളെ ആണ് ഞാൻ അന്വേഷിക്കുന്നത്. ഒരാൾ എന്നെ നേരെ ആക്കി തരാം എന്ന് പറഞ്ഞുവല്ലോ. എനിക്ക് സന്തോഷമായി.” എന്ന് മറുപടി ഞാൻ പറഞ്ഞു.

“അമ്മ നോക്കിക്കോളാം” എന്നത് ഗ്യാരണ്ടി കാർഡ് ആണ്.
തേഷാം അഹം സമുദ്ധാർത്ഥാ മൃത്യു സംസാര സാഗരാത് എന്ന ഗീതാ വചനം തന്നെയാണത്.

വിശ്വാസമില്ലാതെ പ്രാർത്ഥിക്കുമോ?
പ്രാർത്ഥന യഥാർത്ഥത്തിൽ ഫലിക്കും എന്നറിഞ്ഞുവെങ്കിൽ ഒരിക്കലും എന്റെയമ്മ ഇങ്ങനെ പ്രാർത്ഥിക്കില്ലായിരുന്നു. പലപ്പോഴും നാം പ്രാർത്ഥിക്കുന്പോൾ വിശ്വാസമില്ലാതെയാണ് പ്രാർത്ഥിക്കുന്നത്. വിശ്വാസമില്ലാതെ പ്രാർത്ഥിക്കുമോ എന്ന് ചോദിച്ചാൽ തത് കാല ദുഃഖത്തിൽ നിന്ന് ഒരാശ്വാസം വേണം. അത്രയേയുള്ളൂ. ദുഃഖത്തിൽ നിന്ന് ഉയരുന്നതുകൊണ്ട് അത് ഹൃദയത്തിൽ തട്ടിയുള്ള പ്രാർത്ഥനയാകും.

ആനന്ദത്തിൻറെ നിറഞ്ഞു തുളുമ്പൽ
അക്കാലത്ത് അമ്മ എറണാകുളത്ത് പലസ്ഥലങ്ങളിലായി പരിപാടിക്ക് വരാറുണ്ട്. മാസത്തില് ചില സമയങ്ങളിൽ നാലുതവണയുണ്ടാകും. ആ പരിപാടികളിൽ എല്ലാം ഞാൻ പങ്കെടുക്കും.

ഭജനയിൽ “അമ്മാ അമ്മാ” എന്ന് വിളിക്കുന്നത് കേൾക്കണം. അമ്മയുടെ ചിരിയുണ്ടല്ലോ അത് അലൗകികമാണ്. അമ്മയുടെ ആനന്ദത്തിൻറെ നിറഞ്ഞു തുളുമ്പലാണത്. അത് കേട്ടാൽ എനിക്ക് കുളിരു വരും. അതാണ് ഭജനയിലെ ഹൈലൈറ്റ്.

അമ്മയുടെ അടുത്ത് ഞാൻ പോകാൻ തുടങ്ങിയശേഷം പിന്നെ ഇതുവരെ വീട്ടുകാർ വന്നിട്ടേയില്ല. ഞാൻ സ്ഥിരമായി പോകാൻ തുടങ്ങിയപ്പോൾ അവർ എതിർക്കാനും തുടങ്ങി.

ഹരി ഓം നമശിവായ
ഒരിക്കൽ എറണാകുളത്ത് ഒരു പ്രോഗ്രാം കഴിഞ്ഞ് അമ്മയോട് വീട്ടിൽ വരാമോ എന്ന് ചോദിച്ചു. അമ്മ വരാമെന്നു പറഞ്ഞു. അമ്മയുടെ തന്നെ ടെന്പോ വണ്ടിയിൽ കയറി ഞങ്ങൾ വീട്ടിലെത്തി. വീട്ടുകാർ അമ്മയെ സ്വീകരിച്ചതിൽ എനിക്ക് അതിശയം ആയി തോന്നി. അമ്മയോട് അനാദരവ് ഒന്നുമുണ്ടായില്ല. പാദപൂജ ചെയ്തു അമ്മയെ സ്വീകരിച്ചു.

വീട്ടിലെ അമ്മ ശിവഭക്ത ആണ്. ചിന്മയാ മിഷനുമായി ആയിട്ട് ഇടപഴകി ഇരുന്നുതു കൊണ്ട് ഹരി ഓം എന്നാണ് അഭിവാദനം ചെയ്തിരുന്നത്. പക്ഷെ പെറ്റ അമ്മ അംഗീകരിക്കില്ലാ. വീട്ടിലെ അമ്മ നമ:ശിവായ എന്നാണ് പറയുക. തത്വഭക്തി അറിയില്ല.

അമ്മ വീട്ടിൽ വന്നപ്പോൾ പൂജ ചെയ്തു ഭജന പാടി. എന്തായിരിക്കും പാട്ട്.
അമ്മ പാടിയത് “ഹരി ഓം നമ:ശിവായ ഹരി ഓം നമ:ശിവായ” എന്നായിരുന്നു.

ആധ്യാത്മികത ജീവിതഗന്ധിയാണ്, ജീവിതം തന്നെയാണ്
അമ്മയുടെ ജീവിതചരിത്രം പല ആവർത്തി വായിച്ചു.
അമ്മയുടെ സംഭാഷണങ്ങളും almost by heart ആയിരുന്നു.

അദ്ധ്യാത്മികം ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം അല്ല, ഈ ലോകത്തിൽ എങ്ങനെ ഫലപ്രദമായി ജീവിക്കണം എന്നുള്ളതാണ്. അധ്വാനിച്ചു ജീവിക്കണം. നാം ഇത്തിൾ കണ്ണികളാകരുത്. കളിയിലും, കന്പോളത്തിലും കാട്ടിലും നാട്ടിലും ഒരേപോലെ ജീവിക്കേണ്ടതാണ് ആധ്യാത്മികം. അത് ആശ്രമത്തിൽ മാത്രമാണ് ജീവിക്കേണ്ടത് എന്ന് അഭിപ്രായം എനിക്കില്ലായിരുന്നു.

പശുവിനെ സ്നേഹിക്കുന്നത് പാലിനുവേണ്ടി എന്ന അമ്മയുടെ ഉപദേശം മനനം ചെയ്തു കണ്ടതിലൂടെ മനുഷ്യജീവിതത്തിന്റെ പൊയ് മുഖങ്ങൾ അഴിഞ്ഞു വീണു. എന്റെ ജീവിതം അതുപോലെ ആകരുത് എന്ന് തീരുമാനിച്ചു. ആത്മനസ്തു കാമായ സർവം പ്രിയം ഭവതി എന്ന ഉപനിഷദ് മന്ത്രത്തിന്റെ അർഥം കൂടുതൽ വ്യക്തമായി.

അമ്മയുടെ അനന്യമായ, ലളിതമായ ഉദാഹരണങ്ങളിലൂടെ – വലിയ വലിയ ആധ്യാത്മികതത്വങ്ങൾ എങ്ങിനെ ജീവിതത്തിൽ പ്രയോഗിക്കണം എന്ന് അമ്മ പഠിപ്പിച്ചു. മഴ പെയ്യുന്പോളും, കാറ്റുവിശുന്നതിലും, നീലമേഘത്തിലും ഈശ്വരനെ കാണാൻ പഠിപ്പിച്ചു. ഭഗവത് ഗീതാ ശ്ലോകങ്ങളെ എന്റെ ജീവിതാശ്ലേഷിയാക്കി മാറ്റിയത് അമ്മയുടെ ഉപദേശങ്ങളിലൂടെയാണ്…
ചിരിച്ചു, കളിച്ചു, പാട്ടുപാടി, നൃത്തം ചെയ്തു, നല്ലവാക്ക് പറഞ്ഞു, ഒന്ന് തലോടി, ഒന്ന് പുഞ്ചിരിച്ചു തന്റെ സന്തോഷം മറ്റുള്ളവർക്ക് പങ്കുവച്ചു, ജീവിതം ഒരു ഉത്സവമാക്കിമാറ്റുന്ന അമ്മ തന്നെയാണ് – ആധ്യാത്മികത ജീവിതഗന്ധിയാണ്, ജീവിതം തന്നെയാണ് എന്നതിന് ഉത്തമ മാതൃക.

ചെറിയ സംഭവങ്ങൾ പോലും അമ്മ അറിയുന്നുണ്ട്
ആശ്രമത്തിൽ വരുന്പോൾ പലപ്പോഴായി അമ്മ ചോദിക്കും – “മോനേ അമ്മ എന്തു പറഞ്ഞു, പെങ്ങൾ എന്തു പറഞ്ഞു, അച്ഛൻ എന്തു പറഞ്ഞു?” എന്നൊക്കെ.
അന്ന് വീട്ടില് പ്രശ്നമുണ്ടാക്കിയത് അവർ ഓരോരുത്തരുമായിക്കും.

മറ്റൊരിക്കൽ വന്നപ്പോ ‘കൂട്ടുകാർ എന്തു പറഞ്ഞു’ എന്നാണ് അമ്മ ചോദിച്ചത്
അന്ന് എൻറെ കൂട്ടുകാർ എല്ലാം ഒരുമിച്ച് വന്നു എന്നോട് വാദിക്കുകയായിരുന്നു ഞാനെന്തു കൊണ്ട് ആശ്രമത്തിൽ പോകരുത് എന്ന്.

എൻറെ വീട്ടിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ പോലും അമ്മ അറിയുന്നുണ്ട് എന്നത് എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി.

എന്തായാലും അമ്മയെ നേരിട്ട് തന്നെ പരിശോധിക്കാൻ തീരുമാനിച്ചു.
ഞാൻ പരീക്ഷണം തുടങ്ങി.
അമ്മയ്ക്ക് എല്ലാം അറിയുമോ? എൻറെ മനസ്സ് അറിയുമോ? എനിക്ക് ഉറപ്പു വരുത്തണം.

അമ്മാ.. എന്നെ നോക്കി പുഞ്ചിരിക്കൂ
ഉയരം എനിക്കെന്നുമൊരു വലിയൊരു നേട്ടമായിരുന്നു. അമ്മ ദർശനം നടക്കുന്ന അവസരങ്ങളിൽ മുന്നില് പോയി നിൽക്കും. പത്തിരുപത് അടി മാറി. അവിടെനിന്ന് അമ്മയെ നോക്കി നിൽക്കും.

മനസ്സിൽ പ്രാർത്ഥിക്കും. ഞാൻ മൂന്നു തവണ അമ്മേ.. എന്ന് വിളിക്കും. എൻറെ ചിന്ത അറിയുന്നുണ്ടെങ്കിൽ അമ്മ എന്നെ നോക്കി പുഞ്ചിരിക്കണം.

രണ്ടാമത്തെ വിളി കഴിയുന്നതിനുമുന്പ് ദർശനം നിർത്തി, തല ഉയർത്തി എന്നെ നോക്കി അമ്മ പുഞ്ചിരിക്കും

ചിരിക്കുന്നത് അമ്മയ്ക്ക് സ്വാഭാവികമാണ്. അത് വലിയ കാര്യമൊന്നുമില്ല. പുഞ്ചിരിച്ചത് എന്നെ നോക്കി തന്നെ ആണെന്ന് ഉറപ്പു വരുത്താൻ പറ്റില്ല.

അതുകൊണ്ട് അമ്മയുടെ ഇടതുവശത്ത് പോയിനിന്നു.
അവിടെനിന്ന് മനസ്സിൽ ഞാൻ വിളിക്കുകയാണ്.

അമ്മേ അമ്മേ..
അമ്മ ഇടത്തോട്ട് തിരിഞ്ഞ് നോക്കി പുഞ്ചിരിക്കും.

കഴുത്ത് വേദനിച്ചിട്ടുണ്ടാവും. പ്രസാദം കൊടുക്കുന്ന ഭാഗമാണ് അതുകൊണ്ട് നോക്കിയതായിരിക്കും.
ഞാൻ ന്യായീകരണം കണ്ടെത്തി.

അതുകൊണ്ട് കിഴക്കുഭാഗത്ത് – അമ്മയുടെ വലതുഭാഗത്ത് പോയി. അവിടെ നിന്നും ഇതേപോലെ അമ്മയെ വിളിക്കും. ദർശനം നിർത്തി, തല ഉയർത്തി എന്നെ നോക്കി പുഞ്ചിരിക്കും അമ്മ.

ദർശനം കൊടുത്തു കൊണ്ടിരിക്കുകയല്ലേ. അതുകൊണ്ട് സ്വാഭാവികമായി വലത്തോട്ടു നോക്കി. അത്രയേ ഉള്ളൂ.

ഇതൊക്കെ ആസ്വദിക്കുന്നു എങ്കിലും ഞാൻ വിളിച്ചതു കൊണ്ട് എന്നെ നോക്കിയതാണ് എന്ന് അംഗീകരിക്കാൻ തയ്യാറായില്ല.

പരീക്ഷണത്തിൻറെ ഒരു പടികൂടി കൂട്ടി ഞാൻ.
അമ്മയുടെ പുറകിൽ പോയിരുന്നു. ഞാൻ വിളിക്കുന്പോൾ തിരിഞ്ഞ് എന്നെ നോക്കണം.

ഒരുവിളി അമ്മേ.
അതാ, അമ്മ തിരിഞ്ഞു എന്നെ നോക്കി മനോഹരമായ പുഞ്ചിരിച്ചു.

ഈ വിളിയെല്ലാം മനസ്സിലാണേ.. പുറമേയല്ല.

എനിക്ക് മനസ്സിലായി അമ്മ എൻറെ ചിന്തകൾ എല്ലാം അറിയുന്നുണ്ടെന്ന്. പരീക്ഷണം നിർത്തി. പിന്നെ ഞങ്ങൾ കളിയായി. എവിടെയിരുന്നാലും, ഏതു തിരക്കിലാണെങ്കിലും അമ്മയെ വിളിച്ചാൽ അമ്മ നോക്കും, ചിരിക്കും.

ഞങ്ങൾ തമ്മിലുള്ള ഒരു ഗെയിമാണ്. പിള്ളേര് സ്റ്റാച്യു കൂടുന്ന പോലെ — വിളിച്ചാൽ നോക്കണം. ഇല്ലെങ്കിൽ അമ്മ ഔട്ടായി. വളരെ നാളുകളായി ഞാൻ ഈ കളി അമ്മയുടെ കൂടെ കളിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ അമ്മ ഒരിക്കലും ഔട്ടായിട്ടില്ല എന്നുള്ളതാണ്.
നിങ്ങൾക്കും ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഒരേ സമയത്ത് 1000 പേർ വിളിച്ചാലും 1000 പേരയും ആനന്ദിപ്പിക്കാൻ കഴിവുള്ള മഹാശക്തിയാണ് ഇവിടെ ഇരിക്കുന്നത്.

ശിഷ്യനായി സ്വീകരിക്കുമോ
ഒരിക്കൽ കളരിയിൽ ദേവിഭാവം കഴിഞ്ഞിട്ട് അമ്മ അവിടെ നിന്നും അച്ഛൻറെ വീടിൻറെ ഭാഗത്തേക്ക് പോയി. ദേവീഭാവം കഴിഞ്ഞ അമ്മ – കളർ ബ്ലൗസും വലിയ കുങ്കുമപൊട്ടും തൊട്ട അമ്മ, ഒന്ന് കൂടി സുന്ദരിയായിരിക്കും – ആ അമ്മയെ ഒന്നുകൂടി കണ്ടിട്ട് പോകാൻ കാത്തുകാത്തിരുന്ന് കളരിയുടെ മുന്നിലെ മൈലാഞ്ചിയുടെ താഴെ ആ മണ്ണിൽ കിടന്ന് അങ്ങനെ ഉറങ്ങി.
ഏകദേശം വെളുപ്പിന് നാലുമണി ആയിക്കാണും അമ്മ മടങ്ങിവന്നപ്പോൾ.
മണ്ണിൽ കിടന്നു ഉറങ്ങുന്ന എന്നെ അമ്മ വിളിച്ചുണർത്തി.
അമ്മയെ കണ്ടു ഞാൻ ചാടിയെഴുന്നേറ്റു.
“മോൻ പോയില്ലേ. മോൻ മണ്ണിൽ കിടക്കേണ്ട.”
അമ്മയോട് ചോദിച്ചു “അമ്മേ എന്നെ ശിഷ്യനായി സ്വീകരിക്കുമോ?”
അമ്മ തലയാട്ടി.
അമ്മ എന്നെ സാധനയിൽ സഹായിക്കുമോ?
“സഹായിക്കാം”
ശാരീരികമായി അമ്മയുടെ അടുത്ത് എന്നും ഇരിക്കാൻ പറ്റില്ല – അമ്മ എന്റെ കൂടെ ഇല്ലാത്തപ്പോഴാണ് എനിക്ക് എന്തെങ്കിലും സംഭവിക്കുന്നതെങ്കിൽ എൻറെ കാര്യം കട്ടപ്പൊക. എപ്പോൾ എനിക്ക് സഹായം ആവശ്യമുണ്ടോ അപ്പോൾ സഹായിക്കാൻ പറ്റിയ ഒരു ഗുരുവിനെ ആണ് എനിക്ക് വേണ്ടത്.
അതു മനസ്സിൽ വച്ചു കൊണ്ട് ചോദിച്ചു “ഞാൻ എവിടെയാണെങ്കിലും അമ്മ വന്നു എന്നെ രക്ഷിക്കുമോ ?”
അമ്മ രക്ഷിക്കാമെന്ന് സമ്മതിച്ചു.

അമ്മയുടെ പാദത്തിൽ ഞാൻ എന്നെത്തന്നെ സമർപ്പിച്ചു, നമസ്കരിച്ചു.
അമ്മ എന്റെ കൈ എടുത്തു ഉമ്മ വച്ചു.
I was boarding the flight…

അന്നുമുതൽ ഇന്നുവരെയും കണ്ണില് കണ്ണീരു പൊടിയുന്നതിനുമുന്പ് അമ്മയുടെ അനുഗ്രഹം, അമ്മയുടെ കൃപ ഉണ്ടായിട്ടുണ്ട്. ജീവിതത്തിലൊരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ല, ദുഃഖിക്കേണ്ടി വന്നിട്ടില്ല.

ഗുരുവാണോ ഗുരുവാക്യമാണോ
കോളേജിൽ പഠിക്കുന്ന കാലം. ഇവിടെ ആശ്രമത്തിൽ വരുന്പോൾ ആദ്യ ദിവസം വളരെ സ്നേഹമാണ്. “സ്വാമീ എന്തൊക്കെയുണ്ട് വിശേഷം? എന്ന് പറഞ്ഞു കുശല പ്രശ് നം നടത്തും. അമ്മയാണ് എന്നെ ആദ്യമായി സ്വാമി എന്ന് വിളിച്ചത്.
കുറച്ചു ദിവസം കഴിഞ്ഞാൽ– അതായത് – രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാൽ, അമ്മ വീട്ടിലേക്ക് പറഞ്ഞുവിടും. കരച്ചിലോടെ ആയിരിക്കും പോവുക. പക്ഷേ അമ്മ വരണ്ട എന്ന് പറഞ്ഞിട്ടില്ലല്ലോ എന്നതാണ് ആശ്വാസം. ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരും. അങ്ങിനെ മാസത്തിൽ 3 ആഴ്ചയും ഇവിടെയായിരിക്കും.

അമ്മയെ വിട്ടു പിരിയാൻ മനസ്സില്ല. അമ്മ പറഞ്ഞത് അനുസരിക്കാതിരിക്കാനും മനസ്സില്ലാ. ധർമ സങ്കടത്തിലായി. അതുകൊണ്ട് അമ്മയോടുതന്നെ ചോദിച്ചു. എതാണ് വലുത്? ഗുരുവാണോ ഗുരുവാക്യമാണോ? തീർച്ചയായും ഗുരുതന്നെ എന്ന് അമ്മപറയും. അപ്പോൾ എനിക്ക് അമ്മയുടെ വാക്കിനെ ധിക്കരിച്ചിട്ടായാലും ഇവിടെ നിൽക്കാമല്ലോ.
പക്ഷെ അമ്മയുടെ ഉത്തരം തീർത്തും വിഭിന്നമായിരുന്നു. “മോനെ ഗുരുവും ഗുരുവാക്യവും തേനും മധുരവും പോലെ ഒന്നാണ്, രണ്ടല്ല”
കൺഫ്യൂഷൻ മാറി. ഗുരുവാക്യത്തെ അനുസരിക്കാൻ തുടങ്ങി.

മൗനവ്യാഖ്യാ പ്രകടിത പരബ്രഹ്മ തത്വം
25 രൂപയ്ക്ക് കോളേജ് ടെം ഫീസ് ഉള്ള കാലഘട്ടം. 6000 രൂപയ്ക് ഒരു കോഴ്സിന് ചേർത്തിട്ടു ഞാൻ പോകാതിരുന്നാൽ വീട്ടുകാർക്ക് ഉണ്ടാകുന്ന മനോവിഷമം ഒന്നാലോചിച്ചുനോക്കൂ. അവരുടെമനസ്സ് അമ്മയിൽ പ്രതിഫലിക്കുന്നതുകൊണ്ടാവാം ഇവിടെ വരുന്പോ അമ്മേ എന്നോട് പറയും പഠിക്കണമെന്ന്.

ഞാൻ അമ്മയോട് ചോദിക്കും “എന്തു പഠിക്കണം?”

ഈ വൈറ്റിപ്പിഴപ്പിനുള്ള വിദ്യാഭ്യാസം കൊണ്ട് എന്താണ് പ്രയോജനം? ഇത്ര ആയിരം രൂപ ചെലവാക്കി പഠിച്ചിട്ടും സമയവും എനർജിയും ചെലവാക്കിയിട്ടും ജോലി കിട്ടുന്നുതിന് യാതൊരു ഉറപ്പുമില്ല. പിന്നെ എന്തിനാ ഇത് പഠിച്ചിട്ട്? പഠിക്കേണ്ട വിഷയം ഒന്നല്ലേയുള്ളൂ. ഏതൊന്നിനെ അറിഞ്ഞാൽ എല്ലാം അറിയും ആ അറിവല്ലേ, അതല്ലേ നേടേണ്ടത്? എന്നാണ് എൻറെ ചോദ്യത്തിന്റെ ഉദ്ദേശ്യം.

അമ്മ നിശബ്ദതയിലൂടെയായിരുന്നു അതിന് ഉത്തരം തന്നത്.
മൗനവ്യാഖ്യാ പ്രകടിത പരബ്രഹ്മ തത്വം … അങ്ങിനെ വ്യാഖ്യാനിച്ചു ഞാൻ.

രോമാഞ്ചം ആകാത്തത് എന്തേ
അങ്ങനെ ഒരിക്കെ ആശ്രമത്തിൽ വന്ന് അമ്മ കൂടിലിൽ ദർശനം കൊടുത്തു കൊണ്ടിരിക്കുന്പോൾ ഞാൻ ആദ്യമായി ഒരു പാട്ട് പാടി.
അതുവരെ ഞാൻ ഒരു പാട്ടുകാരൻ ആണെന്നാണ് ആശ്രമത്തിലുള്ളവർ ധരിച്ചിരുന്നത്. അത് പൊളിച്ചു. പാട്ട് പറഞ്ഞു എന്ന് പറയുന്നതാവും ശരി.

അമ്മയെന്നുള്ള ഒരു നാമം ഓർത്തിടവേ
രോമാഞ്ചം ആകാത്തത് എന്തേ
അമ്മയെന്ന അമ്മ ഈ ചിന്തയിൽ
ഇന്നു ഞാൻ എല്ലാം മറക്കാത്തതെന്തേ?

ദാഹവും ഇല്ല വിശപ്പു മില്ലിന്നഹോ
സ്നാനാദിയും വിട്ടുപോയി
അമ്മയെന്ന അമ്മ ഈ ചിന്തയിൽ
ഇന്നു ഞാൻ എല്ലാം മറക്കാത്തതെന്തേ?

എന്ന് പാട്ടിൻറെ വരികൾ മുഴുവനും മാറ്റി ആണ് ഞാൻ പാടിയത്
മൂന്നുനേരം മൂക്കുമുട്ടെ അടിച്ചു എണ്ണയും ഷാംപൂവും തേച്ചു കുളിച്ചു കഴിഞ്ഞിട്ടാണ് ഞാൻ ഇത് പാടുന്നത്. മിഥ്യാചാരിയല്ലേ അല്ലേ ഞാൻ? സത്യസന്ധത ഇല്ല. എന്നിട്ട് അമ്മയുടെ അനുഗ്രഹം വേണമെന്ന് ആഗ്രഹിച്ചാൽ എങ്ങനെ കിട്ടും

ഞാൻ അമ്മയോട് ചോദിച്ചു. ദാഹവും വിശപ്പും എന്തുകൊണ്ടാണ് എനിക്ക് മറക്കാൻ പറ്റാത്തത്? എന്നാണ് ഞാൻ അമ്മയിൽ എല്ലാം മറന്നുനിൽക്കുന്നത്?
ഇന്നും അമ്മയോടുള്ള ചോദ്യം അതുതന്നെയാണ്.

ആധ്യാത്മികത എന്നാൽ അവനവൻ അവനോട് പുലർത്തുന്ന സത്യസന്ധതയാണ്. നാട്ടുകാരുടെ മുന്നിൽ എന്തുമാവാം.

പക്ഷേ ഒറ്റയ്ക്കിരിക്കുന്പോൾ നമ്മുടെ മനസ്സാക്ഷി നമ്മളോട് ചോദിക്കില്ലേ? നീ എന്തിനാടാ ഈ പോക്രിത്തരം കാണിക്കുന്നത് എന്ന്?

ആളുകളുടെ ഇടയ്ക്ക് ഇരിക്കുന്പോ ഈ മനസാക്ഷിയുടെ സ്വരം നമ്മൾ കേൾക്കാതെ പോകും.

കണ്ണീർ ഒപ്പാൻ വേണ്ടിയുള്ളതാവണം ജീവിതം
എൻറെ മുന്നിൽ രണ്ടു വഴികളുണ്ടായിരുന്നു -> ആധ്യാത്മികത്തിൽ അധിഷ്ഠിതമായ ഭൗതിക ജീവിതം നയിക്കാനും അല്ലെങ്കിൽ നൂറുശതമാനവും ആധ്യാത്മിക ജീവിതം നയിക്കാനും. എനിക്ക് ഏത് നല്ലത്, എന്നറിയില്ലായിരുന്നു. പക്ഷെ അമ്മ വ്യക്തമാക്കി തന്നു.

ഇവിടെ വരുന്ന ഓരോ ദർശന സമയത്തും ജീവിതത്തിൻറെ ലക്ഷ്യമെന്താണ് എന്നും ഭൗതിക ജീവിതത്തിൻറെ നിരർത്ഥകത വെളിപ്പെടുത്തുന്ന ഓരോ അനുഭവങ്ങളും കഥകളും അമ്മ പറഞ്ഞു തരുമായിരുന്നു. ആശ്രമ അന്തേവാസികളുടെ ജീവിതവും അവരുടെ വീട്ടുകാരുടെ മനോഭാവവും എല്ലാം പറഞ്ഞു തന്നു എൻറെ മനസ്സിൻറെ വൈരാഗ്യത്തെ ദൃഢതരമാക്കി.

അമ്മ എന്നോട് ഒരു ചോദ്യം ചോദിച്ചു “ഒരു പെണ്ണിനും രണ്ടു കുട്ടികൾക്കും വേണ്ടി ജീവിതം ഹോമിക്കണോ, അവർക്കും അവസാനം കണ്ണുനീർ മാത്രം. അതോ രണ്ടുപേരുടെ കണ്ണീർ ഒപ്പാൻ വേണ്ടിയുള്ളതാവണോ ജീവിതം?

വഴി വ്യക്തമായി.

തുടർന്ന് അമ്മയുടെ ഒരു ഉപദേശം വായിച്ചു –
“മക്കളെ ഈ വീശുന്ന കാറ്റിന്റെ കുളിർമ്മയിലും വിടർന്നു നിൽക്കുന്ന പൂവിലും പുഞ്ചിരിച്ചു നിൽക്കുന്ന ഈ പൂനിലാവും എല്ലാം ഈശ്വരചൈതന്യം നിറഞ്ഞിരിക്കുന്നു. ഇതിനെ അറിയുകയാണ് ജീവിതത്തിൻറെ ലക്ഷ്യം. ഇതിനായി ഒരു പറ്റം യുവാക്കൾ എല്ലാം വലിച്ചെറിഞ്ഞു ആത്മാന്വേഷണത്തിനായി ഈ കലിയുഗത്തിൽ ഇറങ്ങിതിരിക്കും.”

Yes. am there. count on me. ഞാൻ എന്നോടു പറഞ്ഞു.

പൂജ ചെയ്യുന്നത് ദേവിയെ കാണാനാണ്
വീട്ടിൽ ദിവസവും ശ്രീചക്ര പൂജ ചെയ്യുമായിരുന്നു. പൗർണമിക്ക് പ്രത്യേക പൂജയും. ഒരിക്കൽ എനിക്ക് അമ്മയെ കാണണമെന്ന് എന്ന അതിയായ ആഗ്രഹം. വീട്ടിൽനിന്ന് പുറപ്പെടുന്പോൾ വീട്ടിലെ അമ്മ പറഞ്ഞു ഇന്ന് നീ പോകരുത്. അച്ഛൻ സ്ഥലത്തില്ല. അമ്മയ്ക്കും സഹോദരിക്കും പൂജ ചെയ്യാൻ പറ്റില്ല. വേറെ ആരും പൂജ ചെയ്യാനില്ല. 8-10 വർഷമായി നടന്നുവരുന്ന പൗർണമി പൂജ മുടക്കാൻ പാടില്ല.

ഞാൻ വാശിപിടിച്ചു- എനിക്ക് അമ്മയെകാണണം. ഇപ്പൊപോകണം.
വഴക്കുണ്ടാക്കി വീട്ടിൽനിന്നും ഇറങ്ങി. ആശ്രമത്തിൽ എത്തി.
അമ്മ എന്നോട് ചോദിച്ചു വീട്ടിലെ അമ്മ എന്തു പറഞ്ഞു?
വഴക്കുണ്ടാക്കിയവിവരം പറഞ്ഞു.
“മോൻ എന്ത് പറഞ്ഞു? “
“പൂജ ചെയ്യുന്നത്, അത് ദേവിയെ കാണാനാണ്.
പൂജചെയ്തിട്ടും ദേവിയെ കണ്ടില്ലെങ്കിൽ, ആ പൂജ കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? ദേവിയെ കണ്ടാൽ, പിന്നെ പൂജ എന്തിനാണ്? “
“എൻറെ മോനെ” എന്ന് പറഞ്ഞു അമ്മ കെട്ടിപ്പിടിച്ചു. ആ കെട്ടിപ്പിടുത്തം എന്റെ വിശ്വാസത്തിന്റെ അനുഭവസാക്ഷ്യമായിരുന്നു

അമ്മ എപ്പോഴും അമ്മ തന്നെയാണ്. നമുക്കാണ് ഉറപ്പുവേണ്ടത്. കൊല്ലം അയ്യപ്പണ്ണന്റെ ഒരു കാര്യം ഓർമ്മവരുന്നു. ഒരിക്കൽ അമ്മ അദ്ദേഹത്തോട് പറഞ്ഞു “മോനെ നിനക്ക് ശനി ദോഷമാണ്. ബ്രഹ്മസ്ഥാനത്ത് ശനിപൂജ ചെയ്യണം. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു – ഞാൻ ആരാധിക്കുന്നത് നവഗ്രഹനായകിയായ ആദിപരാശക്തിയെയാണ്. എനിക്കെന്തു ശനി എനിക്കെന്തു ചൊവ്വ? ‘അമ്മ പറഞ്ഞത് കൊണ്ട് പൂജചെയ്യാം, അമ്മയ്ക്കായി ചെയ്യാം.

ഈ ഒരു ഉറപ്പു – പൂർണ ബ്രഹ്മസ്വരൂപിണിയാണ് ഇവിടെ കൃഷ്ണനായും ദേവിയായും ഒക്കെ വേഷംകെട്ടി ലീലയാട്ടുന്നതു എന്ന ഉറപ്പു – നമുക്ക് വേണം.

കഷ്ടകാലമാണോ? ചിന്തിക്കൂ
ചിലർ ഇവിടെ പറയുന്നത് കേൾക്കാം- കഷ്ടകാലമാണ് എന്ന് –
ഒന്ന്ചിന്തിച്ചു നോക്കൂ – 84 ലക്ഷം തരം ജീവികളുള്ളതിൽ മനുഷ്യനായി ജനിച്ചത് ഭാഗ്യമല്ലേ? അതിൽ ഈശ്വര ചിന്തയുള്ളവനാകുക, മുമുക്ഷു ആകുക എന്നത് അതിലും ഭാഗ്യമല്ലേ?
ഒരുമഹാത്മാവിനെ, ഒരു സദ്ഗുരുവിനെ കിട്ടുക എന്നത് പരമ ഭാഗ്യമല്ലേ? ആ ഗുരു ഒരു അവതാരമൂർത്തിയാകുക എന്നതിൽപരം ഭാഗ്യമെന്താണ്?
ആ ഗുരുവിന്റെ കൂടെ 3-4 പതിറ്റാണ്ടുകാലം താമസിച്ചിട്ടും എനിക്ക് കഷ്ടകാലമാണ് എന്ന് ചിന്തിക്കുകയാണെങ്കിൽ പോയി വല്ല കഴുതയോ പന്നിയോ പുഴുവോ ഒക്കെയായി ജനിച്ചു മരിക്കുന്നതല്ലേ നല്ലത്.

Election commissionar TN Seshan 1996 ൽ ഇവിടെ വന്ന് സംസാരിച്ചു- ഭാരതത്തിനുള്ള വഴി കാട്ടി, വെള്ള വസ്ത്രം ധരിച്ച് ഇവിടെയിരിക്കുന്ന ഈ ശക്തിയാണ്. ഇത് പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞില്ല എങ്കിൽ, നമ്മളെ പോലെ വിഢ്ഢികൾ ഉലകത്തിൽ ആരുമില്ല എന്ന്, ചരിത്രം നമ്മളെ കുറിച്ച് മോശമായി വിധി എഴുതും. അതിന് ദയവു ചെയ്ത് വഴി കൊടുക്കരുത്.”എന്ന്.

ശങ്കരാചാര്യർപറയുന്നതുപോലെ
അദ്യ അഷ്ടമി ഇതി നവമി ഇതി ചതുർദ്ദശി ഇതി
ജ്യോതിഷ്‌കവാദേ വിശ്വശന്തി ഭക്ത്യാ
ശ്രുതേ ത്വഹോ തത്വമസീതി വാക്യം
ന വിശ്വസന്തി അത്ഭുതമേതദേവ.

ഇന്ന് ഏകാദശിയാണ് വാവാണ് എന്നെല്ലാം ഉള്ള ജ്യോതിഷികളുടെ വാക്കുകളെ വിശ്വാസത്തോടെ സ്വീകരിക്കുന്നു. പക്ഷെ ശ്രുതി മാതാവ് നമ്മോട് ഉപദേശിക്കുന്ന തത്വമസി എന്ന വാക്യം വിശ്വസിക്കാൻ തയാറാവുന്നില്ല. ഇതാണ് ഏറ്റവും വലിയഅത്ഭുതം.

ഏതായാലും അമ്മയുടെ കൂടെ ജീവിക്കാനുള്ള സൗഭാഗ്യം വിട്ടുകളയാൻ ഞാൻ തയാറായില്ല.

പട്ടികൂട്ടിൽ കിടന്നാലും കുഴപ്പമില്ല
വീട്ടിലെ വഴക്ക് സ്ഥിരമായി. സഹികെട്ട് ഞാൻ പറഞ്ഞു “അമ്മ എൻറെ ഗുരുവാണ്. ഇനി ഒരക്ഷരം നിങ്ങൾ അമ്മയെ കുറിച്ച് പറയരുത്. പറഞ്ഞാൽ എൻറെ സ്വഭാവം മാറും.”

അതിനുശേഷവും ഒരുദിവസം വീട്ടിലെ അമ്മ നമ്മുടെ അമ്മയെ ഒരുപാട് ചീത്ത പറഞ്ഞു. എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇനി ഈ വീട്ടിൽ ഞാൻ കഴിയില്ല. ആശ്രമത്തിൽ ആണെങ്കിൽ അമ്മ എന്നെ നിർത്തുന്നില്ല. നിർത്തിയില്ലെങ്കിൽ വേണ്ട. അമ്മയെ എതിർക്കുന്നവരുടെ വീട്ടിൽ കഴിയേണ്ട കാര്യമില്ല.

അമ്മയുടെ ഏതെങ്കിലും ഭക്തന്മാരുടെ വീട്ടിലെ പട്ടി കൂട്ടിൽ കിടന്നാലും കുഴപ്പമില്ല, ഈ വീട്ടിൽ ഞാൻ നിൽക്കുന്ന പ്രശ്നം ഇല്ല എന്ന് പറഞ്ഞു വീട്ടിൽനിന്നിറങ്ങി.

കുട്ടിക്കാലത്തു എന്നെ ലളിതാ സഹസ്രനാമം, വിഷ്ണു സഹസ്രനാമം, ഗീതയുമെല്ലാം പഠിപ്പിച്ചത് വീട്ടിലെ അമ്മയാണ് . എന്നാൽ ഇപ്പൊ ഈശ്വരാനേഷണത്തിനായി ഇറങ്ങി തിരിച്ചപ്പോൾ എനിക്ക് എതിരായി.

റോൾ നന്പർ 22
ആശ്രമത്തിൽ വന്നപ്പോൾ അമ്മ എന്നെ ഇവിടെ നിർത്തി.
ബ്രഹ്മചാരികളുടെ കൂടെയാണ് താമസം.
അന്ന് അമ്മയുടെ പഴയസാരിയാണ് മേൽവസ്ത്രം ആയി, ഷോൾ ആയി തരുന്നത്. അതിൻറെ അർത്ഥം അവൻ ആശ്രമത്തിലെ ബ്രഹ്മചാരിയായി എന്നുള്ളതാണ്.

ആശ്രമത്തിലെ എൻറെ റോൾ നന്പർ 22 ആയിരുന്നു.

നിന്നെ ആശ്രമത്തിൽ നിർത്തിയിട്ടില്ല
അങ്ങനെ ആശ്രമത്തിൽ താമസം തുടങ്ങി. നാൾ കുറെ കഴിഞ്ഞു. അമ്മയുടെ എന്നോടുള്ള ഇടപെടലുകളിൽ എന്തോ പന്തികേട് എനിക്ക് തോന്നുന്നു. അമ്മ എന്നെ ബ്രഹ്മചാരിയായി അംഗീകരിച്ചിട്ടില്ലെന്ന്. ഓരോ അവസരങ്ങളിലും ഇത് ഞാൻ കൂടുതൽ കൂടുതൽ അറിയാൻ തുടങ്ങി. അവസാനം ഞാൻ അമ്മയോട് തന്നെ ചോദിച്ചു.
“അമ്മേ അമ്മ എന്താ എന്നോട് ഇങ്ങനെ പെരുമാറുന്നത് ? എന്നെ ഇവിടെ ബ്രഹ്മചാരിയായി അമ്മ നിർത്തിയില്ലേ?”

അമ്മ പറഞ്ഞു “ഇല്ല. നിന്നെ ആശ്രമത്തിൽ നിർത്തിയിട്ടില്ല.”
ഷോക്കായി.
എപ്പോഴാണിത് – രണ്ടു വർഷത്തിന് ശേഷം!!
“ഇനി അതിനു ഞാൻ എന്ത് ചെയ്യണം അമ്മേ ?
“വീട്ടിൽനിന്ന് എഴുത്തുകൊണ്ട് വരാതെ നിന്നെ ഇവിടെ നിറുത്തില്ല.”

ഞാൻ തളർന്നു പോയി.

വീട്ടുകാരുമായി വഴക്കിട്ട് വന്നിരിക്കുന്ന ഞാൻ, രണ്ടു വർഷം കഴിഞ്ഞ് തിരിച്ചു ചെന്ന് എഴുത്തു അച്ഛൻറെ അടുത്തു നിന്ന് എഴുതി വാങ്ങി വരണമെന്ന്!!
നടന്നതുതന്നെ.
തിരിച്ച് ഇനി വീട്ടിലേക്ക് ചെല്ലുന്ന കാര്യം ആലോചിക്കാൻ വയ്യ. അവരാരുംഎന്റെ ഈ ഒരു ആഗ്രഹം അവർ സാധിച്ചു തരില്ല.

ഞാൻ കരയാൻ തുടങ്ങി.

അമ്മ നിലപാട് കടുപ്പിച്ചു. “എഴുത്ത് കൊണ്ട് വരാതെ നിർത്തില്ല”
എൻറെ കാര്യം കട്ടപ്പൊക ആയി. എന്തു ചെയ്യും ?

അമ്മയിൽ ഗുരുഭാവവും മാതൃഭാവവും ഒരേപോലെ സമ്മേളിച്ചിരിക്കുന്നു. കാരുണ്യവും ധർമവും. ഇവ രണ്ടു തലത്തിലും ആവശ്യാനുസരണം മാറി മാറി പ്രവർത്തിക്കും. നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് അമ്മ ‘കൺഫ്യൂസിങ് കംപാഷൻ’ – കുഴക്കുന്ന കാരുണ്യമാകുന്നത്.

കരച്ചിൽ, ചിരി, കരച്ചിൽ
മറ്റു ഗതിയില്ലാ എന്ന് കണ്ടപ്പോൾ അമ്മയുടെ അനുഗ്രഹം വാങ്ങിച്ച് ഞാൻ വീട്ടിലേക്ക് പോയി.

ദേവി ഭാവദർശനം കഴിഞ്ഞിട്ടാണ് പോകുന്നത്. അന്ന് ക്രൗഡ് കൺട്രോൾ കഴിഞ്ഞു കുളിക്കാതെയുള്ള ഷർട്ടും, കെഎസ്ആർടിസി ബസ്സിലെ യാത്രയും അങ്ങിനെ പറ്റിയ അഴുക്കുകളും ആയി വൈകുന്നേരം ഒരു നാല് മണിയോടുകൂടി വീട്ടിൽ എത്തി. മുറ്റത്ത് പോയി കിടന്നു. അമ്മയെ അംഗീകരിക്കാത്തവരുടെ വീടു വിട്ടു പോയതല്ലേ, പിന്നെ എങ്ങിനെ അകത്തു കയറും ?

കുറെ കഴിഞ്ഞാണ് അവർ എന്നെ കണ്ടത്. പെറ്റഅമ്മ എൻറെ അടുത്ത് വന്നു. ഞാൻ മുഖം പൊത്തി തേങ്ങി തേങ്ങി കരയുകയാണ്.
“എന്തുപറ്റി എന്തുപറ്റി.” “എന്തു പറ്റി എന്താ ഉണ്ടായത്?” എന്നോട് പലതും ചോദിച്ചു.
ഒന്നും ഞാൻ മിണ്ടിയില്ല. കരച്ചിൽ മാത്രം.

അമ്മ വീടിനകത്തേക്ക് വിളിച്ചു. ഞാൻ പോയില്ല.

ഒന്ന് രണ്ട് അഭ്യുദയകാംക്ഷികൾ എന്നെ കണ്ട് സംസാരിക്കാൻ വന്നു. ആര് എന്റെടുത്ത് വന്നാലും ഞാൻ പൊട്ടി കരയാൻ തുടങ്ങും. ഇവർ അങ്ങോട്ടു തിരിഞ്ഞു പോയാൽ കരച്ചിൽ നിൽക്കും. ഞാൻ ചിരിക്കാൻ തുടങ്ങും.

പല തവണ ഇതാവർത്തിച്ചു

എനിക്ക് അതിശയമായി. “അന്പടാ കേമാ നീ എങ്ങനെയാണ് ഇങ്ങനെ കരയുന്നെ? ഇത് എങ്ങനെ സാധിക്കുന്നെടാ?” സ്വയം ചോദിക്കും.

കരയുന്നത് ഞാനല്ലേ?. പിന്നെ പെട്ടന്ന് ചിരിക്കുന്നത് എങ്ങനെയാണ്? എനിക്ക് തന്നെ എന്നെ മനസ്സിലായില്ല.

അങ്ങനെ അവിടെ തന്നെ കിടന്നു. കൊതുകു നന്നായികടിക്കുന്നുണ്ട്. അച്ഛൻ രാത്രി ഒന്പതേമുക്കാലിനാണ് വന്നത്.

ഇതുവരെ ഞാൻ ആരോടും സംസാരിച്ചിട്ടില്ല.

അച്ഛനെ കണ്ടു. വീണ്ടും ഞാൻ കരയാൻ തുടങ്ങി
“എന്താടാ കാര്യം പറ.”
എന്നെ ആശ്രമത്തിൽ നിന്ന് ഇറക്കിവിട്ടു
“നന്നായി നീ പോകണ്ടാ.”
“ഇല്ല എനിക്ക് പോണം”
“ആശ്രമത്തിന്ന് നിന്നെ വേണ്ടാന്ന് പറഞ്ഞാൽ?”
“അച്ഛൻറെ എഴുത്തുകൊണ്ട് ചെന്നാൽ കയറ്റാം എന്നു സമ്മതിച്ചിട്ടുണ്ട്”

“എന്തായാലും എനിക്ക് ആശ്രമത്തിൽ പോണം.
ആശ്രമത്തിൽ പോയില്ലെങ്കിൽ ഞാൻ ഹിമാലയത്തിൽ എവിടെയെങ്കിലും പോകും.
അമ്മയുടെ കൂടെ ആണെങ്കിൽ നിങ്ങൾക്ക് എപ്പോഴെങ്കിലും വന്ന് എന്നെ കാണാൻ പറ്റും. ഹിമാലയത്തിൽ പോയാൽ എന്നെ കാണാൻ പറ്റില്ല. ഈ ജന്മത്തിൽ അല്ലെങ്കിൽ അടുത്ത ജന്മത്തിൽ എങ്കിലും എനിക്ക് അമ്മയുടെ കൂടെ കഴിയണം. എനിക്ക് പോയേ പറ്റൂ. “

“ നീ ആദ്യം വന്ന് കുളിക്ക്, ഭക്ഷണം കഴിക്ക്. എന്നിട്ട് നമുക്ക് സംസാരിക്കാം.”
“ ഇല്ല ആദ്യം അച്ഛൻ സമ്മതിക്കണം. അതിനു ശേഷം തീരുമാനിക്കാം.”

അരമണിക്കൂറിലധികം നീണ്ടുനിന്ന വാദങ്ങൾക്ക് അവസാനം ഒടുവിൽ അച്ഛൻ സമ്മതിച്ചു. എഴുത്തു തരാമെന്നു പറഞ്ഞു.

സന്തോഷത്തോടുകൂടി ഞാൻ കുളിച്ചു, ഭക്ഷണം കഴിച്ചു. പേപ്പറും പേനയും അച്ഛന് കൊടുത്തു. എഴുത്ത് തരാനായി.
നാളെ തരാം. നീ കിടന്നുറങ്ങു എന്ന്.
പിറ്റേദിവസവും അച്ഛൻ തന്നില്ല.
എഴുത്തിന് വേണ്ടി രണ്ടു ദിവസം അവിടെ കഴിയേണ്ടിവന്നു.

അവസാനം അച്ഛൻ : “എൻറെ മകനെ ആശ്രമത്തിൽ വിടുന്നതിന് എനിക്ക് എതിർപ്പൊന്നുമില്ല” എന്നെഴുതി ഒപ്പിട്ടു തന്നു.

വളരെയധികം സന്തോഷത്തോടുകൂടി അച്ഛനെയും അമ്മയെയും നമസ്കരിച്ച് ഞാൻ ആശ്രമത്തിലെത്തി.

അമ്മ എഴുത്ത് ഒന്ന് വാങ്ങിച്ചു നോക്കുക പോലും ചെയ്തില്ല എന്നുള്ളതാണ്.

ഗുരു പറയുന്നത് നമുക്ക് എത്രകണ്ട് വൈരാഗ്യവും വിശ്വാസവും സമർപ്പണവും ഉണ്ട് എന്ന് അറിയാൻ വേണ്ടിയിട്ടാണ്.

അച്ഛനും അമ്മയും മക്കളും ഒരുമിച്ചു ഭക്ഷണം കഴിച്ചു ഒരുമിച്ചു ഷോപ്പിങ്ങിന് പോയി ഒരു കിടക്കയിൽ കിടന്നുറങ്ങിയവർ, അവരുടെ ശന്പളം പോലും കൈകാര്യം ചെയ്തിരുന്നത് ഞങ്ങൾ – മക്കളായിരുന്നു. ഒരു ടീമായിരുന്നു ഞങ്ങൾ. അതുകൊണ്ട് അവരുടെ അനുഗ്രഹംകൂടി വേണം ആധ്യാത്മിക ജീവിതത്തിൽ മുന്നേറുവാൻ എന്നതുകൊണ്ടും കൂടി ആവാം അമ്മ വീട്ടിലേക്ക് പറഞ്ഞു വിട്ടത് എന്ന് ഞാൻ കരുതുന്നു.

ബന്ധമില്ല ബന്ധുവില്ല
ആശ്രമത്തിൽനിന്ന് കുറച്ചു നാൾ കഴിഞ്ഞു. കാസർകോട്ടെ അമ്മയുടെ പ്രോഗ്രാമിന് ഉള്ള യാത്രയിലാണ്.
എൻറെ മനസ്സ് പിടിച്ചാൽ കിട്ടുന്നില്ല. ആശ്രമത്തിൽ വരുന്നതിനുമുന്പ് വീട്ടിൽ വച്ച് കുട്ടികൾക്ക് ബാലകേന്ദ്രം ക്ലാസുകൾ എടുത്തിരുന്നു. നൂറ്റി ഇരുപതോളം കുട്ടികൾ അന്ന് അവിടെ വരുമായിരുന്നു. അവരെക്കുറിച്ചാണ് ചിന്ത. അവരെ കാണണം.
ഇപ്പോ ഇവിടെ കാസർകോട് അവർ എങ്ങിനെ വരാനാണ്? അവരെ എങ്ങനെ കോൺടാക്ട് ചെയ്യും. അവർക്കാർക്കും ഫോൺ ഇല്ല. എനിക്കുമില്ല. എൻറെ മനസ്സ് എനിക്ക് പിടിച്ചാൽ കിട്ടുന്നില്ല. എന്തുചെയ്യും?

അമ്മയോട് പറഞ്ഞു. പുഞ്ചിരിച്ചുകൊണ്ട് അമ്മ മറുപടിയായി ഭജനയിലെ രണ്ട് വരികളാണ് പറഞ്ഞത്.

ബന്ധമില്ല ബന്ധുവില്ല സ്വന്തം അല്ലൊന്നും
നമ്മൾക്കന്ത്യകാലം ബന്ധു എന്നത് സ്വന്തം ആത്മാവ്

……. മനസ്സ് ശാന്തമായി. മനസ്സിനെ ബന്ധങ്ങൾ ഒഴിഞ്ഞു.

ഇതാണ് ഒരു ഗുരുവിൻറെ മഹത്വം. ശാസ്ത്ര വാചകങ്ങൾ ആയിരിക്കാം, നേരത്തെ കേട്ടതായിരിക്കാം. പക്ഷെ ഗുരുമുഖത്തുനിന്ന് കേൾക്കുന്പോൾ പ്രഭാവം കൂടുതൽആണ്.

ആത്മാവിന് ഒന്നിനോടുംബന്ധമില്ല എന്ന് അമ്മ പറഞ്ഞ കാര്യം അറിയാത്തതല്ല. ശാസ്ത്രത്തിൽ പഠിക്കാത്തത് അല്ല. പക്ഷേ സ്വായത്തമാക്കാൻ, സ്വാംശീകരിക്കാൻ, സാഹചര്യത്തിൽ പ്രയോഗിക്കാൻ ആവുന്നില്ല.
അമ്മയുടെ വാക്കുകൾ എൻറെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി. മനസ്സിൻറെ ബന്ധം വിട്ടു. അതിനുശേഷം ഇന്നുവരെ വരെ ആ ചിന്ത എന്റെ മനസ്സിനെ അലട്ടിയിട്ടില്ല

ഗുരു പറയുന്പോൾ ഗുരുവിൻറെ പ്രാണൻറെ ഒരു അംശവും കൂടി നമ്മളിലേക്ക് പകരുന്നുണ്ട്. നമ്മളിൽ പരിവർത്തനം വരുന്നത് ആ ഗുരു വാക്യത്തിൽ ശ്രദ്ധയുള്ളതു കൊണ്ടാണ്. അതുകൊണ്ടാണ് ആധ്യാത്മിക ജീവിതത്തിൽ ശ്രവണത്തിന് ഇത്ര പ്രാധാന്യം നൽകിയിരിക്കുന്നത്.

ആനന്ദത്തിൽ ഒരാഴ്ച
1997ൽ അമൃത കുടീരം പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ ആണ് ഞാൻ പ്രവർത്തിച്ചിരുന്നത്. കന്പിയും സിമന്റും കന്പനിയിൽനിന്ന് നേരിട്ട് വാങ്ങിക്കുകയാണ്. അത് നമ്മുടെ അമൃത വിദ്യാലയത്തിൽ കൊണ്ടുവന്ന് ഇറക്കി സൂക്ഷിച്ചുവെക്കും. ഓരോ പണി സ്ഥലത്തേക്കും ആവശ്യമുള്ളത് എടുത്തു കൊണ്ടുപോകും.

അങ്ങനെ കന്പനിയിൽ നിന്ന് ഒരു ലോഡ് സിമൻറ് വന്നു. സ്കൂളിൽ ഇറക്കാൻ വന്നപ്പോൾ അവിടുത്തെ ചുറ്റുവട്ടത്തുള്ള ചുമട്ടുതൊഴിലാളി യൂണിയൻ വന്നു. ഞാൻ അവരെ സ്വാഗതം ചെയ്തു.

“എന്നെ ഒന്ന് സഹായിക്കണം, ഇത് അമ്മ പാവങ്ങൾക്കുള്ള വീട് വെച്ചു കൊടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഉള്ളതാണ്. അവർ സമ്മതിച്ചില്ല . ഇറക്കുന്നതിന് വളരെയധികം പൈസ അവർ ആവശ്യപ്പെട്ടു. വേറെ ആരെകൊണ്ടു ഇറക്കിയാലും പൈസ അവർക്കും കൊടുക്കണം. പക്ഷെ സ്വാമിമാർ ഇറക്കുകയാണെങ്കിൽ കുഴപ്പമില്ല എന്നായി അവർ.

ഈ പ്രശ്നമുണ്ടാക്കാൻ വന്ന ചുമട്ടുതൊഴിലാളികളായ രണ്ടുപേർ – അവരും ഈ വീടിൻറെ ഗുണഭോക്താക്കളാണ്.
ഞങ്ങള് തീരുമാനിച്ചു. ധർമ്മത്തിന്റെ പൈസയാണ്. അധർമമായി മാറ്റി ചെലവാക്കാൻ സാധ്യമല്ല. ഞാനും ഇന്നത്തെ സുമേധാമൃത ചൈതന്യയും (br ജയശങ്കർ ) വേറെ രണ്ടുപേരും കൂടി സിമന്റ് ഇറക്കാൻ തുടങ്ങി. 50 കിലോ വീതമുള്ള സിമൻറ് ചാക്ക് ആണ്. രണ്ടു പേര് വണ്ടിയിൽനിന്ന് മറിച്ച് തരും. ഞങ്ങൾ രണ്ടുപേരും ചുമലിലോ തലയിലോ ചുമന്ന് സ്കൂളിൽ മുറിയിൽ കൊണ്ട് പോയി അടുക്കും.
ഈ ചുമട്ടുതൊഴിലാളികൾ എല്ലാം സ്കൂളിൻറെ മതിലിന് മുകളിൽ കയറി ഞങ്ങളെ നോക്കിയിരുന്നു . പത്തു 15 മിനുട്ട് കഴിയുന്പോൾ ഞങ്ങൾ മതിയാക്കി അവരെ വിളിക്കും എന്നുള്ള പ്രതീക്ഷയോടെ അവർ ബീഡിയും വലിച്ചു കൊണ്ടിരിക്കുകയാണ്.

ഈ കോൺക്രീറ്റ് പണിയിലെ ട്രെയിനിങ് എല്ലാം ഇവിടെ ആശ്രമത്തിൽ കഴിഞ്ഞിട്ടാണ് അമ്മ വീടുപണിക്ക് വിട്ടതെന്ന് മതിലിന് മുകളിൽ ഇരിക്കുന്നവർക്ക് അറിയില്ലല്ലോ.

ഞങ്ങള് സന്തോഷത്തോടുകൂടി ചാക്കുകൾ ഓരോന്നും ഇറക്കി. കുറച്ച് കഴിഞ്ഞപ്പോൾ അല്പം ക്ഷീണമായി. ഇത്ര കട്ടി പണി ചെയ്തിട്ടില്ല. 10-50 ചാക്കല്ല- 450 ചാക്ക് ഉണ്ട്!! ടോറസ് വണ്ടിയിലാണ് വന്നത്. പക്ഷെ വിട്ടുകൊടുക്കാൻതയ്യാറായില്ല. മന്ത്രം ജപിച്ചു രണ്ടു മണിക്കൂർ കൊണ്ട് ആ 450 ചാക്കും ഇറക്കി, വണ്ടി പോയതിന് ശേഷം മാത്രമാണ് ചുമട്ടു തൊഴിലാളി പ്രവർത്തകർ മതിലിന് മുകളിൽ നിന്ന് എഴുന്നേറ്റത്.

വലിയൊരു ലക്ഷ്യം സാധിച്ചതിലുള്ള സന്തോഷത്തോടുകൂടി, ഞങ്ങൾ പോയി കുളിച്ചു, ഭക്ഷണം കഴിച്ചു, കിടന്നുറങ്ങി.

അതിൻറെ ആനന്ദത്തിൽ ഒരാഴ്ച പിന്നെ എഴുന്നേറ്റിട്ടില്ല.
ശരീരം മുഴുവൻ വേദനയായിരുന്നു.

ആദ്യമായി കരഞ്ഞു
അമൃത കുടീരം വയ്ക്കാനായി കൊടുങ്ങല്ലൂരിൽ അഷ്ടമിച്ചിറയിൽ ഉള്ള ഒരു അപേക്ഷകയുടെയുടെ വീട് അന്വേഷിച്ചു ചെന്നു. ചെന്നപ്പോൾ കണ്ട അവസ്ഥ വളരെ ദയനീയം ആയിരുന്നു.

ഏകദേശം 6 0 വയസ്സിനുമുകളില് പ്രായം വരുന്ന കാത്തു അമ്മ. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ട്. കുറെ തെങ്ങോല പ്ലാവിന് മുകളിൽ ചാരി വച്ചിട്ട് അതിനു താഴെ കിടക്കുന്നു. വിളറിയകണ്ണുകൾ, അഴുകിയ വസ്ത്രങ്ങൾ. ജീവച്ഛമായ ശരീരം.

നാല് മക്കളുണ്ട് – അവർക്കാർക്കും മനസ്സിന് സ്ഥിരതയില്ല. മൂത്തവൻ അടുത്തുള്ള ഒരു പ്ലാവിന്റെ ചുവട്ടിൽ ആണ് കിടക്കുന്നത്. കിടന്ന സ്ഥലം ഒഴിച്ച് ബാക്കി എല്ലായിടത്തും പുല്ലു കിളിച്ചിട്ടുണ്ട്. ഒരു മകൾ വീടുവിട്ടുപോയി. അവിടെയുള്ള മറ്റൊരുമകൾ നാക്കെടുത്താൽ തെറിയെ പറയൂ. ഇളയ മകൻ മറ്റെല്ലാവരേക്കാളും ഭേദമാണ്. അവൻ ജോലി എടുത്തിട്ട് കൊണ്ടുവന്നിട്ടു വേണം എന്തെങ്കിലും കഴിക്കണമെങ്കിൽ. മാനത്തെ ചന്ദ്രന്റെ സ്ഥിതിയനുസരിച്ച് അയാളുടെ മനസ്സും തെളിഞ്ഞും മറഞ്ഞുമിരുന്നു.

അവരുടെ വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം ഞങ്ങൾ ചോദിച്ചു
അമ്മ ഉച്ചക്ക് വല്ലതും കഴിച്ചോ?
ഇല്ല
പ്രാതലോ ? – ഇല്ല
ഇന്നലെ രാത്രി കഴിച്ചോ? -ഇല്ല
അമ്മ എപ്പോഴാ അവസാനമായി ഭക്ഷണം കഴിച്ചത്?
അത് ഒരാഴ്ച മുന്പ് മുന്പ്
എന്താ കഴിച്ചത്?
കുറച്ച് ഉള്ളി
അത് എവിടുന്ന് കിട്ടി?
ഒരു കല്യാണ സദ്യയുടെ ബാക്കിയുണ്ടായിരുന്നത്

എനിക്ക് എൻറെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനുമുന്പ് എന്നാണ് ഭക്ഷണം കഴിച്ചത് എന്ന് ചോദിക്കാൻ എനിക്ക് മനസ്സുണ്ടായില്ല. എനിക്ക് ഭയമായി.

ദാരിദ്ര്യത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ടെങ്കിലും ഒരിക്കലും എൻറെ കണ്ണിന് മുന്നിൽ ഇതേ പോലത്തെ ദാരിദ്രം ഞാൻ കണ്ടിട്ടില്ല. അതും ഈ സാക്ഷര കേരളത്തിൽ.

കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ വിട്ടു കുറച്ച് അരിയും കപ്പയും പഞ്ചസാരയും ചായയും എല്ലാം വാങ്ങി കൊണ്ടുവന്നു.
അവർ താമസിക്കുന്ന കുന്നിറങ്ങി താഴെ പോയി വെള്ളം കൊണ്ടുവരണം. അവർക്ക് എഴുന്നേൽക്കാൻ വയ്യ. ഞങ്ങൾ പോയി വെള്ളം കൊണ്ടുവന്ന് കുറച്ചു പാത്രത്തിൽ പകർന്ന് ചായ ഉണ്ടാക്കാൻ അടുപ്പിൽ വെച്ചു. അരിക്കും വെള്ളം വച്ചു.

തീപ്പെട്ടി എവിടെ?
ഒരു തീപ്പെട്ടികൊള്ളി പോലും അവിടെ ഇല്ല.

ഭാഗ്യത്തിന് കൂടെയുണ്ടായിരുന്ന ഒരു പ്രവർത്തകൻ സിഗരറ്റ് വലിക്കുമായിരുന്നു. സിഗരറ്റ് വലിക്ക് ഇതെങ്കിലും ഒരു പ്രയോജനം ഉണ്ടെന്ന് അന്നാണ് മനസ്സിലായത്. തീപ്പെട്ടി സഹായം- മറ്റൊരാൾക്ക് അടുപ്പു കത്തിക്കാൻ ഉപയോഗിക്കാം.
അവർക്ക് വീട് അനുവദിച്ചു ഞങ്ങൾ തിരിച്ചു വന്നു.

ഏകദേശം ഒരാഴ്ചയോളം എനിക്ക് കിടന്നാൽ ഉറക്കം വരില്ലായിരുന്നു. ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല. കഴിക്കാനിരുന്നാൽ ആ കാത്തുഅമ്മയുടെയും മക്കളുടെയും മുഖം മനസ്സിൽ നിറയും.

അവർക്കുവേണ്ടി രാത്രി എന്നും കരയുമായിരുന്നു.
ആദ്യമായി മറ്റൊരാൾക്കുവേണ്ടി കരയാൻ അമ്മ പഠിപ്പിച്ചു.

പ്രയോറിറ്റി ലിസ്റ്റിൽ അവരെ ഒന്നാമത് ആക്കി ആദ്യം അവർക്ക് വീട് പണിതു കൊടുത്തു.

മോക്ഷത്തിലാശയുണ്ടെങ്കിൽ മക്കൾ സ്വാർത്ഥതാ ഭാവം ത്യജിക്കൂ
ദീനജനത്തിന്റെ തേങ്ങൽ ധ്വനികളെ കാതുറ്റു കേൾക്കാൻ ശ്രമിക്കൂ..

അതുവരെ, സാധുക്കളോടുള്ള കരുണയാണ് ഈശ്വരനോടുള്ള കടമ; ലോകത്തിൽ പട്ടിണി പാവങ്ങൾ ഒരുപാടുണ്ട് അതുകൊണ്ട് ഭക്ഷണം വെയിസ്റ്റ് കളയരുത്; തലചായ്ക്കാൻ ഇടമില്ലാത്ത ആളുകൾ ധാരാളമുണ്ട്, ആർഭാടജീവിതം ഒഴിവാക്കണം തുടങ്ങിയ അമ്മയുടെ ഉപദേശങ്ങൾ എല്ലാം എന്നെ സംബന്ധിച്ചു നല്ല ആദർശങ്ങൾ മാത്രമായിരുന്നു. ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യമാണെന്ന് തിരിച്ചറിയില്ലായിരുന്നു.

ആദ്യത്തെ സെൽഫി
എൻറെ ഓർമ്മ ശരിയാണെങ്കിൽ 97 ൽ, ആദ്യമായി ഒരു ഡിജിറ്റൽ ക്യാമറ എൻറെ കയ്യിൽ കിട്ടി. ഭവാനി നദിയിൽ എല്ലാവരും നീന്തി തുടിക്കുന്നു. എനിക്ക് ചെറിയൊരു പനികോൾ ഉണ്ടായതുകൊണ്ട് ഞാൻ ഇറങ്ങി പെട്ടന്ന് കുളി കഴിഞ്ഞു കയറിയിരുന്നു.

കുറേനേരം കഴിഞ്ഞ്, കരയിലിരുന്ന് നോക്കി കൊണ്ടിരിക്കുന്ന എൻറെ നേരെ അമ്മ നീന്തി വന്നു. ഇരുന്ന ഭാഗത്തെ തിണ്ണ വെള്ളത്തിൽ നിന്നും വളരെ ഉയരത്തിൽ ആയിരുന്നു. അമ്മയ്ക്ക് നേരിട്ട് കയറാൻ പറ്റില്ല. ഞാൻ കൈ നീട്ടി അമ്മയ്ക്ക് കൊടുത്തു. ഇടത്തെ കയ്യിൽ പിടിച്ചു കയറുന്ന അമ്മയുടെ ഫോട്ടോ, വലത്തേ കൈ കൊണ്ട് എടുത്തു. അത് എന്റെ ആദ്യത്തെ അമ്മയുടെ ഫോട്ടോ ആയിരുന്നു. ആദ്യത്തെ സെൽഫി ! 1997ൽ

രണ്ടു ഫോട്ടോ ഒരേപോലെ ഉണ്ടാവില്ല
ക്യാമറ കയ്യിൽ എടുത്തതിനുശേഷം അമ്മയിൽ കാണുന്ന ഭാവഭേദങ്ങൾ സുസൂക്ഷ്മം തിരിച്ചറിയാൻ തുടങ്ങി. മനസ്സ് ഒന്നുകൂടി ഏകാഗ്രമായി.

ഒരിക്കൽ അമ്മയുടെ ചിത്രങ്ങളെടുക്കാൻ വന്ന് മനോരമയുടെ award winning ഫോട്ടോഗ്രാഫർ ശിഹാബുദീൻ അമ്മയുടെ ഒരുപാട് ചിത്രങ്ങൾ എടുക്കുന്നതുകണ്ട് ഞാൻ ചോദിച്ചു
“മറ്റുള്ളവരുടെ ചിത്രം ഇത്രയും എടുക്കാറുണ്ടോ?”
ഇല്ല.
അമ്മയുടെ ഇത്രയധികം ഫോട്ടോ നിങ്ങളെടുക്കുന്നത് എന്തിനാണ്?
സ്വാമി, ഒരു കാര്യം പറയാമല്ലോ അമ്മയെ പോലൊരു മഹത് വ്യക്തിത്വം ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഒരേ സമയത് ഒരേ ആംഗിളിൽ നിന്നു എടുത്ത രണ്ടു ഫോട്ടോ ഒരേപോലെ ഉണ്ടാവില്ല. എല്ലാ ഫോട്ടോയും വ്യത്യസ്തമായിരിക്കും
150% സത്യമാണ് ഇത്. ഒരുപക്ഷേ ഇന്ന് ടിവി സ്ക്രീനിലൂടെ നമുക്ക് അമ്മയുടെ മുഖം ക്ലോസപ്പ് കാണാൻ സാധിക്കുന്നത് കൊണ്ട് കൂടുതൽ തിരിച്ചറിയാൻ പറ്റും. അമ്മയുടെ മുഖത്ത് ഭാവങ്ങൾ ഓരോ സെക്കൻഡിലും മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തുവരുന്ന ആൾക്കാരുടെ സ്വഭാവമനുസരിച്ച് അമ്മയുടെ മുഖത്ത് മാറ്റം കാണാം. ഒരു കണ്ണാടി പോലെ ഒന്നിനോടും ബന്ധമില്ലാതെ എല്ലാത്തിനെയും പ്രതിഫലിപ്പിച്ചു നിൽക്കുന്ന ആ ചൈതന്യത്തെ നമുക്ക് അതിലൂടെ കണ്ടെത്താൻ സാധിക്കും.

ഈ ഫോട്ടോ എപ്പോൾ എടുത്തതാണ് ഊഹിക്കാമോ?

ഇത് അമ്മയുടെ 64 -ആം പിറന്നാളിൽ, 28 മണിക്കൂർ ഉറക്കമില്ലാതെ, ഭക്ഷണം കഴിക്കാതെ, നിർത്താതെ ജോലി ചെയ്തു – ദർശനം നൽകിവരുന്ന – അമ്മയുടെ സുന്ദര മുഖമാണ്.
ആ കണ്ണുകളിലേക്ക് നോക്കൂ എന്തൊരു ശാന്തിയാണ്, നിസ്സംഗതയാണ്, പ്രകാശമാണ്.

ഈ ചിത്രം നോക്കി അമ്മയുടെ നമ്മോടുള്ള കാരുണ്യം ഓർത്തു ഞാൻ ഒരുപാട് കരഞ്ഞു. തന്നെ തന്നെ ലോകത്തിനു സമർപ്പിച്ചു. അമ്മയെ നമുക്കായി തന്നു.

സത്യം, ശിവം, സൗന്ദര്യം & സമാധി
സത്യം ശിവം സൗന്ദര്യം- അതാണ് ഈശ്വരനെക്കുറിച്ചുള്ള ഭാരതീയ സങ്കല്പം. എവിടെ സത്യം ഉണ്ടോ അത് മംഗളകരം ആവും. ഏത് മംഗളകരം ആണോ അവിടെ സൗന്ദര്യമുണ്ട്. ക്യാമറയുമായി അമ്മയുടെ മുൻപിൽ നിൽക്കുന്പോൾ അമ്മയുടെ മുഖഭാവങ്ങൾ മാത്രമാണ് മനസ്സിൽ ഉണ്ടാവുക.

സാധാരണ “അമ്മ എന്നെ നോക്കണം” എന്ന ചിന്തയിലാണ് നമ്മൾ വഴിയിൽ നിൽക്കുന്നത്. പക്ഷെ ഞാൻ ക്യാമറക്കാരനാകുന്പോൾ അമ്മയെ മാത്രമാണ് നോക്കുന്നത് , അമ്മയുടെ ഭാവഭേദങ്ങൾ മാത്രമാണ് എന്റെമനസ്സിൽ. അമ്മ എന്നെനോക്കണം എന്ന ചിന്ത എനിക്കപ്പൊഴില്ല.

ക്യാമറക്കണ്ണിലൂടെ ഏകാഗ്രമായി നിൽക്കുന്പോൾ മനസ്സ് ധ്യാനാത്മകമാകുന്നു, എന്നെത്തന്നെ മറക്കുന്നു. ഏകാഗ്രമായ അവസ്ഥയിൽ ഞാൻ ‘അത്‘ ആയിത്തീരുന്നു. തത്വമസി. അമ്മ മാത്രമേയുള്ളൂ. സൃഷ്ടിയും സ്രഷ്ടാവും ഒന്നാവുന്നു.

അമ്മയുടെ ചുറ്റുമുള്ള എന്ത് സേവ ആണെങ്കിലും, അമ്മ ഏൽപ്പിച്ച എന്ത് സേവ ആണെങ്കിലും അമ്മയിലേക്ക് എത്താനുള്ള ഉപാധിയാക്കി മാറ്റാം. സമാധി അനുഭവമാക്കി മാറ്റാം – നമ്മുടെ മനസ്സിന്റെ settings ശരിയാണെങ്കിൽ !

സുവർണ്ണ കാലഘട്ടം
കഴിഞ്ഞകാലത്തെ ആശ്രമ ജീവിതം നന്നായിരുന്നു എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടാകാം. പക്ഷേ അന്ന് ജീവിച്ച് സമയത്ത് അത് നന്നായിരുന്നു, നല്ല കാലമാണെന്ന് തോന്നിയിട്ടുണ്ടോ? ഇന്ന്, ഈ കൊറോണ കാലം – പുളിശ്ശേരിയും രസവും കൂട്ടി ഭക്ഷണം മുറികളിൽ വന്നു വിളന്പി തന്നിരുന്ന കാലം, അമ്മയുടെ ലൈവ് സ്‌ട്രീമിങ് മുറിയിൽ കിട്ടുന്ന കാലം – ഇതാണ് എൻറെ ആശ്രമ ജീവിതത്തിലെ ഏറ്റവും നല്ല കാലം എന്ന് എനിക്കിപ്പോൾ പറയാൻ കഴിയുമോ? അല്ലെങ്കിൽ നമ്മൾ പൂർവ്വ സ്മൃതികളിലും ഭാവി സ്വപ്നങ്ങളിലും ആണ് ജീവിക്കുന്നത്. ഈ സുന്ദരമായ വർത്തമാനത്തിൽ അല്ല.

ഗുരു തിരിച്ചറിയുന്നത് നിഷ്കളങ്ക മുഖത്തെ
ഒരിക്കൽ ഒരു ഗുരു ആശ്രമത്തിലെ ഒരു അന്തേവാസിയോട് ചോദിച്ചു – നീ എത്ര നാളായി ഇവിടെ നില്ക്കാൻ തുടങ്ങിയിട്ട് ? നിന്റെ മുഖം എനിക്ക് ഓർമ്മയില്ലല്ലോ ?
ശിഷ്യന് വല്ലാത്ത ഷോക്ക് ആയി. പത്തുവര്ഷത്തോളമായി ഞാൻ ആശ്രമത്തിൽ നില്കുന്നു. ഗുരുവിന്റെ അടുത്തകാര്യങ്ങൾ പോലും – വസ്ത്രം കഴുകുക, മുറി വൃത്തിയാക്കുക, ഭക്ഷണം പാകംചെയ്യുക തുടങ്ങിയവ ഞാനാണ് ചെയ്തിരുന്നത്. ഇന്നലെപോലും ഗുരുവിന് ചെരുപ്പ് ഇട്ടുകൊടുത്തത് ഞാനാണ്. എന്നിട്ടുപോലും എന്നെ അറിയാത്ത ആൾ എന്ത് ഗുരുവാണ്? പരമഅബദ്ധമായിപ്പോയി എനിക്ക് പറ്റിയത് എന്നു ചിന്തിച്ച് അയാൾ ആശ്രമം വിട്ടുപോയി.

ഗുരു തിരിച്ചറിയുന്നത് നമ്മുടെ ബാഹ്യമായ മുഖത്തെ അല്ല നമ്മുടെ നിഷ്കളങ്കമായ മുഖത്തെ ആണ്.

കഴിഞ്ഞ 10 വർഷമായിട്ടും അയാളുടെ കയ്യിൽ നിന്ന് ഗുരുവിനെ മനസ്സിൽ പ്രതിഫലിക്കുന്ന തരത്തതിലുള്ള യാതൊരുവിധ നിഷ്കളങ്കമായ പ്രവർത്തിയും ഭാഗത്ത് ഉണ്ടായില്ല.

ഇവിടെ എത്ര വർഷമായി എന്നതിലായിരുന്നില്ല ഊന്നൽ. ഇവിടെ നിൽക്കുന്നു എന്നതിലാണ് ഊന്നൽ. എത്ര നാളായി നീ വർത്തമാനത്തിൽ ജീവിക്കുന്നു എന്നതായിരുന്നു ഗുരുവിന്റെ ചോദ്യം.

ഈ വർത്തമാനത്തിൽ ആണ് ജീവിച്ചത് എങ്കിൽ സ്വാഭാവികമായും മനസ്സിൽ നിഷ്കളങ്കത വരും. നിൻറെ നിഷ്ക്കളങ്കമായ മനസ്സ് എന്നിൽ പ്രതിഫലിക്കും. ആ മുഖം കാണാൻ എനിക്ക് കഴിഞ്ഞില്ല എന്നായിരുന്നു ഗുരു പറഞ്ഞത്തിന്റെ സാരം.

നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകാം, അതു കാര്യമല്ല. നമ്മൾ എത്രപേർ പൂജ ചെയ്തു, ഹോമം ചെയ്തു. എന്തുകൊണ്ടാണ് ദൽഹി രാജേഷ് പൂജാദ്രവ്യങ്ങളൊന്നുമില്ലാതെ ചെയ്ത പൂജ അമ്മ ഓർക്കുന്നത് ? ധർമാമൃത സ്വാമി പറഞ്ഞ കവിത അമ്മ ഓർക്കുന്നത്?

നമ്മുടെ മനസ്സ് നിഷ്കളങ്കമായി ഇരുന്നാൽ മാത്രമേ നമ്മുടെ മുഖം അമ്മയുടെ മനസ്സിൽ പ്രതിഫലിക്കൂ.

എന്താണ് നിഷ്കളങ്കത?
കളങ്കം ഭേദബുദ്ധിയാണ്. നിഷ്കളങ്കത എന്നാൽ ഭേദം ഇല്ലായ്മയാണ്. താനും ഗുരുവും തമ്മിൽ ഒന്നും മറയ് ക്കാതിരിക്കുക. നാമെന്തു ചെയ്തതും ചെയ്യുന്നതും ഗുരു അറിയുന്നുണ്ട്, അമ്മ അറിയുന്നുണ്ട്. നമ്മൾ മറയ്ക്കാൻ ശ്രമിച്ചാൽ നമ്മൾ ഗുരുവിൽ നിന്ന് അകന്നുപോകുന്നു. അത്രയേ ഉള്ളൂ. എന്തായാലും ഗുരു അറിയും.
അതേസമയം നമ്മൾ ചെയ്ത കർമ്മങ്ങൾ, തെറ്റായി കൊള്ളട്ടെ ശരിയായി കൊള്ളട്ടെ, ഗുരുവിനോട് തുറന്നു പറയാൻ ഒരു മനോഭാവം ഉണ്ടാവണം – എ ടൂ സെഡ് പറയണം എന്നല്ല എന്ന് അർത്ഥം.

ശാരീരികമായി എല്ലാ കാര്യങ്ങളും അമ്മയെ ധരിപ്പിക്കാൻ പ്രായോഗികമല്ലല്ലോ. പറയാം. അമ്മയുടെ ചിത്രം നോക്കി പറയാം. അമ്മയുടെ ചിത്രം ചായമല്ല, ചൈതന്യമായി കാണണം. എന്നിട്ടു പറയണം. മാനസികമായി നമ്മൾ അമ്മയുമായി ഒരുമിക്കും. ഭേദബുദ്ധി ഇല്ലാതിരിക്കാം.

ചിലർ പേടികൊണ്ട് നേരിട്ട് പറയാതെ ചിത്രത്തിൽ മാത്രം നോക്കി പറയും. അത് ശരിയല്ല. അതു പ്രേമമല്ല. ഭയമാണ്.

ദേഹ ബുദ്ധ്യാ ദാസോഹം ജീവ ബുദ്ധ്യാ ത്വദംശക
ആത്മ ബുദ്ധ്യാ ത്വമേവാഹം ഇതി മേ നിശ്ചിതാ മതി:

എന്ന് ഹനുമാൻറെ ഭാവം നമുക്ക് വേണം.

തൻറെ ഹൃദയം അമ്മയ്ക്ക് എപ്പോഴും കേറി ഇറങ്ങി പോകാൻ പറ്റുന്ന വിധത്തിൽ ആക്കി വയ്ക്കുക. തുറന്നിടുക. വൃത്തിയാക്കുന്നത് അമ്മയുടെ കടമയാണ്. നമ്മുടെ കടമ അല്ല. അതിനാണല്ലോ അമ്മയെ ആശ്രയിച്ചത്. കണ്ട ചപ്പും ചവറും കൂന കണക്കെ കാണും. അത് അടച്ചുവെക്കരുത്. ഗുരുവിൻറെ മുന്നിൽ തുറന്നിടുക. അതാണ് നിഷ്കളങ്കത. intellectual honesty – ബൗദ്ധികമായ സത്യസന്ധത. അതിന് ധീരത വേണം. അപ്പോൾ ലാളിത്യം വരും ജീവിതത്തിൽ.
അല്ലാതെ അബദ്ധജഡിലമായ അജ്ഞാനജന്യമായ കാര്യങ്ങൾ പൊട്ടത്തരങ്ങൾ ചെയ്തുകൂട്ടുന്നത്, വിളിച്ചു പറയുന്നത് നിഷ്കളങ്കത അല്ല. അത് അറിവുകേടാണ് അജ്ഞാനമാണ്. അതിൽ ആധ്യാത്മിക ഉണർവ് ഉണ്ടാവില്ല.

മാണ്ഡൂക്യ ഉപനിഷത്തും നിഷ്കളങ്കതയും മാണ്ഡൂക്യ ഭാഷ്യത്തിൽ ആചാര്യസ്വാമികൾ പറയുന്നത് ജ്ഞാന പ്രാപ്തിക്കായി വേണ്ട മൂന്ന് കാര്യങ്ങൾ പാണ്ഡിത്യം ബാല്യം മൗനം എന്നിവയാണ്.
പാണ്ഡിത്യം എന്നത് ശ്രുതി ശ്രവണത്തിലൂടെ ആത്മാവിനെകുറിച്ചു ലഭിക്കുന്ന അറിവാണ്.
ബാല്യം എന്നതു ഈ നിഷ്കളങ്കതയാണ്. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ മറക്കാനും പൊറുക്കാനുമുള്ള കഴിവ്, മുൻ വിധികളില്ലാതിരിക്കുക, ജീവിതത്തിലെ ചെറിയചെറിയ സംഭവങ്ങൾ പോലും ആസ്വദിക്കാൻ പഠിക്കുക, ഹൃദയംതുറന്ന് പുഞ്ചിരിക്കാൻ, പൊട്ടിച്ചിരിക്കാൻ കഴിയുക … ഈ കൊച്ചു കുഞ്ഞിൻറെ നിഷ്കളങ്കത ഇതാണ് ആവശ്യം.

താനും ഗുരുവുമായി ഒന്നും മറച്ചു വയ്ക്കാതിരിക്കുന്നത് എന്തിനാണ്? തൻറെ മനസ്സിന് നിയന്ത്രണം ഉണ്ടാവാൻ.
തൻറെ ചിന്തകളേയും വികാരങ്ങളെയും നിയന്ത്രിക്കാൻ തനിക്ക് കഴിയണം.
ജനൽ തുറക്കുന്നതിലൂടെ സൂര്യപ്രകാശം അകത്തു കയറുന്നു.
അതുപോലെ ഗുരുവിനെ മുന്നിൽ നമ്മുടെ ഹൃദയം തുറക്കുന്പോൾ നമ്മുടെ അജ്ഞാനങ്ങൾ തിരിച്ചറിയുന്നു. അബദ്ധ ധാരണകൾ തിരിച്ചറിയുന്നു. അതു മാറ്റാനുള്ള പ്രയത്നം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. അതാണ് നിഷ്കളങ്കത

തൻറെ തെറ്റിനെ ന്യായീകരിക്കാനും മറച്ചുവെക്കാനും അല്ല, തെറ്റിനെ തെറ്റായി തിരിച്ചറിയാൻ – അതിനാണ് നിഷ്കളങ്കത.
അമ്മ തെറ്റാണ് തിരുത്തുന്നത് എന്നറിയാൻ.
അമ്മയ്ക്ക് രാഗ ദ്വേഷങ്ങളില്ല, കാരുണ്യം മാത്രമേയുള്ളൂ എന്നറിയാൻ.
അമ്മയ്ക്ക് പക്ഷാഭേദങ്ങളില്ല, ധർമ്മമേയുള്ളൂ എന്നറിയാൻ.
നമ്മളെ നന്നാക്കാൻ ആണ് ഇത് എന്ന് തിരിച്ചറിയാൻ ഉള്ള മനശുദ്ധി നമുക്കുണ്ടാവണം. അതിനാണ് നിഷ്കളങ്കത.

കടുത്ത വാക്കുകളും ശ്രദ്ധയും
കൂരന്പായ വാക്കുകൾ ഗുരു ഉപയോഗിച്ചേക്കാം നമ്മോടുള്ള ദേഷ്യം കൊണ്ടല്ല നമ്മിലെ ശ്രദ്ധയുണർത്താനാണത്‌.
ദീപാവലി ദിവസം ഭജന കഴിഞ്ഞു പോകുന്പോൾ ദീപാവലി വിളക്കുകളുടെ പശ്ചാത്തലത്തിൽ അമ്മയുടെ ചിത്രം എടുക്കാൻ പോയിനിന്നു.
“ഈ കൊറോണ കാലത്ത് എന്തിനാടാ ഫോട്ടോ എടുക്കുന്നത്. Girlfriend ന് കൊടുക്കാനാണോ?”
ഒരു മാത്ര, ഞാൻ എന്റെ മനസ്സിന്റെ ഉള്ളറകളിൽ കയറി പരതി. ആരെങ്കിലും അവിടെ ഞാനറിയാതെ കയറി ഇരിക്കുന്നുണ്ടോ? ഇല്ല. ഹാവൂ. ആകെ ഉള്ള ഒരു ഫ്രണ്ടേയുള്ളൂ. ഞാൻ അമ്മയെ നോക്കി ചിരിച്ചു.

എൻറെ ശ്രീകൃഷ്ണനുമായി ഇത്രയും നാളത്തെ ജീവിതാനുഭവം വച്ചിട്ട് എനിക്ക് തോന്നുന്നത് ക്ലൈബ്യം മാസ്മ ഗമ പാർത്ഥാ എന്നു പറയുന്നിടത്ത് “അർജ്ജുനാ ഈ ആണും പെണ്ണും കെട്ട സ്വഭാവം നിനക്ക് ചേർന്നതല്ല” എന്നാണ് പറയുന്നത്. പക്ഷേ എനിക്ക് തോന്നുന്നത് ഭഗവാൻ പറഞ്ഞിത് ഇങ്ങിനെ ആയിരിക്കുകയില്ല – കാരണം ഗീത ഉപദേശിക്കുന്പോൾ അവർ തമ്മിൽ 40 വർഷത്തെ സ്നേഹബന്ധം ഉണ്ടായിരുന്നു.

“എടാ മര്യാദക്ക് എഴുന്നേറ്റ് യുദ്ധം ചെയ്യ്. തിന്നു തൂറാനല്ലതെ നിനക്കെന്തറിയും? നിനക്ക് വയ്യെങ്കിൽ അതുപറ. ഞാൻ പെൺപിള്ളേരെ കൊണ്ടുവന്ന് യുദ്ധം ചെയ്യിക്കാം. അവർ വളരെ വൃത്തിയായി ചെയ്യും. യോദ്ധാ പരന്പരക്ക് ചീത്തപ്പേരു കേൾപ്പിക്കാൻ നടക്കുന്നു കുറെയെണ്ണം” എന്നായിരിക്കും.

എൻറെ ഗുരു ലോകത്തിൻറെ ഗുരു
എൻറെ ഗുരുവായതു കൊണ്ടല്ല അമ്മ ലോകത്തിൻറെ ഗുരുവായത്.
എൻറെ അമ്മ ആയതുകൊണ്ടല്ല ലോകത്തിൻറെ അമ്മ ആയത്.

മറിച്ചു ലോകത്തിൻറെ ഗുരു ആയതുകൊണ്ടാണ് അമ്മ എൻറെ ഗുരുവായി മാറിയത്.
ലോകത്തിൻറെ ആത്മാവ് ആയതുകൊണ്ടാണ് അമ്മ എൻറെ ആത്മാവായി മാറിയത്.
ലോകത്തിൻറെ അമ്മയായതുകൊണ്ടാണ് എന്റെ അമ്മയായി മാറിയത്
എന്ന് നമ്മൾ ചിന്തിച്ചാൽ ദുഃഖം ഉണ്ടാവില്ല.
അസൂയയും കുശുന്പും ദേഷ്യവും വൈരാഗ്യവും എല്ലാം ഒഴിവാക്കാൻ ഈ ചിന്താഗതി നമ്മളെ സഹായിക്കും.

ശുദ്ധിയില്ലാതെ ആരും എന്നെ അറിയില്ല.
ഈ അമ്മയെ എങ്ങിനെ അറിയും. കുറെ നാളുകൾക്കുമുൻപ് ഭജന കഴിഞ്ഞു അമ്മ ഒരു കുട്ടിയോട് ദിവസവും സംസാരിക്കാറുണ്ടായിരുന്നു. ചുരുങ്ങിയത് ഒരുമണിക്കൂർ. ആഴ്‌ചകളോളം ഇത് നടന്നു. ഒറ്റക്ക് അമ്മയുടെ കൂടെ സംസാരിച്ചിരിക്കുക.

ഒരുദിവസം അമ്മയുടെ മുറിയിൽ വച്ചായിരുന്നു അവർ സംസാരിച്ചത്. അതുകഴിഞ്ഞു ഞാൻ അമ്മയോട് പറഞ്ഞു – എന്തൊരുഭാഗ്യമാണ് , എത്രനേരമാണ് അവർക്ക് അമ്മയെ കിട്ടുന്നത്.

നല്ല കാര്യമായിട്ടാണ് പറഞ്ഞത്, അസൂയ കൊണ്ടല്ല.

പക്ഷെ അമ്മയുടെ മുഖംമാറി. വളരെ ഗൗരവത്തിലായി.
“എടാ നീ ഇത് പറയരുത്. എത്ര നേരവും എത്ര കാലവും എന്റെ കൂടെ നിന്നിട്ട് കാര്യമില്ല. ചളി പിടിച്ചു കിടക്കുന്ന മനസ്സുകൊണ്ട് അറിയില്ല. മനസ്സിന് ശുദ്ധിയില്ലാതെ ആരും എന്നെ അറിയില്ല.”

“ശരി അമ്മേ ക്ഷമിക്കണേ” എന്ന് മാപ്പ് അപേക്ഷിച്ചു. അതിനുശേഷം ആര് എത്ര നേരം അമ്മയുടെ കൂടെ ഇരുന്നാലും, നടന്നാലും, കിടന്നാലും ഒരുപ്രശ്നവുമില്ല. ഒരു കുശുന്പുമില്ല, ഒരു കൺഫ്യൂഷനുമില്ല.

യാതന്തോപ്യകൃതാത്മാനോ നൈനംപശ്യന്തി അചേതസഃ എന്ന ഗീതാ ശ്ലോകത്തിന്റെ പ്രയോഗിക ഭാഷ്യമായിരുന്നു അത്.

നിൻ തണലിൽ നീ വളർത്തൂ
അമ്മ പറയുന്നു – “ഗീത പഠിക്കുന്നത് കൃഷ്ണനാകാനാണ്.” നമ്മുടെ ജീവിതം ഗീതയായിതീരണം. ഇന്ന് ഈ പുണ്യദിനത്തിൽ – ഇന്ന് ഭഗവദ്ഗീതാ ജയന്തിയാണ് –
അമ്മയുടെ ദിവ്യസാന്നിധ്യത്തിൽ ഇരുന്ന് ഈ വാക്കുകൾ പങ്കുവയ്ക്കാൻ കഴിഞ്ഞതിന് അകമഴിഞ്ഞ കൃതഞ്ജത പ്രകാശിപ്പിക്കുന്നു. എന്റെ ശ്രീകൃഷ്ണനോടുള്ള പ്രാർത്ഥനയാണ്
എന്നെ അറിഞ്ഞു ഞാൻ നിന്നിലെത്തും വരെ നിൻ തണലിൽ നീ വളർത്തൂ..


ദിവസവും ആരതി മണിയടി കേൾക്കുന്പോൾ, “…പരമഹംസ നിലയെ ദേവീ…” എന്ന് ചൊല്ലുന്പോൾ… വീണ്ടും ഒരു ദിവസം കൂടി ഈ അമ്മയെ അറിയാതെ കഴിഞ്ഞു പോയല്ലോ എന്ന് ഓർത്തു നമ്മുടെ ഹൃദയം നീറണം.
ഇന്ന് നമ്മൾ കാണുകയും, നോക്കി ചിരിക്കുകയും, സംസാരിക്കുകയും, കെട്ടിപ്പിടിക്കുകയും, തൊട്ടു തലോടുകയും ചെയ്യുന്ന ഈ അമ്മയുടെ രൂപത്തിൽ നിന്നും,
വിശ്വം മുഴുവൻ നിറഞ്ഞുനിൽക്കുന്ന, സർവചരാചരങ്ങളുടെയും അന്തർധാരയായി വർത്തിക്കുന്ന അമ്മയുടെ വിരാട് രൂപത്തെയും,
അവിടെനിന്നും അമ്മയുടെ ബ്രഹ്മസ്വരൂപത്തെയും തിരിച്ചറിയാനായി, ഞങ്ങളുടെ മനസ്സിനെയെല്ലാം ശുദ്ധമാക്കി സമ്യക് ജ്ഞാനം തെളിയിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, എന്റെ വാക്കുകൾ അർച്ചനാപുഷ്പങ്ങളായി അമ്മയുടെ പാദപദ്മത്തിൽ സമർപ്പിക്കുന്നു.
ഓം തത് സത്

കായേന വാചാ മനസേന്ദ്രിയൈർ വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേർ സ്വഭാവാത്
കരോമി യദ്യദ് ശകലം പരസ്യൈ
അംബാമൃതാ യൈ ഹി സമർപ്പയാമി.