Categories
Amma bliss

അദ്വൈതത്തിന്റെ പ്രേമഭാഷ്യം

നമ്മുടെ വിരല്‍ കണ്ണില്‍ തട്ടിയാല്‍ വിരലിനേയും കണ്ണിനേയും ആശ്വസിപ്പിക്കും. കാരണം അതു നമ്മുടെയാണ്. അതുപോലെ മറ്റുള്ളവന്റെ വേദന നമ്മുടെ വേദനയായി തോന്നണം. മറ്റുള്ളവന്റെ സന്തോഷം നമ്മുടെ സന്തോഷമാകണം.

ആധുനികകലാശാലകളുടെ മുദ്രപത്രങ്ങളൊന്നും കൈയിലില്ലാതെ, സാന്പത്തികമായും സാമൂഹീകമായും, രാഷ്ട്രീയമായും, പിന്‍തുണയൊന്നുമില്ലാതെ, കുടുബമഹിമയൊന്നും അവകാശപ്പെടാനില്ലാതെ വെറും പ്രൈമറി വിദ്യാഭ്യാസംമാത്രമുള്ള അമ്മ തന്റെ നിസ്തുലമായ ജീവിതത്തിലൂടെ ലോകത്തെ മുഴുവന്‍ തന്നിലേക്കാകര്‍ഷിച്ച അതുല്യമായ വ്യക്തിത്വമാണ്. 

അടുത്തറിയുന്പോൾ എന്തൊരു ശാന്തിയാണ് അമ്മയെന്ന ആ വ്യക്തിത്വത്തിന് ! എന്തൊരുന്മത്തതയാണ് ആ പ്രേമത്തിന് ! എത്ര അപാരമാണ് ആ ജ്ഞാനത്തിന്റെ ആഴം! എന്തൊരാധികാരികതയാണ് ആ വാക്കുകള്‍ക്ക്!

പ്രയോഗക്ഷമങ്ങളായ ഉദാത്തമായ ആദര്‍ശങ്ങള്‍. എന്തൊരു ആകര്‍ഷണീയതയാണ് ആ നിഷ്‌ക്കളങ്കതക്ക്! പണ്ഡിതവരേണ്യന്മാര്‍ പോലും തല കുനിക്കുന്ന എളിമയും വിനയവും സൂക്ഷ്മതയാര്‍ന്ന ബുദ്ധിയും, തീക്ഷ്ണതയാര്‍ന്ന യുക്തിയും എല്ലാം അമ്മയില്‍ ഒത്തു ചേര്‍ന്നിരിക്കുന്നു.

ശാസ്ത്രപുരോഗതിയിലൂടെ ഭക്ഷണസാമഗ്രികളുടെ ഉത്പാദനവര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതുമൂലം പട്ടിണി ഒരുപാട് കുറയ്ക്കാന്‍ കഴിഞ്ഞു.  സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പത്തുദിവസം കൊണ്ടുസഞ്ചരിക്കുന്ന ദൂരം രണ്ടു മണിക്കൂര്‍കൊണ്ട് എത്താം. ലോകത്തിന്റെ ഏതുകോണിലിരുന്നും ഏതുസമയത്തും ആരോടും നേരിട്ട് ആശയവിനിമയം നടത്താന്‍ വളരെ എളുപ്പമാണ്. വൈദ്യശാസ്ത്ര രംഗത്തത്തെ കണ്ടുപിടുത്തങ്ങള്‍ പകര്‍ച്ചവ്യാധികളേയും മാരകരോഗങ്ങളേയും തടയാന്‍ സഹായിച്ചിട്ടുണ്ട്.   കംപ്യൂട്ടര്‍ ടെക്‌നോളോജിയും നാനോ ടെക്‌നോളജിയും ബയൊടെക്‌നോളോജിയും എല്ലാം ശാസ്ത്രരംഗത്തു നടത്തുന്ന  മുന്നേറ്റങ്ങള്‍ അത്യത്ഭുതകരമാണ്. അവയെല്ലാം മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടിയിട്ടാണ്.  എന്നിരുന്നാലും സയന്‍സിന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് മനുഷ്യന്  അത്യന്തികശാന്തി തരാന്‍ കഴിയില്ലെന്നത് ചിന്തിക്കുന്ന ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ്.  ആയിരം വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ സുഖസൗകര്യങ്ങള്‍ അനേകായിരം ഇരട്ടി വര്‍ദ്ധിച്ചിട്ടുണ്ടെകിലും മനഃശാന്തി ആയിരത്തിലൊന്നുപോലുംവർദ്ധിച്ചിട്ടില്ല.  ”ശാസ്ത്രം, ക്ലോണിങ്ങിലൂടെ ഒരുപുതിയ മനുഷ്യനെ സൃഷ്ടിച്ചാലും ആ മനുഷ്യന് മനഃശാന്തിയുണ്ടാകുമോ” എന്ന അമ്മയുടെ ചോദ്യം ഇവിടെ പ്രസക്തമാണ്. ആദ്ധ്യാത്മികതയില്‍ മാത്രമാണ് മനഃശാന്തി മനുഷ്യനു ലഭിക്കുക.

സയന്‍സിന്  ലോകം മുഴുവന്‍ വെളിച്ചം കൊടുക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ ഹൃദയമാകുന്ന സ്വന്തം വീട് അപ്പോഴും ഇരുട്ടിലായിരിക്കും. കാരണം സയന്‍സിന്റെ അറിവ്  അപൂര്‍ണ്ണമാണ്. പരീക്ഷണങ്ങളിലൂടെ ലോകത്തില്‍ നിന്ന്  മനുഷ്യന്‍ ശക്തി ആര്‍ജ്ജിക്കുന്നു. പക്ഷേ ശാന്തിയില്ലെകില്‍ ആ ശക്തി തന്നെത്തന്നെ ചുട്ടു കരിക്കുന്നതായിരിക്കും – പുരാണത്തിലെ ഭസ്മാസുരനെപ്പോലെ. യാതൊരു നന്മയും അതില്‍ നിന്ന്  ലോകത്തിന്  പ്രതീക്ഷിക്കാനാവുകയില്ല്യൂ. ശാസ്ത്രപുരോഗതിയോടൊപ്പം മനുഷ്യന് ആദ്ധ്യാന്മീകവളര്‍ച്ചയുമുണ്ടാകണം. 

ഈശ്വരന്‍ = അനുഭവം

“മക്കളെ, ഈശ്വരനെ കണ്ടിട്ടില്ല എന്ന്  വച്ച് ഇല്ല എന്ന്  വാദിക്കാമോ?അപ്പൂപ്പനെ നാം കണ്ടിട്ടില്ല എന്ന്  വച്ച് ആരെങ്കിലും അച്ഛനെ തന്തയില്ലാത്തവനെന്നു വിളിക്കാറുണ്ടോ? ഇല്ല. ഈശ്വരന്‍ സത്യമാണ്, സ്നേഹമാണ്, ജീവന്റെ ജീവനാണ്, ചൈതന്യമാണ്. നമുക്ക് ഒരുപക്ഷേ ബുദ്ധികൊണ്ട് ഈശ്വരനില്ലെന്നോ ഉണ്ടെന്നോ സ്ഥാപിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ബുദ്ധിയിലൊതുങ്ങുന്നതല്ല ഈശ്വരന്‍, ബുദ്ധിക്കപ്പുറമുള്ളതാണ്” എന്ന്  അമ്മ ഐക്യരാഷ്സ്രഭയുടെ സമ്മേളനത്തില്‍ വിളിച്ചറിയിക്കുകയുണ്ടായി.

ഇപ്പോള്‍ നമ്മെ സംബന്ധിച്ചിടത്തോളം ഈശ്വരന്‍ അചേതനമായ ഒന്നാണ് – ഒരു പിടി മണ്ണോ, കല്ലോ, ചായമോ, മരക്കഷ്ണമോ പോലെ – ഒരു ജീവനില്ലാത്ത വസ്തുവാണ്. യഥാര്‍ത്ഥത്തില്‍ ഈശ്വരനെന്നത് ഏറ്റവും ജീവസ്സുറ്റതാണ്. ജീവന്റെ തുടിപ്പാണ്. അത് മനുഷ്യനിലാണ് ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്.

ഈശ്വരനെന്താണെന്ന്  ബുദ്ധികൊണ്ട് അറിയാന്‍ കഴിയില്ല. പക്ഷേ അനുഭവിക്കാം – പ്രേമം പോലെ. പ്രേമമെന്താണെന്ന്  വാക്കാല്‍ വിവരിക്കാന്‍ കഴിയില്ല. പൂര്‍ണ്ണചന്ദ്രനേയും, മലയിടുക്കുകളിലൂടെ ഒഴുകുന്ന നദിയേയും, പൂത്തു നില്‍ക്കുന്ന വൃക്ഷങ്ങളുടെ ഭംഗിയേയും, അവ തഴുകി വരുന്ന മന്ദമാരുതനെയും പറ്റി കവിക്ക് വര്‍ണ്ണിക്കാം, കവിത രചിക്കാം. പക്ഷേ, അത് നേരിട്ട് കാണുമ്പോഴുള്ള, അത് അനുഭവിക്കുമ്പോഴുള്ള ആനന്ദം ഒന്നു വേറെതന്നെയാണ്. വാക്കു കൊണ്ട് എത്രയായാലും അതിന്റെ മധുരിമ കിട്ടില്ല.

ഒരുകൂട്ടര്‍ പറയും ഈശ്വരനെന്നത് വിശ്വാസമാണെന്ന് . മറ്റു ചിലര്‍ പറയും അന്ധവിശ്വാസമാണെന്ന് . പക്ഷേ അമ്മ പറയുന്നത് നോക്കൂ, ‘മക്കളെ, ഈശ്വരനെന്നത് വെറും വിശ്വാസമല്ല. അതനുഭവമാണ്”എന്ന്. ആഴത്തില്‍ ചിന്തിക്കേണ്ട വാക്കുകളാണിവ. വിശ്വാസം എപ്പോഴും അന്ധമാണ്. കാരണം അത് മനസ്സിന്റെയാണ്. അതിനാലാണ് ഗുരുക്കന്മാര്‍ ‘ശ്രദ്ധ” വേണം എന്നു പറഞ്ഞത്. ശ്രദ്ധ – അത് വിവേകബുദ്ധിയില്‍ നിന്നും വരുന്നതാണ്. ശ്രദ്ധയുള്ളവന്‍ കാണുന്നു. ”ദൃശ്യതേത്വഗ്രയാ ബുദ്ധ്യാ..” എന്ന് കഠോപനിഷത്ത്.  

ഈശ്വരനെ അറിഞ്ഞവര്‍, അനുഭവിച്ചവര്‍ ഈശ്വരനില്‍ വിശ്വസിക്കാറില്ല. അന്ധന്  മാത്രമേ പ്രകാശത്തേക്കുറിച്ച് വിശ്വസിക്കേണ്ട ആവശ്യമുള്ളൂ. കാരണം അവന്‍ കണ്ടിട്ടില്ല. കണ്ണുള്ളവന്‍, പ്രകാശത്തെ കാണുന്നവന്‍ ഒരിക്കലും വിശ്വസിക്കാറില്ല. പ്രകാശം  അത് അവന്  അനുഭവമാണ്. അതുപോലെ ഈശ്വരനെ നേരിട്ട് അനുഭവിച്ചറിഞ്ഞ അനുഭൂതിയുടെ ആധികാരികതയിലാണ് അമ്മ പറയുന്നത് ഇരുപത്തിഒന്നാം  നൂറ്റാണ്ടിലെ മനുഷ്യരാശിക്ക്   ശാന്തിയ്ക്കായി വേണ്ടത് ഈശ്വരനെത്തന്നെയാണെന്ന് . “അന്നുതൊട്ടന്യമായി കാണാന്‍ കഴിഞ്ഞില്ല, എല്ലാം എന്റാത്മാവെന്നോര്‍ത്തു” എന്ന്  മൂന്നര ദശാബ്ദങ്ങള്‍ക്ക് മുന്‍പ്  പറഞ്ഞ അമ്മയുടെ കാഴ്ചയുടെ സൂക്ഷ്മത എത്രയാണെന്ന് , ആ സ്വാനുഭവത്തിന്റെ ആഴം എത്രയാണെന്ന് നമുക്ക് ഊഹിച്ചുനോക്കാനാവുമോ ആവോ?

സ്നേഹം=ഈശ്വരന്‍

എന്താണ് ഈശ്വരന്‍? നമുക്കറിയില്ല. അമ്മ പറയുന്നു, ‘സ്നേഹമാണീശ്വരനെന്ന്  .. ..”. സ്നേഹം – അത് എന്താണ്? അതും നമുക്കറിയില്ല. നമുക്കറിയുന്നത് കാമം മാത്രമാണ്. ആഗ്രഹവും, സ്വാര്‍ത്ഥതയും നിറഞ്ഞ സ്നേഹം – അതാണ് കാമം. അത് വെറും കച്ചവടം (ബിസിനസ്സ്) മാത്രമാണ്. നീയെനിക്ക് ഇന്നതു തന്നാല്‍ ഞാന്‍ സ്നേഹിക്കാം. നീ സുന്ദരിയായതുകൊണ്ടാണ് ഞാന്‍ നിന്നെ സ്നേഹിക്കുന്നത് എന്നെല്ലാം പറയുന്പോൾ അത് ഒരു കൊടുക്കല്‍ വാങ്ങലാണ് – കച്ചവടമാണ്.  നമ്മള്‍ എന്നാണ്  ഇതു മനസ്സിലാക്കുക?  

രണ്ടുപേര്‍ തമ്മില്‍ ഉപാധികളോടു (കണ്ടീഷനോടു)കൂടി സ്നേഹിക്കാന്‍ തുടങ്ങുകയാണെങ്കില്‍ അവിടെ സ്നേഹം ഉണ്ടാകില്ല. 

ലോകത്തിന്റെ സ്നേഹത്തെക്കുറിച്ച് അമ്മ പറയുന്നു, ‘പശുവിനെ നമ്മള്‍ സ്നേഹിക്കുന്നത് പാലിനു വേണ്ടിയാണ്. പാല് തരുന്നത് നിര്‍ത്തിയാല്‍ പശുവിനെ കശാപ്പുകാരന്  കൊടുക്കാന്‍ നാം മടിക്കാറില്ല.” ജീവിതത്തിന്റെ നെല്ലും പതിരും തിരിച്ചറിയാന്‍ അധികം ശാസ്ത്ര ജ്ഞാനമോ ബുദ്ധിവൈഭവമോ ഒന്നും വേണ്ട; ഈ ഒരു മന്ത്രം മാത്രം ഉരുവിട്ടു പഠിച്ചാല്‍ മതി. 

ഏതൊരു വസ്തുവിന്റെയും പുറകിലുള്ള സ്നേഹം സ്വാര്‍ത്ഥപരമായ ഒരു ആഗ്രഹത്തിനു വേണ്ടിയാണ്. ഒരു വസ്തുവില്‍ നിന്നും സ്നേഹം കിട്ടിയില്ലെങ്കില്‍ മറ്റൊന്നിനെ നാം ആശ്രയിക്കും. പണവും, പെണ്ണും, പദവിയും, പുകഴും, പൊരുളും, ഇങ്ങനെ മാറി മാറി ഒരിറ്റു സ്നേഹം തേടി നാം അലയുകയാണ്. അവസാനം നിരാശരായി ആത്മഹത്യ ചെയ്യുന്നതാണ് കാണുന്നത്. 

യഥാര്‍ഥത്തില്‍ സ്നേഹം നൈസര്‍ഗ്ഗികമാണ്. പക്ഷേ, നമുക്കതറിയില്ല. കമിതാവിനു വേണ്ടി എന്തു ത്യാഗവും നാം സഹിക്കാന്‍ തയ്യാറായിരിക്കും. അതിനായി ആത്മാഹുതി ചെയ്യേണ്ടി വന്നാല്‍ പോലും അത് സന്തോഷത്തോടെയിരിക്കും നാം ചെയ്യുക. 

സ്നേഹവും ധ്യാനവും

കണക്കിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നമ്മുടെ വ്യവഹാരയാത്ര മുഴുവനും തിരശ്ചീനമായ തലത്തിലാണ് – ശാരീരികമാണ്. സ്നേഹത്തിന്റെ യഥാര്‍ത്ഥതലം ലംബമാണ് – ഹൃദയമാണ്. അവിടെയാണ് അതിന്റെ ഉറവ. സ്നേഹത്തിന്റെ സ്രോതസ്സ് ഈശ്വരനാണ്. ഈശ്വരനില്‍ നിന്ന്  വരുന്ന പ്രേമത്തിന്  മാത്രമേ ശാന്തി നല്‍കാന്‍ കഴിയൂ. ഈശ്വരനാണ് ആ പ്രേമത്തിന്റെ വറ്റാത്ത ഉറവ; പരിശുദ്ധമായ സ്നേഹത്തിന്റെ അടിത്തട്ട്. 

ഈശ്വരന്‍ ഹൃദയത്തില്‍ വസിച്ചിട്ടും നമുക്കെന്തേ സ്നേഹം കണ്ടെത്താന്‍ കഴിയാത്തത് എന്ന് ചിന്തിച്ചേക്കാം. കാരണം നമ്മുടെ സ്നേഹം ശരിയായ അവബോധത്തില്‍ നിന്നുരൂപപ്പെട്ടതല്ല. യഥാര്‍ത്ഥത്തില്‍ ധ്യാനത്തിലൂടെ വേണം ഈ സ്നേഹത്തെ നാം കണ്ടെത്തേണ്ടത്. “സ്നേഹസ്വരൂപത്തെ ധ്യാനിച്ചു നിങ്ങളും സ്നേഹസ്വരൂപമായിത്തീരൂ” എന്ന  അമ്മയുടെ വാക്കുകള്‍ സ്മരണീയമാണ്.  അവ നന്നായി മനനം ചെയ്യേണ്ടതാണ്.

യത് ഭാവയതി തത് ഭവതി” എന്നാണ് ശാസ്ര്തം. എന്തിനെ ചിന്തിക്കുന്നുവോ, ധ്യാനിക്കുന്നുവോ നാം അതായിത്തീരും. നിരന്തരം ധ്യാനിക്കുന്നതിലൂടെ ധ്യാനമൂര്‍ത്തിയുടെ ഗുണങ്ങള്‍ നമ്മിലും പ്രതിഫലിക്കും. അതുകൊണ്ടാണ് അമ്മ സ്നേഹസ്വരൂപത്തെത്തന്നെ ധ്യാനിക്കണം എന്ന്  നിഷ്‌ക്കര്‍ഷിക്കുന്നത്.

ഇന്നത്തെ പ്രണയം മുഴുവന്‍ പ്രളയത്തിലാകാന്‍ കാര്യം ഇന്ന്  നമുക്കുള്ള സ്നേഹം ധ്യാനത്തില്‍ നിന്നും വന്നതല്ല എന്നുള്ളത് കൊണ്ടാണ്. നമ്മുടെ അഹങ്കാരവും, അസൂയയും ആകുന്ന കരട്,  ചെളി എന്നിവ കിടക്കുന്നിടത്തോളം കാലം സ്നേഹത്തിന്റെ തെളിനീര്  ഒരിക്കലും കിട്ടില്ല. യഥാര്‍ത്ഥ ഉറവക്ക്, യഥാര്‍ത്ഥ തെളിനീരിന്  ഒരു കുളിര്‍മ്മയുണ്ട്, മധുരമുണ്ട്, സുഗന്ധമുണ്ട്. അതിന്റേതായ ഒരു പരിശുദ്ധിയുമുണ്ട്. പ്രേമവും അതുപോലെ തന്നെയാണ്. യഥാര്‍ത്ഥ പ്രേമമാണെങ്കില്‍, യഥാര്‍ത്ഥ സ്നേഹമാണെങ്കില്‍ അത് ഈശ്വരനില്‍ നിന്നും വരുന്നതാണ്. അതിന്   ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം കാണാം.

ഞാന്‍ സ്നേഹമാണ്

സ്നേഹം എല്ലാവരിലുമുണ്ട്. കാമമായാലും സ്നേഹമായാലും രണ്ടിന്റേയും അടിസ്ഥാനം ഒന്നുതന്നെയാണ്. അതിന്റെ പ്രകടനത്തിലാണ് വ്യത്യാസം. കാമത്തിന് ചൂടായിരിക്കും. പ്രേമത്തിന് തണുപ്പും. കാമം ടെന്‍ഷനാണ്. പ്രേമം വിശ്രാന്തിയാണ്. കാമം ആക്രമോത്‌സുകമാണ്. പ്രേമം സമര്‍പ്പിതമാണ്. കാമത്തില്‍ അശാന്തിയാണെകില്‍ പ്രേമത്തില്‍ ശാന്തിയായിരിക്കും നാം അനുഭവിക്കുക. രണ്ടിന്റേയും തരംഗങ്ങള്‍ വ്യത്യസ്തമാണ്. പക്ഷേ ഒരേ വികാരമാണ്. രാസപരമായി കല്‍ക്കരിയും കാര്‍ബണാണ്. വൈരവും കാര്‍ബണാണ്. പറഞ്ഞിട്ടെന്തുകാര്യം? കല്‍ക്കരിയിലെ കാര്‍ബണ്‍-കാര്‍ബണ്‍ ബന്ധങ്ങളെ ചിട്ടയിലൊതുക്കി അനേകായിരം വര്‍ഷങ്ങളുടെ മര്‍ദ്ദനമേറ്റ് രൂപാന്തരപ്പെട്ടുണ്ടായതാണ് വൈരക്കല്ല്. അതുകൊണ്ടാണതിന് വിലയും ഭംഗിയും. അതുപോലെ കാമത്തെ സാധനാനുഷ്ഠാനങ്ങളിലൂടെ പാകപ്പെടുത്തി പ്രേമമാക്കി മാറ്റാന്‍ സാധിക്കും. 

സ്നേഹത്തിന്റെ ഉറവ കണ്ടെത്തിയാല്‍ പിന്നെ ആ കരുണാജലം സര്‍വ്വജീവജാലങ്ങളിലും വാരിക്കോരി ഒഴിക്കണം. യാതൊരു മടിയും കുടാതെ, നിരുപാധികമായി കോരിക്കോടുക്കണം. അതാണ് ശാന്തിയിലേക്കുള്ള വഴി.

”ഞാന്‍ നിന്നെ സ്നേഹിക്കുന്നു” എന്ന്  എല്ലാവരും പറയാറുണ്ട്. അമ്മ പറയുന്നു, “അതല്ല ശരി, ഞാന്‍ സ്നേഹമാണ്, സ്നേഹസ്വരൂപമാണ് എന്നാവണം. കാരണം ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന്  പറയുന്പോൾ അവിടെ അകല്‍ച്ചയുണ്ട്. ‘നീ’യുണ്ട് ‘ഞാനു’മുണ്ട്. ഇത് രണ്ടും പോയി സ്നേഹം മാത്രമായിത്തീരണം.” ഞാന്‍ സ്നേഹസ്വരൂപനാകുന്പോൾ സ്നേഹിക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് സാദ്ധ്യമാവില്ല. തിരിയുടെ നാളത്തില്‍ നിന്നും പ്രകാശത്തെ മാറ്റാനാവില്ല. നാളത്തിന്റെ സ്വഭാവമാണ് പ്രകാശം. അതിന്  പ്രകാശിക്കാനല്ലാതെ മറ്റൊന്നിനുമാവില്ല.  

അമ്മ പറയുന്നത് നോക്കൂ, ‘പ്രേമത്തിന്  മതിലുകളില്ല. രണ്ട് രാജ്യങ്ങള്‍ തമ്മിലോ, രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലോ, രണ്ട് വ്യക്തികള്‍ തമ്മിലോ, രണ്ട് മതങ്ങള്‍ തമ്മിലോ പ്രേമത്തിന്  വേര്‍തിരിക്കാനാവില്ല. ഒരു നദി പോലെ ആ പ്രേമം ഒഴുകും. എല്ലാവരേയും തഴുകി തലോടും. അതാണ് യഥാര്‍ത്ഥ ഈശ്വരപ്രേമം, അതാണ് അമ്മ പറയുന്ന സ്നേഹം – ഈശ്വരന്‍. ആ ഈശ്വരനെ നേടുകയെന്നുള്ളതാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. ശാശ്വതമായ ശാന്തിയിലേക്കുള്ള വഴി. 

മറ്റൊന്ന് – പ്രേമം പാര്‍ട്ട്‌ടൈമല്ല. നിശ്ചിത സമയത്തുമാത്രം വേണ്ട ഒന്നല്ല; ചില വ്യക്തികളോടുമാത്രം പ്രദര്‍ശിപ്പിക്കേണ്ട ഒന്നല്ല. അതു നമ്മുടെ ശ്വാസം പോലെയാണ്. തിരക്കില്ലാത്ത സമയത്ത് മാത്രമേ ഞാന്‍ ശ്വസിക്കൂ, ഓഫീസില്‍ ശ്വസിക്കില്ല എന്നുപറഞ്ഞാല്‍ അയാള്‍ക്ക് പിന്നീട് ശ്വസിക്കേണ്ടിവരില്ല! അതുപോലെ തന്നെ പ്രേമവും  കാലദേശങ്ങളെ അതിക്രമിച്ച് പ്രസ്ഫുരിച്ചാല്‍ മാത്രമേ അത് പ്രേമമാവൂ. 

ആ പ്രേമം ആരുടെ ഉള്ളില്‍ നുരഞ്ഞ് പതഞ്ഞ്‌പൊങ്ങി വലിയൊരു നദിയായി ഒഴുകുമോ ആ ജീവിതം ഉത്‌സവമായിത്തീരും; ആ സാന്നിദ്ധ്യം ആനന്ദക്കന്പോളമാകും.

ഊര്‍ജ്ജതന്ത്രം പഠിച്ച് ആരും ആറ്റമാകാറില്ല. ജീവശാസ്ത്രം പഠിച്ച് ആരും തവളയുമാകാറില്ല.  പക്ഷേ ഈശ്വരനെ അറിയുന്നവന്‍ ഈശ്വരനാണ് താനെന്ന് തിരിച്ചറിയുന്നു എന്നതാണ് ആര്‍ഷമതം – ‘ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി.’ 

അദ്വൈതത്തിന് അമൃതഭാഷ്യം

അദ്വൈതം പ്രായോഗികമല്ല; ഒരു തത്ത്വശാസ്ത്രം മാത്രമാണത് എന്നുവാദിക്കുന്നവരുണ്ട്. ആ വാദം ശരിയാണെകില്‍ നമ്മുടെ ജീവിതത്തില്‍ പ്രയോഗിക്കുവാന്‍ പറ്റാത്തത് പഠിച്ചിട്ടെന്തിനാണ്? അത് വെറും സമയം പാഴാക്കലല്ലേ? പക്ഷേ സത്യം അതല്ല.  നമ്മുടെ വിരല്‍ കണ്ണില്‍ തട്ടിയാല്‍ വിരലിനേയും കണ്ണിനേയും ആശ്വസിപ്പിക്കും. കാരണം അതു നമ്മുടെയാണ്. അതുപോലെ മറ്റുള്ളവന്റെ വേദന നമ്മുടെ വേദനയായി തോന്നണം. മറ്റുള്ളവന്റെ സന്തോഷം നമ്മുടെ സന്തോഷമാകണം. അപ്പോഴാണ് നമ്മുടെ ഹൃദയത്തില്‍ നിന്നും കാരുണ്യത്തിന്റെ ജലം ഒഴുകാന്‍ തുടങ്ങുക. യഥാര്‍ത്ഥപ്രേമത്തിന്റെ ഉറവപൊട്ടുക. തന്നെ താന്‍ മറക്കുന്ന അവസ്ഥ. അഹങ്കാരത്തിന്റെ തോടുപൊട്ടി ഒരുമയില്‍ ഒന്നാകുന്നതായിത്തീരുന്ന അദ്വൈതദര്‍ശനത്തിന്റെ പ്രായോഗികത! ആ ദര്‍ശനത്തിന്റെ പ്രായോഗിക വക്താവും പ്രയോക്താവുമാണമ്മ. അദ്വൈതത്തിന് സ്വജീവിതത്തിലൂടെ അമൃതഭാഷ്യം രചിക്കുന്ന അമ്മ തന്റെ ജീവിതത്തിലൂടെ ജനങ്ങള്‍ക്ക് ശാന്തിയും, സമാധാനവും, സദാ പകര്‍ന്നുകൊണ്ടിരിക്കുന്നു. അദ്വൈതം ജീവിതമാണെന്ന് അമ്മ പുനഃസ്ഥാപിക്കുന്നു. 

വേദി ഏതുമായിക്കൊള്ളട്ടെ, അമ്മയ്ക്ക് ഒന്നേ പറയാനുള്ളൂ. ഈശ്വരവിശ്വാസത്തെക്കുറിച്ച്, പ്രേമഭക്തിയെക്കുറിച്ച്, പരസ്പരം സ്നേഹിക്കേണ്ടതിന്റെയും സേവിക്കേണ്ടതിന്റെയും ആവശ്യത്തെക്കുറിച്ച്, ധ്യാനത്തിന്റെ *സാധനാനുഷഠാനങ്ങളുടെ മഹിമയെക്കുറിച്ച് മാത്രമേ  അമ്മയ്ക് പറയുവാനുള്ളൂ. 

നന്മ ചൂണ്ടിക്കാട്ടി, ത്യാഗത്തിന്റെ പാതയിലൂടെ മറ്റുള്ളവരെ സഹായിക്കാനായി സാധാരണക്കാരായ ജനമനസ്സുകളെ പ്രചോദിപ്പിക്കുക,   ആകര്‍ഷിക്കുക എന്നത് വളരെ ദുഷ്‌ക്കരമായ കാര്യമാണ്. അതാണമ്മ അനായാസമായി ഇവിടെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അത് അത്യത്ഭുതാവഹമാണ്. അനിഷേധ്യമായ ഈശ്വരശക്തിയുടെ പ്രഭാവമാണത്. ഈശ്വരന്റെ വിഭൂതിയാണത്. ദൈവീകതയുടെ നിറവാണത്.

– സ്വാമി ധ്യാനാമൃതാനന്ദ 
1992 ൽ എഴുതിയത് 


(* യു.എന്നിന്റെ ( United  Nations ) അകത്തളത്തിലും 1995 ൽ അമ്മ സംസാരിച്ചത് ധ്യാനത്തിന്റെ ആവശ്യകതയെ കുറിച്ചാണ് )