ഉപനിഷത്തുക്കള്‍ വളരെ മനോഹരങ്ങളാണ്. കാരണം അവ ധ്യാനത്തിന്റെ ഔന്നത്യത്തില്‍ നിന്നു വന്നതാണ്. വരെ രസകരമാണ് ആഖ്യാന ശൈലി. നമ്മളും ശ്രദ്ധയുള്ളവരല്ലെങ്കില്‍ , ധ്യാനനിരതരല്ലെങ്കില്‍, ഗുരൂപദേശങ്ങളെല്ലാം, ഉള്‍ക്കൊള്ളാതെ പോകും, എപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും.
for those who cannot read Malayalam, listen to this audio
എന്താണ് ഉപനിഷത്തുക്കള്‍?
ഉപ എന്നാല്‍ അടുത്ത്, ഗുരുവിനു സമീപം. നി എന്നാല്‍ താഴെ നിശ്ശേഷം ധ്യാനത്തില്‍ പരിപൂര്‍ണ്ണമായ ഏകാഗ്രതയോടെ. സദ് എന്നാൽ സ്ഥിതിചെയ്യുക. ഗുരുവിനു സമീപം ധ്യാനപൂര്‍ണ്ണമായ മനസ്സോടെ ഏകാഗ്രതയോടെ. സ്ഥിതിചെയ്യുക എന്നർത്ഥം.
സത്യാന്വേഷിയായി വന്നെത്തുന്ന ശിഷ്യന് നല്‍കുന്ന സദ്ഗുരൂപദേശമാണ് ഉപനിഷത്ത്. വളരെ പവിത്രവും പാവനവുമായ ഈ രഹസ്യം ഗുരുവില്‍ നിന്ന് സ്വീകരിച്ച് ശിഷ്യനും സത്യമായിത്തീരുന്നു.
ഉപനിഷത്തിന് വേദാന്തം എന്നും പറയാറുണ്ട്. ഉപനിഷത്തുക്കള്‍ വേദങ്ങളുടെ അവസാനഭാഗത്തു കാണപ്പെടുന്നതുകൊണ്ടാണിത്. വേദം എന്നാല്‍ അറിവ്. വേദാന്തം എല്ലാ അറിവിന്റെയും അന്തം അവസാനം; നൂതനമായ എന്തോ ഒന്നിന്റെ ആരംഭം.
എങ്ങിനെയാണ് സമീപിക്കേണ്ടത്?
വളരെ ചെറുതാണെങ്കിലും ഗഹനവും ലളിതവുമാണ് കേനോപനിഷത്ത്.
ശിഷ്യന്‍ ഗുരുവിനെ സമീപിച്ച് ചോദിയ്ക്കുകയാണ്: ”ഗുരോ എങ്ങിനെയാണ് എന്റെ മനസ്സ് പുറത്തേയ്ക്കു പോകുന്നത്? എങ്ങിനെയാണ് എന്റെ കണ്ണുകള്‍ കാണുന്നത്? കാതുകള്‍ കേള്‍ക്കുന്നത്?”
ശാരീരിക ധര്‍മ്മങ്ങളെക്കുറിച്ചല്ല ശിഷ്യന്‍ ഇവിടെ ചോദിയ്ക്കുന്നത്, മറിച്ച് അതിന്റെ താത്വിക വശത്തെക്കുറിച്ചാണ്. ഇവിടെ ശിഷ്യന്‍ ചോദിക്കുന്നത് പ്രപഞ്ചരഹസ്യത്തെക്കുറിച്ചാണ്.
ഉദാത്തമായ ചോദ്യങ്ങളില്‍ നിന്നാണ് ഉദാത്തമായ ഉത്തരങ്ങളുണ്ടാകുന്നത്.
ശിഷ്യന് എന്തു ചോദിക്കണം, എങ്ങിനെ ചോദിക്കണം എന്നറിയണം. പശുവില്‍ നിന്ന് പാല് കിട്ടണമെങ്കില്‍ പശുവിന്റെ അകിടു തന്നെ കറക്കണം. കരുണനിറഞ്ഞ ഹൃദയത്തോടെ ഗുരു സുധാമൃതം ചുരത്തുകയാണിവിടെ.
“വത്സാ, മകനേ, ആ സത്യം മനസ്സിന്റെ മനസ്സാണ് , കണ്ണിന്റെ കണ്ണാണ്, കാതിന്റെ കാതാണ് എന്നെല്ലാം ഗുരു ഉപദേശിക്കുന്നു.
സത്യം മനോബുദ്ധികള്‍ക്കതീതമാണ്. വാക്കുകളാല്‍ അവ വെളിപ്പെടുത്തുവാന്‍ സാധ്യമല്ല. ഉപദേശങ്ങളെല്ലാം സത്യത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. അവ ഉപനിഷദ്ദൃഷിയുടെ അപാരമായ ബുദ്ധിവൈഭവമാണ്. കൂടാതെ, ഗുരുവിന്റെ അംഗവിക്ഷേപങ്ങളും, ആ സാന്നിദ്ധ്യവും, നിശ്ശബ്ദതയും സത്യത്തെ ശിഷ്യന്റെ ഹൃദയത്തിലും അനുഭവപ്പെടുത്താന്‍ സഹായകമാകുന്നു.
ഗുരു, അവര്‍ണ്ണനീയമായതിനെ വര്‍ണ്ണിക്കുകയാണ്. വിവരിക്കാനാകാത്തതിനെ വിവരിക്കുകയാണ്. പരിമിതമായ വാക്കുകളില്‍ കൂടി, ശിഷ്യന്റെ ബോധമണ്ഡലത്തെ അനന്തമായ ആത്മതലത്തിലേക്ക് ഉയര്‍ത്തുന്നു. ഇങ്ങനെ കേനോപനിഷത്തിന്റെ ഒന്നാം അദ്ധ്യായത്തില്‍ ഗുരു ബ്രഹ്മവിദ്യ ഉപദേശിക്കുന്നതാണ് നാം കാണുന്നത്.
ഗുരുശിഷ്യ സംവാദം
ഗുരു ശിഷ്യന് ഉപദേശം നല്‍കിയാല്‍ മാത്രം പോരാ. ശിഷ്യന് അതു വേണ്ടവിധത്തില്‍ മനസ്സിലാക്കിയോ എന്നും അന്വേഷിക്കേണ്ടത് ഗുരുവിന്റെ ധര്‍മ്മമാണ്. ശിഷ്യനെ പരീക്ഷിക്കുകയാണ് രണ്ടാം അദ്ധ്യായത്തില്‍.
താന്‍ ചൂണ്ടിക്കാട്ടിയത് ഇവന്‍ കണ്ടുവോ? സാക്ഷാത്കരിക്കേണ്ടത് എന്തിനെയാണ് എന്നു ഇവനു മനസ്സിലായോ? ഗുരുവിനറിയണം. അതുകൊണ്ട് ഗുരു പറയുകയാണ്.
”യദിമന്യസേ സുവേദേതി ഭദ്രമേവാപി നൂനം ത്വം വേഥ ബ്രഹ്മണോ രൂപം ,” വാങ്മനോതീതമായ സത്യത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതെല്ലാം മനസ്സിലായി എന്ന് നീ വിചാരിക്കുകയാണെങ്കില്‍, നീ വളരെക്കുറിച്ചേ മനസ്സിലാക്കിയിട്ടുള്ളൂ”.
സത്യത്തെ അപേക്ഷിച്ച് ഒന്നും തന്നെ മനസ്സിലാക്കിയില്ല എന്നര്‍ത്ഥം.
“ബ്രഹ്മം എന്നത് ഏതെങ്കിലും ദിവ്യമായ എന്തോ ഒന്നാണ് എന്നാണ് നീ ചിന്തിക്കുന്നതെങ്കില്‍, തീര്‍ച്ച, നീ ബ്രഹ്മത്തെപ്പറ്റി ഒന്നും മനസ്സിലാക്കിയിട്ടില്ല. ദ്വൈതത്തിനപ്പുറമാണത്. ബ്രഹ്മത്തെപ്പറ്റി നീ വീണ്ടും അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. എന്താണ് നിന്റെ വിചാരം?”
ശിഷ്യന്‍ ഏകാന്തതയില്‍ മാറിയിരുന്ന് ഗുരൂപദേശത്തെ മനനം ചെയ്ത് തിരിച്ചു വന്നു.
വളരെ വൈരുദ്ധ്യമെന്ന് തോന്നിപ്പിക്കുന്ന ഗുരുവിന്റെ വാക്കുകള്‍ ഒന്നുംതന്നെ ശ്രദ്ധായുക്തനായ ആ ശിഷ്യന്റെ ഹൃദയത്തില്‍ നിന്നും വന്ന അനുഭൂതിയുടെ അറിവിനെ തളര്‍ത്താനായില്ല. ധീരതയോടെ ഗുരുവിനെ സമീപിച്ച് വിനയത്തോടെ ആ പാദങ്ങളെ സമസ്‌ക്കരിച്ചു കൊണ്ട് പറഞ്ഞു “ഉവ്വ് അങ്ങ് പറഞ്ഞത് എനിക്ക് മുഴുവനും മനസ്സിലായി. ”മന്യേവേദിതം”.
എങ്ങിനെയാണ് മനസ്സിലായത്? അടുത്തവരികളില്‍ ഗുരുവുമായുള്ള സംവാദമാണ്.
”നീ വിചാരിക്കുകയാണ് നീ ബ്രഹ്മത്തെ അറിഞ്ഞു എന്ന് , എങ്കില്‍ തീര്‍ച്ചയാണ് നീ അറിഞ്ഞിട്ടില്ല. അത് വെറും ചിന്തയാണ്. യഥാര്‍ത്ഥ അറിവല്ല”.
”അല്ല ഗുരോ, ‘നാഹം മന്യേ സുവേദേതി‘ ഞാന്‍ മനസ്സിലാക്കി എന്ന് ഞാന്‍ വിചാരിക്കുന്നില്ല.”
”ഹ! ഹ! മനസ്സിലാക്കിയില്ലെങ്കില്‍ തീര്‍ച്ചയാണ് നീ അറിഞ്ഞിട്ടില്ല”.
” അല്ല ഗുരോ, ‘നോ ന വേദേതി‘ ‘മനസ്സിലായില്ല എന്നും ഞാന്‍ വിചാരിക്കുന്നില്ല.
”എന്നാല്‍ പിന്നെ എന്താണത് ?”
”പക്ഷേ എനിക്കറിയാം. ‘വേദ ച‘. ഈ ശിഷ്യന്മാരില്‍ ആര് ഇതു മനസ്സിലാക്കിയിട്ടുണ്ടോ അവരെല്ലാം ബ്രഹ്മത്തെ അറിഞ്ഞു കഴിഞ്ഞു. ‘യോ നഃ തദ്‌വേദ, തദ്വേത‘”
“ഏത് ?”
“ഞാനിപ്പോള്‍ പറഞ്ഞ ‘എനിക്കറിയാമെന്നു പറയുന്നില്ല. എനിക്കറിയില്ലെന്നും പറയുന്നില്ല’ ‘നോ ന വേദേതി വേദ ച‘. എന്നത്.
ധ്യാനമനസ്‌കനല്ലാത്ത ഒരുവന്‍ ഇത് എല്ലാം എന്തൊരു വിഡ്ഡിത്തരമാണെന്ന് വിചാരിച്ചേക്കാം. ഒരാള്‍ക്ക് ഒരേ സമയം ഒരു വസ്തുവിനെക്കുറിച്ച് അറിയുകയും അതേ സമയം അറിയാതിരിക്കുകയും ചെയ്യുക.!!
രണ്ടാംതരം അറിവ്
”ബ്രഹ്മം എന്നത് വാക്കാല്‍ പറഞ്ഞ് എച്ചിലാക്കാന്‍ പറ്റുന്നതല്ല. അനുഭവമാണ് ” എന്ന് അമ്മയുടെ വാക്കുകള്‍ നാം ഓര്‍ക്കേണ്ടതാണ്. ബ്രഹ്മത്തെക്കുറിച്ച് പറയുന്നതെല്ലാം രണ്ടാംതരം അറിവാണ്. അവയെല്ലാം മനോബുദ്ധീന്ദ്രിയങ്ങളുടെ പരിമിതികളില്‍ നിന്നാകും. മനോബുദ്ധീന്ദ്രിയങ്ങളുടെ പരിധിയില്‍പ്പെടാതെ ഒന്നിനെ സൂചിപ്പിക്കാനാണ്, വര്‍ണ്ണിക്കാനല്ല ബ്രഹ്മം എന്ന പദം ഉപയോഗിച്ചത്.
“ഗുരോ, അതുകൊണ്ട് ബ്രഹ്മം എന്റെ അറിവിനു വിഷയീഭവിച്ച ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. മനോബുദ്ധീന്ദ്രിയങ്ങള്‍ കൊണ്ട് ഗ്രഹിക്കാന്‍ പറ്റുന്ന ഒന്നല്ല എന്ന് എനിക്കറിയാം..
“അതേസമയം എനിക്കറിയാം ഗുരോ, ബ്രഹ്മം എന്നത് എല്ലാത്തിന്റെയും ആധാരമാണ്; ഉറവിടമാണ് എന്ന്. അതൊന്നിനാലാണ് ബാക്കി എല്ലാം സംഭവിക്കുന്നത്. ആ ബ്രഹ്മമാണ് ബാക്കി എല്ലാത്തിനേയും പ്രാകശിപ്പിക്കുന്നത്. അതിനെ പ്രകാശിപ്പിക്കാന്‍ വോറൊരറിവുമില്ല, ബോധവുമില്ല. അതില്‍ നിന്നും ഭിന്നമായി മറ്റൊന്നില്ല. അതുകൊണ്ട് ബ്രഹ്മത്തെ എനിക്കറിയില്ല.”
ശിഷ്യന്‍ വിദ്യയും അവിദ്യയും അറിയുന്നു. അതിനെ രണ്ടിനേയും പ്രകാശിപ്പിക്കുന്ന തത്വം അനുഭവിച്ചിരിക്കുന്നു. അതുകൊണ്ട് തന്റെ അനുഭവം വാക്കുകളിലൂടെ ഗുരുവിന്റെ പാദകമലങ്ങളില്‍ സമര്‍പ്പിക്കുന്നു. “നോ ന വേദേതി വേദ ച”.
ബ്രഹ്മം അറിവില്‍ നിന്നും, അജ്ഞാനത്തില്‍ നിന്നും മുക്തമാണ് , അതിനപ്പുറമാണ്. ആ അനുഭൂതിയുടെ മധുരത്താല്‍ ശിഷ്യന്‍ നിശ്ശബ്ദനായി മൗനത്തില്‍ ആണ്ടു.
ശ്രുതി പ്രാമാണ്യം
വേദമാതാവായ ശ്രുതിദേവി വളരെ സന്തോഷവതിയായി. കാരണം ഒരാള്‍ കൂടി ബ്രഹ്മത്തെ സാക്ഷാത്ക്കരിച്ചു. ശ്രുതിയുടെ പ്രാമാണ്യവും ആധികാരികതയും ഒന്നുകൂടി തെളിയിക്കപ്പെട്ടു.
ശ്രുതീദേവി, ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദം വീണ്ടും അടുത്ത വരികളില്‍ ആവര്‍ത്തിക്കുകയാണ്. ”ആരോണോ അറിഞ്ഞത് , അവര്‍ക്ക് അജ്ഞാതമാണ്. അറിയാത്തവര്‍ക്ക് അത് ജ്ഞാതമാണ്. അജ്ഞാനികള്‍ക്ക് ജ്ഞാതവും ജ്ഞാനികള്‍ക്ക് അത് അജ്ഞാതമാണ് ” എന്ന്. ‘ആപ്തവാക്യം ശബ്ദഃ’ എന്നാണല്ലോ പ്രാമണം. സത്യത്തെ സാക്ഷാത്ക്കരിച്ചവരുടെ വാക്കുകളാണ് വേദം. അതാണ് പ്രമാണം.
പുഷ്പത്തില്‍ നിന്നും തേന്‍ കുടിച്ച മധുപന്‍ നിശ്ശബ്ദനാകുന്നു. കുടിക്കാത്ത വണ്ടുകളാണ് മൂളി നടന്ന് ശബ്ദമുണ്ടാക്കുന്നത്.
ശ്രീബുദ്ധനോട് അങ്ങ് സത്യം സാക്ഷാത്ക്കരിച്ചോ? എന്താണ് കണ്ടത് എന്ന ചോദ്യങ്ങള്‍ക്കെല്ലാം നിശ്ശബ്ദമായ പുഞ്ചിരി മാത്രമായിരുന്നു.
ചില വണ്ടുകള്‍ കുടിച്ച് മത്തു പിടിച്ച് വീണ്ടും ശബ്ദമുണ്ടാക്കാറുണ്ട്. മറ്റു വണ്ടുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി. അങ്ങനെയുള്ളവരാണ് അമ്മയെപ്പോലുള്ളവര്‍. ലോകോദ്ധാരണത്തിനു വേണ്ടി ജീവിക്കുന്നവര്‍. ”മക്കളേ, എനിക്കൊന്നുമറിയില്ല, ഞാനൊരു ഭ്രാന്തിയാണ് ” എന്നമ്മ പറയാറുണ്ടല്ലൊ. ”സാക്ഷാത് സരസ്വതീദേവി പോലും പഠിച്ചു കൊണ്ടിരിക്കുകയാണ് പിന്നെ അമ്മ എന്തു പറയാനാണ് ?”
അതാണ് അറിവിന്റെ ആഴം. തനിക്കൊന്നുമറിയില്ല എന്നതാണ് യഥാര്‍ത്ഥ അറിവ്.
– സ്വാമി ധ്യാനാമൃതാനന്ദ
(90കളുടെ ആദ്യത്തിൽ എഴുതിയത്)